അഹമ്മദാബാദ്: ഗുജറാത്തിൽ തെരഞ്ഞെടുപ്പ് അങ്കം മുറുകുകയാണ്. ഭരണം നിലനിർത്താൻ വേണ്ടി ബിജെപി കിണഞ്ഞു പരിശ്രമിക്കുമ്പോൾ മോദിയുടെ തട്ടകത്തിൽ അട്ടിമറി പ്രതീക്ഷയിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്ന വിശേഷണം ദേശീയ മാധ്യമങ്ങളും തെരഞ്ഞെടുപ്പിനെ കുറിച്ച് നൽകി കഴിഞ്ഞു. രണ്ട് പാർട്ടിക്കും സംസ്ഥാനത്ത് നയിക്കാൻ നായകൻ ഇല്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ മോദിയും രാഹുലും തമ്മിലാണ് പോരാട്ടം. പ്രചരണ രംഗത്തു സജീവമായി നിൽക്കുന്നതും ചുക്കാൻ പിടിക്കുന്നതും ഇരുവരും തന്നെ.

ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചരണം കൊഴുക്കുമ്പോൾ കോൺഗ്രസും ബിജെപിയും തുല്യശക്തികളായി മുന്നേറുകയാണ്. കാടിളക്കിയുള്ള പ്രചരണമാണ് രണ്ട് കൂട്ടരും നടത്തുന്നത്. പ്രതിച്ഛായ വീണ്ടെടുത്ത രാഹുൽ ഗാന്ധിയുടെ യോഗങ്ങളിൽ ആളുകൾ കൂട്ടത്തോടെ എത്തുന്നതും വിശാല സമുദായ സഖ്യം ഉണ്ടാക്കിയതും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നേട്ടമായി. മാറി. മുസ്ലിം ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തുമ്പോൾ തന്നെ ഹിന്ദു സമുദായത്തെയും കൈവിടാതെയാണ് രാഹുൽ തന്ത്രം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഈ നീക്കം ബിജെപിയെ പ്രതിരോധത്തിൽ ആക്കുകയും ചെയ്തു.

ഇതിനിടെ ഗുജറാത്തിൽ ബിജെപിയുടേയും തന്റെയും നില പരുങ്ങലിലാണെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി വിജയ് രൂപാണിയുടേത് ഫോൺ സംഭാഷണം പുറത്തുവന്നത് ബിജെപിക്ക് തിരിച്ചിടിയായി. ഇത് പ്രചരണായുധമാക്കുകയാണ് കോൺഗ്രസ് ചെയ്തതും. സുരേന്ദ്രനഗർ ജില്ലയിലെ വധ്വാൻ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറെടുത്ത നരേഷ്ഭായ് ഷായോട് രൂപാണി സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് ക്ലിപ്പാണ് പ്രചരിക്കുന്നത്.

വധ്വാൻ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയായ വർഷാബെൻ ദോഷിയെ മാറ്റി ധാഞ്ജിഭായ് പട്ടേലിന് ബിജെപി സീറ്റ് നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് അഞ്ച് പേർ സ്വതന്ത്രരായി മത്സരിക്കാൻ തീരുമാനിച്ചു. അതിൽ ഒരാളാണ് നരേഷ്ഭായ് ഷാ. വിജയ് രൂപാണി നരേഷ്ഭായ് ഷായോട് പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ട് വിളിച്ചതിന്റെ ഓഡിയോ ഇപ്പോൾ ഗുജറാത്തിൽ കോൺഗ്രസ് വലിയതോതിൽ പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

