ഇടുക്കി: സംസ്ഥാനത്തെ പിന്നോക്കാവസ്ഥയിലുള്ള ജില്ലകളിലൊന്നായ ഇടുക്കിയിൽ അനുവദിച്ച മെഡിക്കൽ കോളജ് ഇടത് വലത് രാഷ്ട്രീയക്കളികളിൽ ഒഴുകിപ്പോകുമോ? കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിയ കോളേജ് ആദ്യവർഷം പിന്നിട്ടശേഷം ഇല്ലാതാകുന്നതിന്റെ രോഷത്തിൽ രാഷ്ട്രീയ കക്ഷികളോട് കടുത്ത എതിർപ്പാണ് ജില്ലയിലെങ്ങും ഉയരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന കാരണം പറഞ്ഞാണ് പഠന നിലവാരത്തിൽ സംസ്ഥാനത്തെ ഒന്നാം സ്ഥാനക്കാരായ കോളജിന് പൂട്ടിടുന്നത്. ഇതോടെ, പതിറ്റാണ്ടുകൾ നീണ്ട ജനങ്ങളുടെ സ്വപ്‌നത്തെ രാഷ്ട്രീയക്കളികളിലൂടെ ഇല്ലാതാകുകയാണ്.

ഇടുക്കിയിൽ കോളജ് ഇല്ലാതായാൽ അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഇപ്പോഴത്തെ പിണറായി മന്ത്രിസഭയ്‌ക്കോ, കോളജ് അനുവദിച്ച് കഴിഞ്ഞ ഒരു വർഷമായ നടത്തിവന്ന ഉമ്മൻ ചാണ്ടി സർക്കാരിനോ ഒഴിഞ്ഞു മാറാനാകില്ലെന്നതാണ് വാസ്തവം. കോളേജ് തുടങ്ങി ഒരു വർഷമായിട്ടും രണ്ടാംവർഷം വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ പഠനം തുടങ്ങുന്നതിന് വേണ്ട അടിസ്ഥാനസൗകര്യം ഒരുക്കാൻ യുഡിഎഫ് സർക്കാർ തയ്യാറായില്ല. പുതുതായി വന്ന പിണറായി സർക്കാരാകട്ടെ ഇക്കാരണത്താൽ കുട്ടികളെ സംസ്ഥാനത്തെ മറ്റു കോളേജുകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചത്. ഫലത്തിൽ ആരോഗ്യരംഗത്ത് പിന്നിലുള്ള ഇടുക്കിപോലൊരു ജില്ലയ്ക്ക് ഏറെ കാത്തിരിപ്പിനുശേഷം ലഭിച്ച മെഡിക്കൽ കോളേജ് ഇല്ലാതാകുകയാണ്.

കൊട്ടിഘോഷിച്ച് കോളേജ് തുടങ്ങിയെങ്കിലും രണ്ടാംവർഷം പഠനം തുടരുന്നതിന് വേണ്ട തുടർ സൗകര്യങ്ങളൊരുക്കുന്നതിൽ യുഡിഎഫ് സർക്കാരിന് വീഴ്ച വന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് എൽഡിഎഫ് ആരോപണം. അതേസമയം, ഇനി എത്ര സമയത്തിനുള്ളിൽ സൗകര്യമൊരുക്കാനാകുമെന്ന് വ്യക്തമാക്കാൻ പുതിയ സർക്കാരും തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. പുതിയ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ സാധ്യതയില്ലെന്നു ആരോഗ്യവകുപ്പ് സെക്രട്ടറി ഇന്നലെ വ്യക്തമാക്കിയതോടെ മെഡിക്കൽ കോളജ് ഇടുക്കിക്ക് നഷ്ടമാകുകയാണെന്ന ആശങ്ക ശക്തമായി.

