തൊടുപുഴ: ഇടുക്കി പൊന്മുടിയിലെ കെഎസ്ഇബി ഭൂമി വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് എം.എം.മണിയുടെ മരുമകൻ വി.എ.കുഞ്ഞുമോൻ. പൊന്മുടിയിൽ റവന്യൂഭൂമി ഉണ്ടെന്നു വിശ്വസിക്കുന്നില്ല. ഒഴിപ്പിച്ചാൽ നഷ്ടം നൽകേണ്ടി വരും. ഒഴിയേണ്ടിവന്നാൽ ബാങ്ക് നിയമനടപടി സ്വീകരിക്കുമെന്നും കുഞ്ഞുമോൻ പറഞ്ഞു.

കെഎസ്ഇബി ഭൂമി ലഭിച്ച സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് കുഞ്ഞുമോൻ. ഇദ്ദേഹം പ്രസിഡന്റായ ഇടുക്കി രാജാക്കാട് സഹകരണ ബാങ്കിനു ടൂറിസം പദ്ധതിക്കായി വൈദ്യുതി ബോർഡിന്റെ ഭൂമി അനുവദിച്ചത് അന്നു വകുപ്പുമന്ത്രിയായിരുന്ന എം.എം.മണിയുടെ അറിവോടെയാണെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

2019 ൽ എം.എം.മണി വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് രാജാക്കാട് സർവീസ് സഹകരണ ബാങ്കിനു ഹൈഡൽ ടൂറിസം പദ്ധതി നടപ്പാക്കാനായി 15 വർഷത്തേക്കാണു പൊന്മുടി അണക്കെട്ടിനോടു ചേർന്ന 21 ഏക്കർ ഭൂമി പാട്ടത്തിനു നൽകിയത്. ഈ ഭൂമി സർക്കാർ പുറമ്പോക്കാണെന്ന് ഉടുമ്പൻചോല തഹസിൽദാർ 2019 ഒക്ടോബറിൽ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു.

റീസർവേ 351ൽ ഉൾപ്പെട്ട കാച്ച്‌മെന്റ് ഏരിയയിലാണ് ഹൈഡൽ ടൂറിസം സെന്റർ നിർമ്മിച്ചതെന്നും തഹസിൽദാരുടെ റിപ്പോർട്ടിലുണ്ട്. കെഎസ്ഇബി ഹാജരാക്കിയ രേഖകൾ പ്രകാരം 351, 352 സർവേ നമ്പറുകളിലായി യഥാക്രമം 8.7, 826. 87 ഹെക്ടർ ഭൂമി സർക്കാർ പുറമ്പോക്കായി ഉണ്ടെന്നാണു റവന്യു വിഭാഗത്തിന്റെ വാദം. സർവേ രേഖകൾ പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

പൊന്മുടി അണക്കെട്ടു പ്രദേശത്തെ 21 ഏക്കർ ടൂറിസം പദ്ധതിക്കായി അനുവദിക്കണമെന്നാണു കുഞ്ഞുമോൻ പ്രസിഡന്റായ രാജാക്കാട് സർവീസ് സഹകരണ ബാങ്ക്, കേരള ഹൈഡൽ ടൂറിസം സെന്ററിന് (കെഎച്ച്ടിസി) അപേക്ഷ നൽകിയത്. മന്ത്രിയായിരുന്ന മണി 2019 ഫെബ്രുവരി 6നു വിളിച്ചുചേർത്ത ടൂറിസം സെന്ററിന്റെ ഭരണസമിതി യോഗം ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചതായി വൈദ്യുതി ബോർഡിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 28നു ബോർഡിന്റെ മുഴുവൻ സമയ ഡയറക്ടർമാർ യോഗം ചേർന്നാണു 15 വർഷത്തേക്കു ഭൂമി അനുവദിച്ചത്.