'നരേഷ് ഭായ്, പ്രധാനമന്ത്രി തന്നെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ഗുജറാത്തിൽ അഞ്ച് ശതമാനം പോലും ജൈനർ ഇല്ലാതിരുന്നിട്ടും എന്നെ മുഖ്യമന്ത്രിയാക്കി. എന്റെ അവസ്ഥയും പരുങ്ങലിലാണ്' തുടങ്ങിയ കാര്യങ്ങളാണ് സംഭാഷണത്തിൽ പറയുന്നത്. അതേ സമയം ഫോൺ സംഭാഷണം കൃത്രിമമാണെന്ന് നരേഷ്ഭായ് ഷാ പറഞ്ഞു. ഇതിനെതിരെ താൻ ക്രൈം ബ്രാഞ്ചിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രൂപാണി വിളിച്ചതിന് പിന്നാലെ സ്വതന്ത്രരരായി മത്സരിക്കാൻ തയ്യാറെടുത്ത അഞ്ച് ജൈന വിഭാഗക്കാരായ സ്ഥാനാർത്ഥികളും പത്രിക പിൻവലിച്ചിരുന്നു. റാചിദ് ഷാ, ഭരത് കോതാരി, ഭവേഷ് വോറ, മിലാൻ ഷാ എന്നിവരാണ് സ്വതന്ത്രരായി മത്സരിക്കാൻ പത്രിക നൽകിയിരുന്ന മറ്റു നാലു പേർ. പട്ടേൽ സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ള വധ്വാൻ മണ്ഡലത്തിൽ അവരുടെ അതൃപ്തി മറിക്കടക്കാനാണ് രണ്ടു തവണ എംഎൽഎ ആയ വർഷാബെൻ ദോഷിയെ മാറ്റി ധാഞ്ജിഭായ് പട്ടേലിന് സീറ്റ് നൽകിയത്.

അതേസമയം ബിജെപിയുടെ നില ഭദ്രമല്ലെന്ന തോന്നൽ ഉണ്ടായതോടെ നരേന്ദ്ര മോദിയെ കൂടുതൽ റാലികളിൽ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. എളുപ്പം വിജയിച്ചു കയറാം എന്നു കരുതിയിടത്താണ് ഇപ്പോൾ ശക്തമായ മത്സരം നടക്കുന്നത്. ഒരു ദിവസത്തെ പര്യടനത്തിനു ശേഷം ഡൽഹിയിലേക്കു മടങ്ങിയ മോദി സംസ്ഥാനത്തു ഇന്നു നാലു റാലികളിൽ പങ്കെടുക്കുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിതാ ഷാ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരുടെ വൻപട സംസ്ഥാനത്ത് പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കോൺഗ്രസ് ആകട്ടെ രാഹുൽ ഗാന്ധിയെ തന്നെയാണ് ഇറക്കിയിരിക്കുന്നത്. അവസാന ഘട്ടത്തിൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണ രംഗത്തെത്തു.

കറൻസി നിരോധനം, ജിഎസ്ടി എന്നിവ വ്യാപാര- വാണിജ്യ മേഖലകളിലുണ്ടാക്കിയ ആഘാതം, കൃഷിമേഖലയിലെ പ്രതിസന്ധി എന്നിവയ്ക്കു പുരമെ ഭരണ വിരുദ്ധ വികാരവും മോദിയല്ല മുഖ്യമന്ത്രി ആകുക എന്നതും ബിജെപിയെ പ്രതിരോധത്തിൽ ആക്കുന്നുണ്ട്. ബിജെപിക്കൊപ്പം നിലകൊണ്ട പട്ടണപ്രദേശങ്ങളിൽ മധ്യവർഗ- സമ്പന്ന വിഭാഗങ്ങളിലെ നീർജീവതയ്‌ക്കൊപ്പം ഗ്രാമങ്ങളിൽ ഭരണവിരുദ്ധ വികാരം ശക്തിപ്രാപിക്കുന്നുവെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

ഹാർദിക് പട്ടേൽ, ജിഗ്‌നേഷ് മെവാനി, അൽപേഷ് താക്കൂർ എന്നിവരുടെ നേതൃത്വത്തിലുള്ള മൂവ്‌മെന്റുകളിലൂടെ ഹിന്ദു വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമ ഏതാണ്ട് വിജയം കാണുമെന്നാണ് സൂചനയുള്ളത്. ജിഗ്‌നേഷും അൽപേഷും കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുകയും ചെയ്യുന്നു. അതേസമയം പാർട്ടിയെന്ന നിലയിൽ കോൺഗ്രസിന് കരുത്തു കുറവാണ്. ബൂത്ത് തലത്തിൽ കോൺഗ്രസിന് കരുത്തു കുറവാണെന്നതാണ് തിരിച്ചടിയാകുന്ന കാര്യം.