കഴിഞ്ഞ ജൂൺ 27ന് വിദ്യാർത്ഥികൾ നടത്തിയ അനിശ്ചിതകാല സമരത്തോടെയാണ് നാടകീയ നീക്കങ്ങൾക്ക് തുടക്കം കുറിച്ചത്. കോളജിന് ആവശ്യമായ സൗകര്യങ്ങളില്ലെന്നാരോപിച്ചാണ് സമരം ആരംഭിച്ചത്. ഒരു താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾപോലും ഇല്ലാതെ പ്രവർത്തിച്ചിരുന്ന ജില്ലാ ആശുപത്രിയോട് ചേർന്നാണ് ഇടുക്കിയിൽ കോളജ് ആരംഭിച്ചത്. എന്നാൽ ഒന്നാം വർഷ പരീക്ഷകളുടെ ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയശതമാനം ഇടുക്കി മെഡിക്കൽ കോളജിനായിരുന്നു. രണ്ടാംവർഷം മുതൽ രോഗികളോടുത്തുള്ള പഠനക്രമീകരണങ്ങളാണ് കുട്ടികളുടെ സിലബസിലുള്ളത്.

എന്നാൽ മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള ആശുപത്രിയിൽ ഇതിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടിയില്ല. ഇടുക്കിയിലേക്ക് നിയമിക്കുന്ന പ്രഫസർമാർക്ക് ഇരിക്കുന്നതിനുള്ള മുറികൾ ഇല്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതുമൂലം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് നിയമന ഉത്തരവുമായി വരുന്ന പ്രഫസർമാരും മറ്റ് ജീവനക്കാരും ഉടൻതന്നെ മറ്റിടങ്ങളിലേയ്ക്ക് നിയമനം മാറ്റിവാങ്ങി പോകുകയാണ്. ഇതുമൂലം രണ്ടാംവർഷവും ക്ലാസ് മുറികളിൽ ഇരുന്നുള്ള പുസ്തകപഠനം മാത്രമാണ് നടക്കുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മെയ് അവസാന വാരം ആരംഭിക്കേണ്ടിയിരുന്ന നാലാം സെമസ്റ്റർ ജൂൺ പൂർത്തിയായിട്ടും തുടങ്ങാൻ കഴിഞ്ഞിട്ടില്ല.

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിർദ്ദേശിക്കുന്ന സൗകര്യങ്ങളുടെ നാലിലൊന്നുപോലും ഒരുക്കാത്തതിനാലാണ് ക്ലാസുകൾ ഇനിയും ആരംഭിക്കാത്തതെന്നാണ് കുട്ടികൾ പറയുന്നത്. ഡെർമെറ്റോളജി, ഓർത്തോപിഡിക്, പീഡിയാട്രിക്, ഇ എൻ ടി, ഒഫ്ത്താൽമോളജി എന്നീ ക്ലിനിക്കൽ വിഷയങ്ങളാണ് നാലാം സെമസ്റ്ററിൽ പഠിക്കാനുള്ളത്. 30 അദ്ധ്യാപകരും 24 അനുബന്ധ ജീവനക്കാരും ഈ വിഷയങ്ങൾക്കായി വേണമെങ്കിലും ഒരാൾപോലും എത്തിയിട്ടില്ല. ടി ബി, ചെസ്റ്റ്, ഇ എൻ ടി എന്നിവയ്ക്ക് നാല് അദ്ധ്യാപകരാണുള്ളത്.

സർജറി വിഭാഗങ്ങൾക്കായി ഓപ്പറേഷൻ തീയേറ്റർ സംവിധാനങ്ങളില്ല. പാതോളജി, മൈക്രോബയോളജി, ഫാർമസ്യോളജി എന്നിവയ്ക്കുള്ള ലബോറട്ടറികളില്ല. തിടുക്കപ്പെട്ട് കെട്ടിടം മാത്രമൊരുക്കി കോളേജ് തുടങ്ങിയ യുഡിഎഫ് സർക്കാർ രണ്ടാംവർഷത്തെ കഌസുകൾക്ക് വേണ്ട സൗകര്യങ്ങൾ ആശുപത്രിയിൽ കൊണ്ടുവരാതിരുന്നതാണ് തിരിച്ചടിയായയത്. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് എന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടന മഹാമഹം നടത്തിയ കെട്ടിടം ഇപ്പോൾ നോക്കുകുത്തിയാണ്. അതേ അവസ്ഥയായി ഇപ്പോൾ ഇടുക്കി മെഡിക്കൽ കോളേജിനും.

