- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടണിൽ നഴ്സാകാനുള്ള ആദ്യടെസ്റ്റ് പാസായത് 352 ഇന്ത്യൻ നഴ്‌സുമാർ; രണ്ടാംഘട്ടം കടന്നത് വെറും മൂന്നുപേർ; അറിവില്ലായ്മ പാഴാക്കുന്നത് വമ്പൻ അവസരം
ലണ്ടൻ: കേരളത്തിൽ നിന്നും പാശ്ചാത്യ നാടുകളിൽ ഏറ്റവും അധികം പേർ ജോലി ചെയ്യുന്നത് നഴ്‌സിങ് മേഖലകളിൽ ആണെന്ന് സംശയം വേണ്ട. അനേകം മലയാളി നേഴ്‌സുമാരാണ് ഇംഗ്ലണ്ട്, അയർലന്റ്, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തോടെ ജോലി ചെയ്യുന്നത്. ഇവിടങ്ങളിലേക്ക് നഴ്‌സുമാരെ നിയമിക്കാൻ അനേകം ഏജൻസികൾ രംഗത
ലണ്ടൻ: കേരളത്തിൽ നിന്നും പാശ്ചാത്യ നാടുകളിൽ ഏറ്റവും അധികം പേർ ജോലി ചെയ്യുന്നത് നഴ്‌സിങ് മേഖലകളിൽ ആണെന്ന് സംശയം വേണ്ട. അനേകം മലയാളി നേഴ്‌സുമാരാണ് ഇംഗ്ലണ്ട്, അയർലന്റ്, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തോടെ ജോലി ചെയ്യുന്നത്. ഇവിടങ്ങളിലേക്ക് നഴ്‌സുമാരെ നിയമിക്കാൻ അനേകം ഏജൻസികൾ രംഗത്തുണ്ട്. അവയിൽ പലതും വ്യാജ വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയാണ്. അടുത്ത വീട്ടിലെ അമേരിക്കക്കാരി നഴ്‌സിനെ പോലെ വേഗം സമ്പന്നയാകാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന നഴ്‌സുമാരിൽ പലരും ലക്ഷങ്ങളാണ് ഏജന്റുമാർക്ക് കൊടുത്ത് വെറുതെ കളയുന്നത്.
എന്നാൽ ഇവിടങ്ങളിലെ കർക്കശമായ നിയമ വ്യവസ്ഥയിൽ യോഗ്യത ഉള്ളവർക്ക് മാത്രമേ അങ്ങോട്ട് പോവാൻ പറ്റൂ. യോഗ്യത ഉണ്ടെങ്കിൽ ഏജന്റുമാരുടെ ആവശ്യവും ഇല്ല. ഇനി അഥവാ ഏജന്റുമാർ വഴി പോകുന്നെങ്കിൽ അവർക്ക് നയാ പൈസ കൊടുക്കേണ്ട കാര്യമില്ല. ഇവരെ റിക്രൂട്ട് ചെയ്യുന്ന തൊഴിൽ ഉടമകൾ തന്നെ ഏജന്റുമാർക്ക് ഫീസ് നൽകുന്നുണ്ട്. അനേകായിരം മലയാളി നഴ്‌സുമാരെ രക്ഷിച്ച ബ്രിട്ടൺ ഏതാനും വർഷങ്ങളായി കർക്കശമായ നിയമങ്ങൾ ആണ് നടപ്പിലാക്കുന്നത്.
ഇടക്കിടെ നിയമങ്ങൾ പ്രഖ്യാപിക്കുകയും ഇളവ് വരുത്തുകയും ചെയ്ത ബ്രിട്ടണിലേക്ക് യോഗ്യത ഉള്ള നഴ്‌സുമാർക്ക് ഇപ്പോഴും അനായാസം പോവാം. എന്നാൽ ഒരു പൈസ പോലും ഏജൻസിക്ക് കൊടുക്കേണ്ടതുമില്ല. ഐഇഎൽറ്റിഎസ് എല്ലാ വിഷയങ്ങളിലും ഏഴ് ഉണ്ടാവുക എന്നതാണ് അടിസ്ഥാന യോഗ്യത. ഇല്ലാത്തവർ വെറുതെ ഏജന്റുമാരുടെ വാക്ക് കേട്ട് പണം കളയരുത്. ഐഇഎൽറ്റിഎസ് ഏഴുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു നയാ പൈസ മുടക്കാതെ മറ്റ് ടെസ്റ്റുകൾ പാസായി ബ്രിട്ടണിൽ പോവുകയും ചെയ്യാം. നഴ്‌സുമാരെ ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിൽ പെടുത്തിയതുകൊണ്ടും നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായതുകൊണ്ടുമാണ് ഈ അവസരം ഉള്ളത്.
