ഇടുക്കി: ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ വെള്ളം പൂർണ സംഭരണ ശേഷിയുടെ തൊട്ടടുത്തെത്തിയതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഉത്തരവായത്. നിലവിൽ 2382.52 അടിയാണ് വെള്ളത്തിന്റെ അളവ്. മഴ തുടരുന്നതിനാൽ ഡാമിലെ അധിക ജലം ഇന്ന് തുറന്ന് വിടുമെന്നാണറിയുന്നത്.

2403 അടിയാണ് ഡാമിന്റെ പൂർണ സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയായതിനാൽ കഴിഞ്ഞ പത്ത് ദിവസമായി ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. ഒപ്പം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള അധിക ജലവും എത്തുന്നു. ഇതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച് എക്സിക്യൂട്ടീവ് എൻജീനിയർ ഉത്തരവിറക്കിയിരുന്നത്. അതേസമയം പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

അധിക ജലം ഡാമിൽ നിന്നും ഒഴുക്കി വിടുന്നതിനായി മുന്നൊരുക്കങ്ങൾ നടത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ആകെ ജലസംഭരണ ശേഷിയുടെ 82.89 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. അതേസമയം 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ന്നിട്ടില്ല. 138.05 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. തൃശൂരിലെ പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.

മഴ കുറഞ്ഞതിനെത്തുടർന്നു സംസ്ഥാനത്ത് ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടുണ്ട്. മൂന്നാറിലെ കുണ്ടള എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ ഉരുൾപൊട്ടൽ ഉണ്ടായി. രണ്ട് കടമുറികളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി.

അപകടത്തിൽ ആളപായമില്ല. രാത്രി 12മണിക്ക് ശേഷമാണ് സംഭവം. സ്ഥലത്തെ തോട്ടം തൊഴിലളികളെ കുണ്ടള സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. മലയോര മേഖലകളിൽ അതീവ ജാഗ്രത നിർദ്ദേശം തുടരുകയാണ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കലാവസ്ഥ വകുപ്പിന്റ പ്രവചനമുണ്ട്.

മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപൊട്ടി

മൂന്നാൽ കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ ഉരുൾപൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി, ആളപായമില്ല. 175 കുടുംബങ്ങളെ പുതുക്കുടി ഡിവിഷനിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്.

ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയിൽ റോഡ് തകർന്നു. ഗതാഗതം തടസപ്പെട്ടതോടെ വട്ടവട ഒറ്റപ്പെട്ടിരിക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

സംസ്ഥാനത്ത് ഇന്ന് മഴക്ക് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് ഇന്ന് നിലവിലുള്ളത്. മറ്റ് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല.