തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ രണ്ടുമലയാള ചിത്രം ഉൾപ്പടെ ഇത്തവണ 14 ചിത്രങ്ങൾ. ബ്രസീൽ, ഫ്രാൻസ്, ഇറാൻ തുടങ്ങിയ പത്തു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ് സംവിധാനംചെയ്ത ഹാസ്യം എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങൾ. ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദർശനമാണ് മേളയിലേത്.

മോഹിത് പ്രിയദർശിയുടെ ആദ്യ ചിത്രമായ കൊസ, അക്ഷയ് ഇൻഡിഗറിന്റെ ക്രോണിക്കിൾ ഓഫ് സ്‌പേസ് എന്നീ ഇന്ത്യൻ ചിത്രങ്ങളും ഇത്തവണ മത്സര വിഭാഗത്തിലുണ്ട്. ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസോൾഫ്‌ന്റെ ദെയർ ഈസ് നോ ഈവിൾ എന്ന ചിത്രവും മത്സരവിഭാഗത്തിലുണ്ട്. ഈ ചിത്രം 2019ലെ ബെർലിൻ ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ബെയർ പുരസ്‌കാരം നേടിയിട്ടുണ്ട്.

ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറമിയ മോസസെയുടെ ദിസ് ഈസ് നോട്ട് എ ബെറിയൽ ബട്ട് എ റെക്‌സ്‌റേഷൻ എന്ന ഇറ്റാലിയൻ സിനിമയും മത്സരത്തിനുണ്ട്. ബഹ്മെൻ തവോസി സംവിധാനം ചെയ്ത ദി നെയിംസ് ഓഫ് ദി ഫൽവഴ്‌സ്, ഹിലാൽ ബൈഡ്രോവിന്റെ ഇൻ ബിറ്റ്‌വീൻ ഡൈയിങ്, ബ്രസീലിയൻ സംവിധായകൻ ജോൻ പൗലോ മിറാൻഡ മരിയയുടെ മെമ്മറി ഹൗസ്, ബ്രസീലിയൻ ചിത്രം ഡസ്റ്ററോ, ഫ്രഞ്ച് ചിത്രം ബൈലീസവാർ, ബേർഡ് വാച്ചിങ്, റോം, പിദ്ര സൊല എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മറ്റു ചിത്രങ്ങൾ.

ദക്ഷിണ കൊറിയൻ സംവിധായകൻ ലീ ചാങ് ഡോങ്ങിന്റെ മൂന്ന് വിസ്മയ ചിത്രങ്ങളുടെ പ്രദർശനത്തിന് രാജ്യാന്തര ചലച്ചിത്രോത്സവം വേദിയാകും.മികച്ച ചിത്രത്തിനുള്ള ഓസ്‌കാർ നോമിനേഷൻ നേടിയ ബേണിങ്, വെനീസ് ചലച്ചിത്രമേളയിൽ സിൽവർ ലയൺ നേടിയ ഒയാസിസ്, പോയട്രി എന്നീ ചിത്രങ്ങളാണ് റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.