- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഫീസിൽ വൈകിയെത്തി നേരത്തെ മടങ്ങാം; ദിവസം മൂന്നു മണിക്കൂർ ജോലിയെടുത്താൽ വേതനം അരലക്ഷത്തിലേറെ കിട്ടും; ഇടുക്കി പ്ലാനിങ് ഓഫീസിൽ സർവീസ് ചട്ടങ്ങൾ കാറ്റിൽപ്പറത്തി രണ്ടു വനിതാ ജീവനക്കാരുടെ തന്നിഷ്ടം
ഇടുക്കി: നിങ്ങൾ സർക്കാർ സർവീസിൽ ജോലിയുള്ള വനിതയാണോ? വീട്ടിൽ മകളുണ്ടോ? ഭർത്താവിന് നൈറ്റ് ഷിഫ്റ്റിലാണോ പണിയെടുക്കേണ്ടത്? എങ്കിൽ ഓഫീസിൽ വൈകിയെത്തുകയും രണ്ടു മണിക്കൂർ മുമ്പെങ്കിലും മടങ്ങുകയും ചെയ്യാം. ദിവസം പരമാവധി നാലു മണിക്കൂറോളം ജോലി ചെയ്തു ശമ്പളം വാങ്ങി കുടുംബത്തിൽ സന്തോഷമായി കഴിയാം. കേട്ടാൽ ഏതു വനിതാ ജീവനക്കാരും ഹാപ്പിയാകും,
ഇടുക്കി: നിങ്ങൾ സർക്കാർ സർവീസിൽ ജോലിയുള്ള വനിതയാണോ? വീട്ടിൽ മകളുണ്ടോ? ഭർത്താവിന് നൈറ്റ് ഷിഫ്റ്റിലാണോ പണിയെടുക്കേണ്ടത്? എങ്കിൽ ഓഫീസിൽ വൈകിയെത്തുകയും രണ്ടു മണിക്കൂർ മുമ്പെങ്കിലും മടങ്ങുകയും ചെയ്യാം. ദിവസം പരമാവധി നാലു മണിക്കൂറോളം ജോലി ചെയ്തു ശമ്പളം വാങ്ങി കുടുംബത്തിൽ സന്തോഷമായി കഴിയാം. കേട്ടാൽ ഏതു വനിതാ ജീവനക്കാരും ഹാപ്പിയാകും, ഉറപ്പ്.
ഇത് പക്ഷേ സർക്കാർ നൽകുന്ന ആനുകൂല്യമല്ല, ഇടുക്കിയിലെ കാടിനു നടുവിലെ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പ്ലാനിങ് ഓഫീസിൽ പതിനായിരങ്ങൾ ശമ്പളം കൈപ്പറ്റുന്ന ഗസറ്റഡ് റാങ്കിലുള്ള രണ്ടു വനിതാ ജീവനക്കാർക്ക് പ്ലാനിങ് ഓഫീസർ കനിഞ്ഞു നൽകിയിരിക്കുന്ന 'അവകാശ'മാണ്. രാവിലെ 11 മണിയോടെ ഓഫീസിലെത്തുകയും മൂന്നു മണിയോടെ ഓഫീസ് വിടുകയും ചെയ്യുന്ന രണ്ടുജീവനക്കാരാണ് സംസ്ഥാനത്തെ മുഴുവൻ ജീവനക്കാർക്കും പേരുദോഷമുണ്ടാക്കുകയും ഇടുക്കിയിലെ ജനങ്ങളെ വിഡ്ഡികളാക്കുകയും ചെയ്യുന്നത്. ജൂനിയർ സൂപ്രണ്ടും മറ്റൊരു ജീവനക്കാരിയുമാണ് തങ്ങളുടെ സൗകര്യാർത്ഥം ജോലി ചെയ്യുന്നത്. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിനായി ലഭിക്കുന്ന ഒരു മണിക്കൂർ കൂടി കണക്കിലെടുത്താൽ ഇവർ പ്രതിദിനം ജോലി ചെയ്യുന്നത് വെറും മൂന്നു മണിക്കൂർ മാത്രം. അവധി ദിനങ്ങൾ ഒഴിവാക്കി നോക്കിയാൽ മാസം ജോലി ചെയ്യേണ്ടത് 75 മണിക്കൂർ. ശമ്പളം അരലക്ഷത്തിനു മീതേ. നാട് നന്നാകാൻ ഇനിയെന്തു വേണം ?
