കട്ടപ്പന: ഉറങ്ങിക്കിടന്ന ഭാര്യയെ കുടുംബ പ്രശ്നത്തെ തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ശേഷം ഗൃഹനാഥനും ജീവനൊടുക്കിയ സംഭവത്തിന്റെ കാരണം ഇനിയും അവ്യക്തം. പുറ്റടി ഹോളിക്രോസ് കോളേജിന് സമീപം താമസിക്കുന്ന ഇലവനാതൊടികയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇളയ മകൾ ശ്രീധന്യ (18) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കിടപ്പുമുറി കർട്ടനുപയോഗിച്ച് തിരിച്ച് ഒരു വശത്ത് ദമ്പതികളും മറുവശത്ത് ശ്രീധന്യയുമായിരുന്നു കിടന്നിരുന്നത്. ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം രവീന്ദ്രൻ സ്വയം തീകൊളുത്തുകയായിരുന്നു. തുടർന്ന് വീടാകെ തീപടർന്നു. പൊള്ളലേറ്റ ശ്രീധന്യയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഉണർന്നത്.നാട്ടുകാർ എത്തുമ്പോഴേക്കും ദേഹത്ത് തീപടർന്ന ശ്രീധന്യ വീട്ടുമുറ്റത്ത് വീണുകിടക്കുകയായിരുന്നു. തീ അണയ്ക്കാൻ അയൽവാസികൾ മുറിയിൽ കയറിയെങ്കിലും രവീന്ദ്രനും ഉഷയും മരിച്ചിരുന്നു.

തീ പടർന്നപ്പോഴുണ്ടായ തകർന്ന മേൽക്കൂരയിലെ ഷീറ്റുകൾ ദമ്പതികളുടെ ദേഹത്ത് വീണ നിലയിലായിരുന്നു. അതിനിടെ നാട്ടുകാർ ശ്രീധന്യയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലുമെത്തിച്ചു. പൊലീസും ഫയർഫോഴ്സുമെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചത്. അണക്കരയിൽ സോപ്പ് ഉത്പന്നങ്ങൾ വിൽക്കുന്ന 'ജ്യോതി സ്റ്റോഴ്‌സ്' നടത്തുന്നയാളാണ് രവീന്ദ്രൻ. പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയായ ശ്രീധന്യയ്ക്ക് ഇന്ന് അവസാന വർഷ പരീക്ഷയായിരുന്നു. ഇതിനിടെയാണ് ആത്മഹത്യയും ഉണ്ടായിരിക്കുന്നത്.

ഒരു വർഷം മുമ്പ് മൂത്തമകൾ ശ്രുതി വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയ വിവാഹം ചെയ്തിരുന്നു. ഇതിന് ശേഷം രവീന്ദ്രൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതിനിടെ ചില ബന്ധുക്കൾ മകളുമായുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും രവീന്ദ്രൻ വിയോജിച്ചു. സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് സുഹൃത്തായ ബാലകൃഷ്ണനും ബന്ധുക്കളുൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലും മരിക്കുന്നുവെന്ന സൂചന നൽകി രവീന്ദ്രൻ സന്ദേശം അയച്ചിരുന്നു.

ശ്രീധന്യ പുറ്റടി എൻഎസ്‌പി എച്ച്എസ്എസിലെ വിദ്യാർത്ഥിനിയാണ്. മറ്റൊരു മകളായ ശ്രുതി വിവാഹിതയാണ്. ഡിവൈഎസ്‌പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ വണ്ടന്മേട് പൊലീസും കട്ടപ്പനയിൽ നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ഫൊറൻസിക് വിദഗ്ദ്ധർ തെളിവെടുപ്പ് നടത്തി.