രാജാക്കാട് സഹകരണ ബാങ്കും കെഎച്ച്ടിസിയും വരുമാനം പങ്കിടാമെന്നായിരുന്നു വ്യവസ്ഥ. 80% ബാങ്കിനും 20% കെഎച്ച്ടിസിക്കും. ഇതിൽ 15% ബോർഡിനു നൽകണം. ഭൂമിയുടെ ഉടമസ്ഥാവകാശം ബോർഡിൽ നിക്ഷിപ്തമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, ഹൈഡൽ ടൂറിസത്തിനായി രാജാക്കാട് സൊസൈറ്റിക്കു ഭൂമി നൽകാനുള്ള തീരുമാനം വൈദ്യുതി ബോർഡിന്റേതാണെന്ന് എം.എം.മണി പറഞ്ഞു. ഏറ്റവും ഉയർന്ന തുക ക്വോട്ട് ചെയ്തവർക്കാണു ഭൂമി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


അതേ സമയം ഹൈഡൽ ടൂറിസം സെന്റർ പ്രവർത്തിക്കുന്ന കെഎസ്ഇബി ഭൂമിയിൽ റവന്യു അധികൃതരുടെ പരിശോധന വൈകും. കെഎസ്ഇബിക്കു നോട്ടിസ് നൽകിയ ശേഷം ഇന്നു പരിശോധന നടത്താനായിരുന്നു റവന്യു വകുപ്പിന്റെ തീരുമാനം. എന്നാൽ അണക്കെട്ടും പരിസരവും ഡാം സുരക്ഷാ വിഭാഗത്തിന്റെ അധീനതയിലാണ്. അതുകൊണ്ട് ഡാം സുരക്ഷ അഥോറിറ്റി ചെയർമാനാണൊ, അതല്ല കെഎസ്ഇബി ചീഫ് എൻജിനീയർക്കാണൊ നോട്ടിസ് നൽകേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് റവന്യു വിഭാഗം.

ഇക്കാര്യത്തിൽ വ്യക്തത വന്നാൽ ഉടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ പറഞ്ഞു. നോട്ടിസ് നൽകി ഒരാഴ്ച സമയം അനുവദിച്ച ശേഷമായിരിക്കും പരിശോധന. കഴിഞ്ഞദിവസം ഇവിടെ പരിശോധനയ്‌ക്കെത്തിയ റവന്യു സംഘത്തെ രാജാക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും എം.എം.മണി എംഎൽഎയുടെ മകളുടെ ഭർത്താവുമായ വി.എ.കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. കെഎസ്ഇബി അധികൃതരുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധന നടത്താൻ അനുവദിക്കൂ എന്നാണു സിപിഎം നിലപാട്.

അണക്കെട്ടുകളോടു ചേർന്നുള്ള ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും കൃഷിക്കും അനുവാദമില്ല. കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലെ മൂന്നുചെയിൻ മേഖലകളിൽ കൃഷിഭൂമിക്കു പട്ടയം നൽകിയാൽ ഡാമിന്റെ സുരക്ഷയെ ബാധിക്കുമെന്നു കെഎസ്ഇബി നിലപാടെടുത്തത് ഈ കാരണം പറഞ്ഞാണ്. പൊന്മുടി അണക്കെട്ടിനു താഴെയുള്ള കൃഷി ഭൂമിക്കും പട്ടയം ലഭിച്ചിട്ടില്ല. എന്നാൽ പൊന്മുടി അണക്കെട്ടിന്റെ അധീനതയിലുള്ള ഭൂമി ഹൈഡൽ പാർക്ക് നിർമ്മിക്കാൻ പാട്ടത്തിനു നൽകിയതിൽ ഡാം സുരക്ഷാ വിഭാഗത്തിനും വീഴ്ച സംഭവിച്ചതായാണ് വിദഗ്ദ്ധർ പറയുന്നത്.

ടൂറിസം വികസനത്തിനു ബോർഡിന്റെയും സർക്കാരിന്റെയും അനുമതിയില്ലാതെ സൊസൈറ്റികൾക്കു സ്ഥലം വിട്ടു നൽകിയെന്ന വൈദ്യുത ബോർഡ് ചെയർമാൻ ബി.അശോകിന്റെ ഫേസ്‌ബുക് പോസ്റ്റിനു ശേഷമാണ് പൊന്മുടി ഉൾപ്പെടെയുള്ള ഹൈഡൽ ടൂറിസം സെന്ററുകളുടെ ഭൂമി ഇടപാടുകൾ വിവാദമായത്. കഴിഞ്ഞദിവസം അശോക് ഫേസ്‌ബുക് പോസ്റ്റ് പിൻവലിച്ചെങ്കിലും ക്രമക്കേടുകൾ ഇല്ലാതാവില്ലെന്നാണു പ്രതിപക്ഷ സംഘടനകൾ പറയുന്നത്.