നിങ്ങൾക്ക് ഐഇഎൽറ്റിഎസ് 7 ഉണ്ടെങ്കിൽ പിന്നെ ചെയ്യേണ്ടത് ഇന്ത്യയിൽ നിന്നും തന്നെ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് പാസ്സാവുകയാണ്. അത് പാസ്സായാൽ ബ്രിട്ടണിലേക്ക് താൽക്കാലിക വിസ ലഭിക്കും. അവിടെ ചെന്ന് രണ്ടാമത്തെ ടെസ്റ്റ് പാസാകണം. ആദ്യ ടെസ്റ്റ് എഴുതിയ മൂവായിരത്തോളം പേരിൽ മഹാഭൂരിപക്ഷവും വിജയിച്ച കാര്യം ഞങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ ടെസ്റ്റ് സമ്പ്രദായം തുടങ്ങിയ ശേഷം ആദ്യം പുറത്ത് വന്ന കണക്കനുസരിച്ചാണ് ഈ വിജയ ശതമാനം. എന്നാൽ അവരിൽ മഹാ ഭൂരിപക്ഷവും ഫിലിപ്പിനോകൾ ആണ് എന്ന് കണക്കുകൾ തെളിയിക്കുന്നു. വെറും 352 ഇന്ത്യൻ നഴ്‌സുമാരാണ് ഇതുവരെ ഈ ടെസ്റ്റ് പാസായത്. മടിച്ചു നിൽക്കാതെ എത്രയും വേഗം മലയാളി നഴ്‌സുമാർ ഇതെഴുതി പാസാകാൻ ശ്രമിക്കണം.
രണ്ടാമത്തെ ടെസ്റ്റിന്റെ വിജയ ശതമാനം 100 ശതമാനം ആണ്. ഒബ്‌സേർവഡ് സ്ട്രക്‌ച്ചേർഡ് ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഒഎസ്‌സിഇ എന്ന് പേരിട്ട് വിളിക്കുന്ന ഈ പരീക്ഷ ഇതുവരെ പാസായത് 660 പേർ മാത്രമാണ്. ആദ്യ ശ്രമത്തിൽ 49 ശതമാനം മാത്രം പാസായെങ്കിൽ രണ്ടാമത് ശ്രമിച്ചപ്പോൾ എല്ലാവരും പാസായി. എന്ന് വച്ചാൽ നിങ്ങൾ ഈ ആദ്യ കടമ്പ കടന്ന് യുകെയിൽ എത്തിയാൽ നിങ്ങൾക്ക് രണ്ടാമത്തെ ടെസ്റ്റ് പാസാവാം എന്ന് തന്നെയാണ്. എന്നാൽ ഞെട്ടിക്കുന്ന കണക്ക് വ്യക്തമാക്കുന്നത് വെറും മൂന്നേ മൂന്ന് ഇന്ത്യൻ നഴ്‌സുമാർ മാത്രമാണ് ബ്രിട്ടണിൽ എത്തി ഈ ടെസ്റ്റ് അറ്റൻഡ് ചെയ്ത് പാസായത് എന്നതാണ്.
അതേസമയം ഒഎസ്‌സിഇ പരീക്ഷയിൽ ഏറ്റവുമധികം നഴ്‌സുമാർ പാസായിരിക്കുന്നത് ഓസ്‌ട്രേലിയയിൽ നിന്നുള്ളവരാണ്. പതിനെട്ടു പേരാണ് ഈ ടെസ്റ്റ് യുകെയിൽ എത്തി എഴുതി പാസായിരിക്കുന്നത്. ഇക്കാര്യത്തിലും ഫിലിപ്പിനോകൾ രണ്ടാം സ്ഥാനത്തുണ്ട്. പതിനാലു പേർ ഒഎസ്‌സിഇ പാസായി. അമേരിക്കയിൽ നിന്നുള്ള പത്തു നഴ്‌സുമാരും ന്യൂസിലാൻഡ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഒമ്പതു പേരും ഒഎസ്‌സിഇ ടെസ്റ്റ് പാസായി. ചൈന, ജപ്പാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർ വീതം മാത്രമാണ് ഒഎസ്‌സിഇ ടെസ്റ്റ് പാസായിട്ടുള്ളത്.
