മൂന്നാർ: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ്പ് റോഡിൽനിന്നു പാറപൊട്ടിച്ചു കടത്തിയ സംഭവത്തിൽ നാലര കോടിമാത്രം പിഴയീടാക്കാനുള്ള ജില്ലാ ജിയോളജിസ്റ്റിന്റെ റിപ്പോർട്ടു തള്ളി ജില്ലാ കളക്ടർ. പകരം അനധികൃതമായി പൊട്ടിച്ച പാറയുടെ വിലയും ജി.എസ്.ടി.യും ഈടാക്കാൻ കളക്ടർ വ്യാഴാഴ്ച സർക്കാറിന് ശുപാർശ നൽകും. ഇതുപ്രകാരം കരാറുകാരൻ 30 കോടി രൂപയോളം സർക്കാരിൽ അടയ്‌ക്കേണ്ടിവരും. റവന്യൂ മന്ത്രി കെ.രാജന്റെ നിർദേശപ്രകാരമാണ് കളക്ടർ പുതിയ റിപ്പോർട്ട് നൽകുന്നത്.

അതേസമയം അനധികൃത പാറപൊട്ടിക്കലിൽ നടപടി കൈക്കൊണ്ടപ്പോഴാണ് ജില്ലാ കലക്ടർ എച്ച് ദിനേശനെ മാറ്റിയത്. ഷീബാ ജോർജ്ജാണ് പുതിയ കലക്ടർ. ഇതോടെ കരാറുകാർക്കെതിരെ നടപടി വരുമോ എന്ന കാര്യത്തിലാണ് വ്യക്ത്ത കൈവരേണ്ടത്. റോയൽറ്റിക്കും പിഴയ്ക്കും പുറമേയാണ് പൊതുമരാമത്ത് നിരക്ക് അനുസരിച്ച് പാറയുടെ വിലയും ജി.എസ്.ടിയുംകൂടി ഈടാക്കണമെന്നാവശ്യപ്പെട്ടുള്ള കളക്ടറുടെ റിപ്പോർട്ട്. മൂന്നാറിലെ ഗ്യാപ്പ് റോഡിൽനിന്നു 2.5 ലക്ഷം ക്യുബിക്ക് മീറ്റർ പാറ (50,000 ടിപ്പർ ലോഡ്) കരാറുകാരൻ പൊട്ടിച്ച് കടത്തിയതായി കളക്ടർ നിയോഗിച്ച ഉടുമ്പൻചോല, ദേവികുളം താലൂക്ക് സർവേയർമാരുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് റിപ്പോർട്ട് ദേവികുളം സബ് കളക്ടർക്ക് നൽകി.

ഈ റിപ്പോർട്ട് കൂടുതൽ പരിശോധനകൾക്കായി ജില്ലാ ജിയോളജിസ്റ്റിന് കൈമാറുകയും ഇദ്ദേഹം നാലര കോടി രൂപ പിഴമാത്രം കരാറുകാരനിൽനിന്നു ഈടാക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. വിചിത്രമായ ഈ റിപ്പോർട്ടു സംബന്ധിച്ച് മാതൃഭൂമി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റവന്യൂ മന്ത്രി കെ.രാജൻ വിഷയത്തിൽ നേരിട്ട് ഇടപെട്ടു. സർക്കാരിന് നഷ്ടമുണ്ടായത് ഉൾപ്പെടെ പാറയുടെ വില ഈടാക്കാനും നടപടിയെടുക്കാനും മന്ത്രി കളക്ടർക്ക് നിർദ്ദേശം നൽകി.

സർക്കാർ നിയമമനുസരിച്ച് പൊതുമരാമത്ത് വകുപ്പിന്റെ നിരക്ക് അനുസരിച്ചാണ് പാറവില നിശ്ചയിക്കുക. ക്യുബിക്ക് മീറ്ററിന് 900 രൂപയാണ് നിരക്ക്. രണ്ടര ലക്ഷം ക്യുബിക് മീറ്റർ പാറയ്ക്ക് ഇരുപത്തിരണ്ട് കോടി അറുപത് ലക്ഷം രൂപ വില നൽകേണ്ടിവരും. ഇതിന്റെ 12 ശതമാനമാണ് ജി.എസ്.ടി. ഇതിന് പുറമേ ജിയോളജി വകുപ്പ് നിശ്ചയിച്ച റോയൽറ്റിയും പിഴയും അടക്കം 4.5 കോടി രൂപ കൂടി ഈടാക്കും. അനധികൃത പാറ പൊട്ടിച്ച കരാറുകാരനിൽനിന്നു മൊത്തം 30 കോടി രൂപയോളം ഈ കണക്ക് അനുസരിച്ച് ഈടാക്കേണ്ടിവരും.

ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ സർവ്വേയർമാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പാറ പൊട്ടിച്ച് നീക്കിയ ദേവികുളം ഗ്യാപ്പ് റോഡിലാണ് അനധികൃതമായി പാറഖനനം നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം സംഘം പരിശോധന നടത്തുന്നത്. ഇത് സംബന്ധിച്ച് അന്വേഷണ സംഘം ഒരാഴ്‌ച്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ സർവ്വേയർമാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്.

പ്രദേശത്തു നിന്നും ഖനനം ചെയ്ത പാറകൾ റോഡു പണികൾക്ക് ഉപയോഗിച്ചുണ്ടോയെന്ന കാര്യത്തിലടക്കം സംഘം പരിശോധന നടത്തുന്നുണ്ട്. ദേശീയ പാത നിർമ്മാണത്തിന്റെ മറവിൽ വലിയ തോതിൽ പാറ ഖനനം നടത്തിയിട്ടുള്ളതായി മുൻ സബ് കളക്ടർ രേണുരാജ് സർക്കാരിന് റിപ്പോർട്ടു നിൽകിയിരുന്നു. പിന്നീട് സന്ദർശനം നടത്തിയ എൻ ഐ ടി സംഘവും കണ്ടെത്തൽ ശരിവച്ചു.

മാസങ്ങൾക്ക് ഗ്യാപ്പ് റോഡ് ഭാഗത്തു നിന്നും പൊട്ടിച്ച പാറകൾ മറ്റൊരിടത്തേക്ക് കൊണ്ട് പോകുന്നതിനിടയിൽ വാഹനം റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. വാഹനത്തിൽ കടത്തിയത് ഗ്യാപ്പ് റോഡിൽ നിന്നുള്ള പാറകളാണെന്ന് കണ്ടെത്തുകയും ജില്ലാ ഭരണകൂടം ഇടപെട്ട് തുടർ നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലാണ് ഇപ്പോൾ പരിശോധനകൾ നടന്ന് വരുന്നത്.