കാര്യമായ പണിയില്ലാതെ ഉദ്യോഗസ്ഥർ സൊറ പറഞ്ഞിരിക്കുന്ന ഓഫീസിലല്ല ഇവരുടെ ജോലി. തീരുമാനം കാത്തു കിടക്കുന്ന നൂറുകണക്കിന് ഫയലുകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. ത്രിതല പഞ്ചായത്തുകളുടെയും എം. പിയുടെയും ഫണ്ടുകളുടെ ഫയലുകൾ അനുമതിക്കായി എത്തുന്നതിവിടെയാണ്. ജില്ലയിലെ രണ്ടു നഗരസഭകളുടെയും പഞ്ചായത്തുകളുടെയും കൂടാതെ ജില്ലാ വികസനസമിതിയുടെ ഫയലുകളും യഥാസമയം ക്രമീകരിച്ചു നൽകണം. സാമ്പത്തിക വർഷം അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിലും ഫയലുകൾ കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷമാണ്. മറ്റു ജീവനക്കാർ പലരും അഞ്ചു മണി കഴിഞ്ഞും കൃത്യനിർവഹണത്തിലേർപ്പെട്ടു ജോലി തീർക്കാൻ പെടാപ്പാട് പെടുമ്പോഴാണ് വനിതാ ജീവനക്കാരുടെ തന്നിഷ്ടം തുടരുന്നത്.
രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ജീവനക്കാർ കൃത്യമായി ജോലി ചെയ്യണമെന്ന 2012 ലെ സർക്കാർ ഉത്തരവിന് ഇവിടെ പുല്ലുവിലയാണ്. ജീവനക്കാർ 15 കിലോമീറ്ററിനുള്ളിൽ താമസിക്കണമെന്ന നിബന്ധനയും ഇവിടെ അപ്രസക്തമാകുന്നു. ജില്ലയ്ക്കു പുറത്തു പോകാൻ വകുപ്പുതല സംസ്ഥാന മേധാവിയുടെ അനുമതി ആവശ്യമാണെന്ന നിബന്ധന അപ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടിയാലും സമയനിഷ്ഠ പാലിക്കാതെയുള്ള കൃത്യനിർവഹണം അംഗീകരിക്കപ്പെടാൻ കഴിയില്ലെന്ന മറ്റ് ജീവനക്കാരുടെ വാദത്തിനും ഈ വനിതാ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ബന്ധപ്പെട്ടവർ ചെവി കൊടുക്കുന്നില്ല. ഇവർ സമയനിഷ്ഠ പാലിക്കുന്നില്ലെന്ന മറ്റ് ജീവനക്കാരുടെ ആക്ഷേപം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
ജീവനക്കാരുടെ പരാതിയെ തുടർന്നു ഒരാഴ്ച നിരീക്ഷണം നടത്തിയപ്പോൾ എല്ലാ ദിവസവും നേരത്തെ ഓഫീസ് വിട്ടുപോകുന്നത് കണ്ടെത്താനായി. ഇതേക്കുറിച്ച് അവരോടുതന്നെ ചോദിച്ചപ്പോൾ 'ഞങ്ങൾക്ക് ഇതിന് പ്ലാനിങ് ഓഫീസറുടെ അനുവാദം കിട്ടിയിട്ടുണ്ട്' എന്നായിരുന്നു പ്രതികരണം. തന്റെ മകൾ വീട്ടിലുണ്ടെന്നും ഭർത്താവിന് രാത്രിയിലാണ് ജോലിയെന്നും വീട് എറണാകുളത്താണെന്നും ഒരു ഉദ്യോഗസ്ഥ പറഞ്ഞു. സർക്കാർ വക ക്വാർട്ടേഴ്‌സുകളിലും ഹോസ്റ്റലിലും താമസിച്ചു ജോലി ചെയ്തു, ആഴ്ചയിലൊരിക്കൽ മാത്രം വീട്ടിൽ പോയി കുടുംബാംഗങ്ങളോടൊപ്പം കഴിയുന്ന പതിനായിരക്കണക്കിന് വനിതാ ജീവനക്കാരെ കൊഞ്ഞനം കുത്തുന്ന പ്രവൃത്തിയാണ് ഇടുക്കി പ്ലാനിങ് ഓഫീസിലെ വനിതാ ജീവനക്കാരുടേതെന്ന് ഇതര ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.