എന്തു കൊണ്ടാണ് വെറും മൂന്ന് മലയാളികൾ മാത്രം ഈ ടെസ്റ്റ് പാസ്സായത്? അജ്ഞത കൊണ്ട് നിങ്ങൾ കളഞ്ഞ് കുളിക്കുന്നത് വലിയ അവസരമാണ്. ഐഇഎൽറ്റിഎസ് 7 എടുക്കുകയാണ് ഏറ്റവും വലിയ കടമ്പ. അത് കഴിഞ്ഞുകിട്ടിയാൽ ഏത് പരീക്ഷയും പാസാവും. അതിനുള്ള അവസരം കളഞ്ഞ് കുളിക്കരുത്. വിദേശത്ത് പോകാൻ താൽപ്പര്യം ഉള്ള നഴ്‌സുമാർ ഏജന്റുമാർക്ക് പണം മുടക്കി നഷ്ടം വരുത്താതെ ഈ ടെസ്റ്റ് പഠിച്ചു പാസായി അതിന് ശ്രമിക്കുക.
മൾട്ടിപ്പിൾ ചോയ്‌സുകൾ മാത്രം അടങ്ങിയ സിബിടി പരീക്ഷയ്ക്ക് 120 ചോദ്യങ്ങളാണ് ഉള്ളതെങ്കിൽ ഒഎസ്‌സിഇ പരീക്ഷ കുറച്ചുകൂടി പ്രാക്ടിക്കൽ ആണ്. ക്ലിനിക്കൽ എക്‌സ്പീരിയൻസാണ് ഒഎസ്‌സിഇ പരീക്ഷയിൽ കൂടുതലായും ഉള്ളത്. സിബിടി പരീക്ഷ പാസായാൽ ഉടൻ യുകെയിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്യാം. സിബിടി പാസാകുന്നവർക്ക് വിസ നിരസിക്കാനുള്ള സാധ്യത തുലോം കുറവാണ്. വിസ ലഭിച്ച ശേഷം മാത്രമേ ഒഎസ്‌സിഇക്കു വേണ്ടി രജിസ്റ്റർ ചെയ്യാം. ഒഎസ്‌സിഇ പരീക്ഷ ഇപ്പോൾ നടത്തുന്നത് നോർത്താംപ്ടൺ യൂണിവേഴ്‌സിറ്റി മാത്രമാണ്. ഒഎസ്‌സിഇ പരീക്ഷയ്ക്ക് ഡേറ്റ് ലഭിച്ച് കഴിഞ്ഞാൽ വിസ എടുത്ത ശേഷം യുകെയിലേക്ക് വിമാനം കയറാം. ഈ പരീക്ഷാ തിയതിയുടെ പത്താഴ്ച മുമ്പ് യുകെയിൽ എത്തി ജോലി ആരംഭിക്കാം. ഇതുവരെ ഒഎസ്‌സിഇ പരീക്ഷ പാസാകുന്ന ദിവസം മുതലേ ശമ്പളം നൽകൂ എന്നതായിരുന്നു നിബന്ധന.
എന്നാൽ പുതിയ പരിഷ്‌ക്കാരം അനുസരിച്ച് യുകെയിൽ എത്തി ജോലി ചെയ്യുന്ന ദിവസം മുതൽ ശമ്പളം കിട്ടും. എന്നാൽ പരീക്ഷ പാസായാൽ മാത്രമെ നഴ്‌സായി രജിസ്‌ട്രേഷൻ ലഭിക്കുകയും നഴ്‌സായി ജോലി ചെയ്യാൻ സാധിക്കുകയുമുള്ളൂ. അതുവരെ ജോലി സ്ഥലത്തെ സീനിയർ നഴ്‌സുമാരുടെ കീഴിൽ ട്രെയിനിയായി വേണം ജോലി ചെയ്യാൻ. പരീക്ഷ പാസായാൽ ബാൻഡ് അഞ്ച് ആയി നിയമനം ലഭിക്കുകയും എൻഎംസി രജിസ്റ്ററിൽ പേര് ചേർക്കുകയും ചെയ്യും. ഒഎസ്‌സിഇ പരീക്ഷ എത്ര തവണ എഴുതാം എന്ന തത്ക്കാലം നിഷ്‌ക്കർഷിക്കാത്തതിനാൽ പാസാകുന്നതു വരെ ആദ്യം ചേർന്ന തൊഴിലിൽ തുടരാം. പിആർ മുതലായവയ്ക്ക് അപേക്ഷിക്കുമ്പോൾ ഇടവേള എന്ന പ്രശ്‌നവും ഇതുവഴി ഒഴിവാക്കാം.