ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ ആറു മണിക്കു തുറക്കും. 40 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നാണ് അറിയിപ്പ്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ 40 മുതൽ 150 സെന്റിമീറ്റർ വരെ ഉയർത്തുമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചു.

പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിൽനിന്ന് വൻ തോതിൽ വെള്ളം പുറത്തേക്കൊഴുക്കാൻ തുടങ്ങിയതോടെ വള്ളക്കടവിൽ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറുകയാണ്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. സെക്കൻഡിൽ 12,654 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തുറന്നുവിടുന്നത്. 9 ഷട്ടറുകൾ 120 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു.

ഈ സീസണിൽ അണക്കെട്ടിൽനിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ഏറ്റവും ഉയർന്ന അളവാണിത്. ഇതിനു പിന്നാലെ വള്ളക്കടവ്, വണ്ടിപ്പെരിയാർ മേഖലകളിൽ വീടുകളിൽ വെള്ളം കയറിയിരുന്നു.

ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച വൈകിട്ട് 8.30 മുതൽ നിലവിൽ തുറന്നിരിക്കുന്ന 9 ഷട്ടറുകൾ (V1-V9) 120 സെന്റി മീറ്റർ/  (1.20m) അധികമായി ഉയർത്തി 12654.09 ക്യുസെക്‌സ് ജലം പുറത്തുവിടുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിരുന്നു. തുടർന്ന് പത്തുമണിയോടെ മൂന്ന് ഷട്ടറുകൾ (V7,V8,V9 എന്നിവ ) അടച്ചു.

അതേസമയം, മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ അധികമായി ഉയർത്തി കൂടുതൽ വെള്ളം ഒഴുക്കിവിടുന്ന പശ്ചാത്തലത്തിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ വള്ളക്കടവിലെത്തി. അറിയിപ്പില്ലാതെ വീണ്ടും വീണ്ടും വെള്ളം തുറന്നുവിടുന്ന നടപടി വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. താഴേക്കുള്ള സ്ഥലങ്ങളിൽ പൊലീസിനെയും ഫയർഫോഴ്‌സിനെയും സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.

വെള്ളം കയറുന്ന പ്രദേശത്തെ മാറാൻ തയ്യാറായ ആളുകളെ മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചിലർ മാറാൻ തയ്യാറായിട്ടില്ല. ക്യാമ്പുകളിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായാൽ അതിനു വേണ്ട കാര്യങ്ങൾ ചെയ്യും. താൻ പ്രദേശത്തുതന്നെ ഉണ്ടാവുമെന്നും ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

റവന്യൂ മന്ത്രി കെ. രാജനുമായും ചീഫ് സെക്രട്ടറിയുമായും സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ഇടുക്കി അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടുമെന്നും മന്ത്രി അറിയിച്ചു.

സാധാരണയിലും കൂടുതൽ വെള്ളം തുറന്ന് വിടുന്നതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നു കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗർ, നല്ല്തമ്പി കോളനി എന്നിവിടങ്ങളിൽ വെള്ളം കയറി. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി പീരുമേട് തഹസീൽദാർ അറിയിച്ചു.ദുരിതാശ്വാസ ക്യാമ്പുകൾ ക്രമീകരിച്ചു. പലയിടത്തും ആളുകൾ ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.

വൃഷ്ടി പ്രദേശത്ത് ഉച്ചക്ക് ശേഷമുണ്ടായ മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതാണ് മുല്ലപ്പെരിയാറിലെ കൂടുതൽ വെള്ളം പെരിയാറിലേക്ക് തുറന്നു വിടാൻ കാരണമായത്. ഇതിനിടെ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് 2401 അടിയിലെത്തിയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഒരു ദിവസം കൊണ്ട് ജലനിരപ്പിൽ 0.24 അടിയുടെ വർദ്ധനവ് ഉണ്ടായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളമെത്തിയതാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്. 2402 അടിയാണ് റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട ജലനിരപ്പ്. റെഡ് അലർട്ട് പരിധിയിലേക്ക് അടക്കുമ്പോഴും മഴ തുടർന്നാൽ മാത്രം അണക്കെട്ട് വീണ്ടും തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നായിരുന്നു കെഎസ്ഇബി അധികൃതർ നേരത്തെ അറിയിച്ചത്.