ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്ന 'സ്വച്ഛ് ഭാരതം (ശുചിത്വ ഭാരതം) അല്ല ജനങ്ങൾക്ക് വേണ്ടത്. സത്യമുള്ള ഭാരതം അഥവാ സച്ച് ഭാരതമാണ് വേണ്ടത്. എപ്പോഴും കള്ളം മാത്രം പറയുന്ന മോദിയ്‌ക്കെതിരേ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണമെന്നും കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ജനതാ ദളിൽ നി്ന്ന് പുറത്താക്കപ്പെട്ട ശരദ് യാദവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മേക്ക് ഇന്ത്യ പദ്ധതി പരാജയപ്പെട്ടതായും രാഹുൽ കുറ്റപ്പെടുത്തി. എവിടെയും കിട്ടുന്നത് ചൈനയിൽ നി്‌ന്നെത്തിയ സാധനങ്ങളാണ്. അഴിമതിക്കെതിരെ പോരാടുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമായിരുന്നു ബിജെപിയുടെ വാഗ്ദാനം . എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ല.തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ എട്ട് വർഷത്തേക്കാൾ കൂടി. ബിജെപി സർക്കാർ കോർപ്പപറേറ്റുകളെയാണ് സഹായിക്കുന്നത്, കർഷകരെയല്ല.

ആർഎസ്എസിന് തിരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന് അറിയാം. അതിനാലാണ് പ്രധാന സ്ഥാനങ്ങളിലെല്ലാം ആർഎസ്എസ് അനുകൂല ആളുകളെ നിയമിക്കുന്നത് രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് രാഹുൽ പറഞ്ഞു. ഭരണഘടന തിരുത്തിയെഴുതാനാണ് ആർഎസ്എസിന്റെ നീക്കം. ജുഡീഷ്യറിയിൽ പോലും സ്വന്തക്കാരെ തിരുകിക്കയറ്റാനാണ് ശ്രമമെന്നും രാഹുൽ ആരോപിച്ചു.

മുൻ പധാനമന്ത്രി മന്മോഹൻ സിങ് , അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയവർ യോയഗത്തിൽ പങ്കെടുത്തു. ഡിഎംകെ യോഗത്തിൽ നിന്ന് വിട്ടു നിന്നതും ശ്രദ്ധേയമായി.

അതേസമയം, പ്രതിപക്ഷ യോഗം ഭീരുക്കളുടെ സഖ്യമാണെന്ന് ബിജെപി വിമർശിച്ചു. അവർ ഇനിയും തിരഞ്ഞെടുപ്പിൽ തോൽക്കും. ഇത് ഭീരുക്കളുടെ സഖ്യമാണെന്നും മോദിയെ അവർക്കു ഭയമാണെന്നും മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.