അതേസമയം, എൽഡിഎഫ് സർക്കാരും വിദ്യാർത്ഥികളും ഒത്തുകളിച്ച് വിദ്യാർത്ഥികളെ ഇവിടെനിന്ന് മാറ്റാൻ നടപടിയെടുക്കുകയായിരുന്നു എന്ന് യുഡിഎഫുകാർ ആരോപിക്കുന്നു. തങ്ങളുടെ ബുദ്ധിമുട്ട് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരെ നേരിട്ട് കണ്ട് അറിയിച്ചുവെന്നും 15 ദിവസത്തിനകം സൗകര്യമൊരുക്കാമെന്നാണ് ഉറപ്പ് ലഭിച്ചിരിക്കുന്നതെന്നും സമരക്കാർ അറിയിച്ചിരുന്നു. സമയബന്ധിതമായി കാര്യങ്ങൾ നടക്കാത്തതിനാലാണ് അനിശ്ചിതകാല സമരം തുടങ്ങുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ഇതേസമയം രണ്ടാം വർഷ വിദ്യാർത്ഥികളെ സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് സമര ദിവസംതന്നെ മെഡിക്കൽ കോളജിൽ എത്തിയിരുന്നുവത്രെ. ഒരു ദിവസംകൊണ്ടുതന്നെ അനിശ്ചിതകാല സമരം തീർന്നു. ഇതേതുടർന്നു നടത്തിയ അന്വേഷണത്തിൽ, വിവിധ കോളജുകളിലേക്ക് മാറ്റുന്നതും സംബന്ധിച്ചു വിദ്യാർത്ഥികളും അധികൃതരും തമ്മിൽ ധാരണയുണ്ടാക്കിയിരുന്നതായി വിവരം ലഭിച്ചു. വിദ്യാർത്ഥികളെ മാറ്റുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാകുമ്പോൾ ജനങ്ങളിലുളവാകുന്ന പ്രതിഷേധം ഒഴിവാക്കാനായി സമരപ്രഹസനമാണ് നടന്നതെന്ന് ആരോപണമുയരുന്നുണ്ട്. . തിരുവനന്തപുരത്തേയ്ക്ക് 18, കോഴിക്കോട് 10, തൃശൂർ 7, ആലപ്പുഴ 6, കോട്ടയം 8 എന്നീ ക്രമത്തിലാണ് വിദ്യാർത്ഥികളെ മാറ്റിയത്.

2011-ലെ ബജറ്റിലാണ് യു. ഡി. എഫ് സർക്കാർ ഇടുക്കിയിൽ മെഡിക്കൽ കോളേജ് അനുവദിച്ചത്. ഇടുക്കി അടക്കം 5 മെഡിക്കൽ കോളേജുകളാണ് അനുവദിക്കപ്പെട്ടത്. എന്നാൽ ഇന്ത്യയുടെ ചരിത്രത്തിൽതന്നെ ആദ്യമായാണ് അനുവദിക്കപ്പെട്ട മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യമില്ല എന്നാരോപിച്ച് രണ്ടാം വർഷമായപ്പോഴേയ്ക്കും വിദ്യാർത്ഥികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുന്നത്. വിദ്യാർത്ഥികളെ മാറ്റിയതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ ഈ വർഷം പ്രവേശനമുണ്ടാകില്ലെന്ന് അറിയിച്ചത്.

