കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഇടുക്കി മോഡൽ രാഷ്ട്രീയ പരീക്ഷണത്തിന് സിപിഐ(എം). ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷണ സമിതിയുമായുള്ള സഹകരണത്തിന് സമാനമായ ബന്ധം മലയോര വികസന സമിതിയുമായി ഉണ്ടാക്കാനാണ് ശ്രമം. തിരുവമ്പാടി സീറ്റിനെ ചൊല്ലി മലയോര വികസന സമിതിയും യുഡിഎഫും തമ്മിലുള്ള അകൽച്ച പരമാവധി ഉപയോഗപ്പെടുത്താനാണ് നീക്കം. ഇത് സമീപ പ്രദേശത്തെ കുടിയേറ്റ മേഖലകളിലും ഗുണം ചെയ്യുമെന്നാണ് സിപിഐ(എം) തീരുമാനം.

തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ മലയോര വികസന സമിതിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് സിപിഐ(എം). മലയോര വികസന സമിതിയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ജില്ലാ സെക്രട്ടറി പി.മോഹനൻ വ്യക്തമാക്കി. മലയോര വികസന സമിതിയുടെ നിലപാട് പരിഗണിക്കുമെന്നും രൂപതയുടെ വികാരങ്ങളെ എതിർക്കില്ലെന്നും മോഹനൻ വ്യക്തമാക്കി. സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ പി മോഹനൻ പ്രാഥമിക ചർച്ച തുടങ്ങി. കോൺഗ്രസും മുസ്ലിം ലീഗുമായുള്ള തർക്കത്തെ പരമാവധി തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താനാണ് സിപിഐ(എം) നീക്കം.

മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് മലയോര വികസന സമിതിയുടെ നിലപാട് അറിഞ്ഞതിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ. ഇതിനിടെ സിപിഎമ്മുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മലയോര വികസന സമിതിയും വ്യക്തമാക്കി. തങ്ങളുമായി സഹകരിക്കാനുള്ള സിപിഐ(എം) നീക്കം രാഷ്ട്രീയ മുതലെടുപ്പായി കാണുന്നില്ലെന്ന് സമിതി നേതാവ് ചാക്കോ കാളപ്പറമ്പിൽ വ്യക്തമാക്കി. സമിതിയുടെ വികാരം മനസിലാക്കുന്നത് ഇടതുപക്ഷമാണ്. സ്ഥാനാർത്ഥി ആരെന്ന കാര്യം സിപിഎമ്മുമായി ചർച്ച ചെയ്യുമെന്നും മലയോര വികസന സമിതി നേതാവ് വ്യക്തമാക്കി. ഇതോടെ തിരുവമ്പാടിയിൽ മലയോര വികസന സമിതിയുടെ സ്ഥാനാർത്ഥിക്ക് ഇടത് പിന്തുണയുണ്ടാകുമെന്ന് ഉറപ്പായി.

മലയോര വികസന സമിതിയെ ഒപ്പം ചേർക്കാൻ സിപിഎമ്മിന് മുന്നിൽ രണ്ട് വഴികളാണ് ഉള്ളത്. രൂപതയടക്കമുള്ളവർക്ക് താത്പര്യമുള്ളയാളെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കുക. അല്ലെങ്കിൽ മലയോര വികസന സമിതിയുടെ പേരിൽ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കി പിന്തുണ പ്രഖ്യാപിക്കുക. ഇതടക്കമുള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാമെന്ന നിലപാടാണ് മലയോര വികസന സമിതിയും സ്വീകരിച്ചിരിക്കുന്നത്. ഏത് ഫോർമുലയും സിപിഐ(എം) സ്വീകരിക്കുമെന്നാണ് സൂചന. താമരശ്ശേരി രൂപതയുമായുള്ള പിണക്കം മാറ്റാനും ഇതിലൂടെ കഴിയുമെന്ന് സിപിഐ(എം) വിലയിരുത്തുന്നു.

തിരുവമ്പാടി സീറ്റ് കോൺഗ്രസുമായി വച്ചുമാറാൻ സന്നദ്ധമാണെന്ന് അറിയിച്ച്, മുസ് ലിം ലീഗ് ജനറൽ സെക്രട്ടറിയായിരിക്കെ പി.കെ. കുഞ്ഞാലിക്കുട്ടി 2011ൽ ഉമ്മൻ ചാണ്ടിക്ക് നൽകിയ കത്ത് പുറത്തായ സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി സിപിഐ(എം) രംഗത്തെത്തിയത്. തിരുവമ്പാടിയിൽ താമരശേരി രൂപത പിന്തുണക്കുന്ന മലയോര വികസന സമിതിയുമായി രൂപം കൊള്ളുന്ന ധാരണ വഴി ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും നേട്ടം കൈവരിക്കാമെന്നാണ് സിപിഐ(എം) വിലയിരുത്തൽ. മലയോര വികസന സമിതി നേതാക്കൾ സിപിഐ(എം) ഉൾപ്പെടെയുള്ള പാർട്ടികളുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തിട്ടുണ്ട്.

അതേസമയം, ലീഗ് ഉമ്മൻ ചാണ്ടിക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്ന ആവശ്യം മലയോര വികസന സമിതി ആവർത്തിച്ചു. കത്ത് പുറത്തായ സംഭവത്തിലെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ കുടിയേറ്റ കർഷകരിലുണ്ടായ വികാരം കണക്കിലെടുത്ത് 2016ൽ സീറ്റ് കോൺഗ്രസിനു നൽകാമെന്നാണ് കുഞ്ഞാലിക്കുട്ടി കൈമാറിയ കത്തിലെ ചുരുക്കം. പകരം കോൺഗ്രസിന്റെ മറ്റൊരു സീറ്റ് ലീഗിന് നൽകണമെന്നും കത്തിലുണ്ട്. കത്ത് 2011 മാർച്ച് 30നാണ് ഉമ്മൻ ചാണ്ടിക്ക് കൈമാറിയത്. എന്നാൽ ഇതെല്ലാം അവഗണിച്ച് തിരുവമ്പാടിയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു.

അതിനിടെ തിരുവമ്പാടി സീറ്റിൽ തങ്ങളുടെ നിലപാട് കടുപ്പിച്ച് വീണ്ടും ലീഗും രംഗത്ത് എത്തി. ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റുന്ന പതിവ് മുസ്ലിം ലീഗിനില്ലെന്നും, ഒരു കാരണവശാലും തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കില്ലെന്നും കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു. തിരുവമ്പാടി സീറ്റിന്റെ പേരുപറഞ്ഞ് ലീഗിനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ ശക്തിയായി ചെറുക്കും .ഇക്കാര്യത്തിൽ മലയോര വികസന സമിതിയുടെ നിലപാട് സഭയ്ക്കുണ്ടെന്ന് കരുതുന്നില്ലെന്നും മുസ്ലിം ലീഗ് ജില്ലാ നേതൃത്വം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇത്തരം കരാറുകൾ സ്വാഭാവികമാണെന്നും, അതുകൊണ്ട് കരാറിനെ ഗൗരവത്തിലെടുക്കേണ്ടെന്നമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.