മൂന്നാർ: കഞ്ചാവിനടിമയായ മകൻ, അങ്കനവാടിയിലെ ആയയായ സ്വന്തം അമ്മയെ പിഞ്ചുകുഞ്ഞുങ്ങൾക്ക് മുന്നിലിട്ട് വെട്ടിക്കൊല്ലുന്നു. സ്ഥലത്തെത്തിയ പൊലീസിന് നടന്നതെന്തെന്ന് വ്യക്തമായി. പക്ഷെ സാക്ഷികൾക്കും പ്രതികൾക്കും പ്രായപൂർത്തിയായിട്ടില്ല. പ്രതിയെ കിട്ടാതെ തൊണ്ടി കണ്ടെത്താനോ തുടർ നടപടിയെടുക്കാനോ ആകില്ല. പക്ഷെ പതിനേഴുകാരന്റെ ബാലാവകാശങ്ങൾ പൊലീസിന് വിലങ്ങുതടിയായി. എന്തു ചെയ്യും? അവിടെ ശരിയായ പൊലീസ് ബുദ്ധി ഉണർന്നു. ഇടുക്കിയുടെ ഹൈറേഞ്ചിനെയൊന്നാകെ ത്രസിപ്പിച്ച ആ കുറ്റാന്വേഷണ കഥ കാണാം...

ഒരു വർഷം മുമ്പാണ് മൂന്നാറിനെ ഞെട്ടിച്ച് ഗുണ്ടുമല എസ്റ്റേറ്റിലെ രാജഗുരു എന്ന വീട്ടമ്മയുടെ കൊലപാതകം നടക്കുന്നത്. ശിശുപരിപാലന കേന്ദ്രത്തിലെ ആയയായ അവരെ പിഞ്ചുകുഞ്ഞുങ്ങളുൾപ്പെടെ സ്ഥലത്തുള്ളപ്പോഴാണ് ക്രൂരമായി വെട്ടിക്കൊല്ലുന്നത്. കണ്ണൻദേവൻ എസ്റ്റേറ്റ് ബെന്മോർ ഡിവിഷനിൽ കഴിഞ്ഞ ഫെബ്രുവരി 14 നാണ് കൊല്ലപ്പെടുന്നത്.

സംശയത്തെത്തുടർന്ന് ആറുമാസത്തോളം മകനെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ മകൻ രാജ്കുമാർ തന്നെയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് പതിനേഴ് വയസ് മാത്രമായിരുന്നു രാജ്കുമാറിന് പ്രായം. ജുവനൈൽ നിയമങ്ങൾ പ്രകാരം കസ്റ്റഡിയിൽ എടുക്കണമെങ്കിലും ചോദ്യം ചെയ്യണമെങ്കിലും ഏറെ കടമ്പകളുണ്ട്. മാത്രവുമല്ല, ഒറ്റയ്ക്ക് ചോദ്യം ചെയ്യൽ നടപ്പില്ലതാനും. കുറ്റം തെളിഞ്ഞാലും കാര്യമായ ശിക്ഷ കിട്ടുകയുമില്ല. അപ്പോൾ പിന്നെ എന്തുചെയ്യും? അവിടെയാണ് പൊലീസ് ബുദ്ധി പ്രവർത്തിച്ചത്.

പ്രതിക്ക് പതിനെട്ടു തികയുന്നതുവരെ കാത്തിരിക്കുക. ഈ സമയത്ത് പലയിടത്തായി ഒളിവിൽ കഴിഞ്ഞിരുന്ന രാജ്കുമാറിനെ കണ്ടെത്താൻ പൊലീസ് കാര്യമായി ശ്രമിച്ചില്ല. ജനങ്ങൾ പല ആക്ഷേപങ്ങളുയർത്തിയെങ്കിലും പൊലീസ് മിണ്ടാതിരുന്നു. അങ്ങനെ കാത്തിരുന്ന നാൾ വന്നെത്തി, രാജ്കുമാറിന് പ്രായപൂർത്തിയായി. ഈ സമയം പൊലീസ് മൊബൈൽ ടവർ ലൊക്കേഷനും മറ്റും പരിശോധിച്ച് ഇയാൾ തമിഴ്‌നാട്ടിലാണെന്ന് കണ്ടെത്തി. അവിടെവച്ച് അറസ്റ്റും ചെയ്തു.

മൂന്നാർ സിഐ സാംജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പിടികൂടിയ ഉടനെ വിശദമായി ചോദ്യം ചെയ്തതോടെ തൊണ്ടിമുതൽ കണ്ടെത്തി. അപ്പോഴാണ് അടുത്ത ട്വിസ്റ്റ്. കൊലയാളിയായ മകനെ സംരക്ഷിച്ചതും ആയുധങ്ങളും ആഭരണങ്ങളും ഒളിപ്പിച്ചതും പിതാവ് മണികുമാറാണെന്ന്. ഉടൻ തന്നെ ഇയാളെയും പിടികൂടി കേസിൽ പ്രതിചേർത്തു. ബൈക്കും മാലയും വാങ്ങിക്കൊടുക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കഞ്ചാവിന് അടിമയായ രാജ്കുമാർ, അമ്മയെ കൊന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. എന്തായാലും കേസന്വേഷണത്തിൽ പൊലീസ് അനാസ്ഥ കാട്ടുന്നുവെന്നാരോപിച്ച അതേ ഹൈറേഞ്ച് നിവാസികൾ ഇപ്പോൾ പൊലീസ് ബുദ്ധിയെ പുകഴ്‌ത്തുകയാണ്.