മെഡിക്കൽ കോളജ് വിഷയത്തിലെ രാഷ്ട്രീയക്കളികൾ ഏറെ വിവാദമുയർത്തിയിരുന്നതാണ്. മെഡിക്കൽ കോളജിലെ വികസനം കടലാസിൽ മാത്രമാണെന്നാരോപിച്ച് ഇടതുരാഷ്ട്രീയ സംഘടനകൾ മുൻ സർക്കാരിന്റെ കാലത്ത് നിരവധി സമരങ്ങൾ നടത്തിയിരുന്നു. ഇതേസമയം യു. ഡി. എഫ്, തങ്ങളുടെ നേട്ടമായി കോളജ് അനുവദിച്ചതിനെ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇതേച്ചൊല്ലി ഏറെ കോലാഹലങ്ങളുണ്ടായി. സൗകര്യങ്ങൾ യഥാസമയം സജ്ജമാക്കുന്നതിൽ മുൻ സർക്കാർ പരാജയപ്പെട്ടുവെന്നാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നു മനസിലാകുന്നത്. എന്നാൽ ഭരണമാറ്റത്തിനുശേഷം ജില്ലയിലെ ഇടതുനേതാക്കൾ മുഖ്യമന്ത്രിയെയും മറ്റ് കണ്ട് ഇടുക്കിയിലെ വിഷയങ്ങൾ ശ്രദ്ധയിൽപെടുത്തി.

ഇതിൽ മെഡിക്കൽ കോളജിലെ പ്രശ്്‌നവും ഉൾപ്പെട്ടു. അടിയന്തിര നടപടികൽ ഉണ്ടാകുമെന്നു മുഖ്യമന്ത്രിയും മറ്റും ഉറപ്പ് നൽകിയതായും നേതാക്കൾ അറിയിച്ചു. എന്നാൽ ഇതിനു പിന്നാലെയാണ് വിദ്യാർത്ഥികളെ മാറ്റി ഉത്തരവുണ്ടായത്. കുട്ടികളെ മാറ്റുകയല്ല, മറിച്ച് ആവശ്യമായ സൗകര്യങ്ങൾ നടപ്പാക്കുകയാണ് വേണ്ടതെന്ന് യു. ഡി. എഫ് ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെ മാറ്റി കോളജ് ഇല്ലാതാക്കി മുൻ സർക്കാരിന്റെ ഭറണനേട്ടത്തെ ഇല്ലാതാക്കാനാണ് ഇടതുസർക്കാർ ശമിക്കുന്നതെന്നും യു. ഡി. എഫ് ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുമ്പോഴും ഇടുക്കിയിലെ ജനങ്ങളാണ് വലിയ നഷ്ടത്തിൽ രോഷം കൊള്ളുന്നത്. ആതുരസേവനരംഗത്ത് വളരെ പിന്നോക്കാവസ്ഥയിലാണ് ഇടുക്കി ജില്ല. അത്യാസന്ന നിലയിലുള്ള ഓരു രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ നൂറു കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യേണ്ട ഗതികേടാണ് ഇടുക്കിക്കാർക്കുള്ളത്. തൊട്ടടുത്ത് കോട്ടയത്തും തമിഴ്‌നാട്ടിലെ തേനിയിലുമാണ് മെഡിക്കൽ കോളജുകളുള്ളത്. ജില്ലയുടെ വിവിധയിടങ്ങളിൽനിന്നും ഈ മെഡിക്കൽ കോളജുകളിലേക്കും കൊച്ചിയിലെ ഒന്നാം നിര ആശുപത്രികളിലേക്കും 140 കിലോമീറ്റർ വരെ യാത്ര ചെയ്യണം.

വിദ്ഗ്ധ ചികിത്സ ലഭിക്കാതെ നൂറുകണക്കിനാളുകളാണ് അപകടങ്ങളിലുൾപ്പെടെ ഇടുക്കിയിൽ മരിച്ചിട്ടുള്ളത്. മെഡിക്കൽ കോളജ് യാഥാർഥ്യമായതിന്റെ ആഹ്ലാദം താൽകാലികം മാത്രമാണെന്നറിഞ്ഞതോടെ ശക്തമായ പ്രതിഷേധമുയർത്താൻ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആലോചന തുടങ്ങി. ഇതേസമയം മെഡിക്കൽ കോളജിന്റെ പേരിൽ ജനങ്ങലുടെ കണ്ണിൽ പൊടിയിട്ട് പരസ്പരം ആരോപണങ്ങളുന്നയിച്ച് കളിക്കുകയാണ് ഇടതുവലതു മുന്നണികൾ.