- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഫ്എഫ്കെ ആദ്യമേഖലാ പ്രദർശനത്തിന് തിരുവനന്തപുരത്ത് നാളെ കൊടിയിറക്കം; പ്രേക്ഷകർക്കായി ഒരുക്കിയത് 80 ചിത്രങ്ങൾ; ലിജോയുടെ 'ചുരുളിക്കും' ജയരാജിന്റെ 'ഹാസ്യത്തിനും' മികച്ച പ്രതികരണം; പ്രതീക്ഷ ഉണർത്തി നവാഗത സംവിധായകരും
തിരുവനന്തപുരം: പ്രേക്ഷക ഹൃദയങ്ങളിൽ വർണ്ണകാഴ്ചയൊരുക്കിയ 25-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ മേഖലാ പ്രദർശനത്തിന് തലസ്ഥാനത്ത് ഇന്ന് കൊടിയിറങ്ങും.. റിലീസ് ചിത്രങ്ങളും ഓസ്കാറിലെ മത്സര ചിത്രങ്ങളുമടക്കം 80 ചിത്രങ്ങളാണ് ഇക്കുറി മേളയിൽ കാഴ്ചവസന്തമൊരുക്കിയത്. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ മേള ആസ്വദിക്കാൻ വിവിധ വിഭാഗങ്ങളിലായി 2500 ഓളം പ്രതിനിധികളാണ് തലസ്ഥാനത്തെത്തിയത് .
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, ജയരാജിന്റെ ഹാസ്യം തുടങ്ങി മലയാള ചിത്രങ്ങൾ എല്ലാ പ്രദർശനങ്ങളിലും മികച്ച പ്രതികരണം നേടി . ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദർശനമായിരുന്നു തിരുവനന്തപുരത്തേത്. പ്രതീക്ഷയുയർത്തുന്ന നവാഗതസംവിധായകരുടെ സാന്നിധ്യം കൊണ്ടും മേള ശ്രദ്ധേയമായി. മലയാളത്തിൽ നിന്ന് ഉൾപ്പടെ 10 നവാഗതരുടെ സിനിമകളാണ് മേളയിലുണ്ടായിരുന്നത്. തമിഴ് ഹിന്ദി ഭാഷകളിൽനിന്നും വിദേശ ഭാഷകളിൽനിന്നും നവാഗതർ മേളയിൽ സാന്നിധ്യം അറിയിച്ചു.
കോവിഡ് പ്രതിസന്ധിയുടെ കാലത്തു റിലീസ് ചെയ്ത 33 ചിത്രങ്ങൾ ഉൾപ്പെട്ടിരുന്ന മേളയിൽ ലോകസിനിമാ വിഭാഗത്തിൽ 10 ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പെടെ 22 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ബോസ്നിയൻ വംശഹത്യയുടെ കഥപറഞ്ഞ 'ക്വോ വാഡിസ്, ഐഡ' യിൽ തുടങ്ങിയ മേള ബെൽജിയം ചിത്രം സമ്മർ ഓഫ് 85 ലാണ് അവസാനിക്കുന്നത് . ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ, വൈഫ് ഓഫ് എ സ്പൈ, നെവർ ഗോന്നാ സ്നോ എഗയ്ൻ, ദ വേസ്റ്റ് ലാൻഡ്,കൊസ തുടങ്ങിയ ചിത്രങ്ങൾ മേളയിൽ പ്രേക്ഷക ഹൃദയം കീഴടക്കി .കലൈഡോസ്കോപ്പ് വിഭാഗത്തിൽ മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി ,1956 മധ്യതിരുവതാംകൂർ എന്നിവയും പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളിൽ ഉൾപ്പെടുന്നു .
സംവിധായകരെയും ചലച്ചിത്രപ്രവർത്തകരേയും ഉൾപ്പെടുത്തിക്കൊണ്ട് ഓൺലൈൻ ഓപ്പൺ ഫോറങ്ങളും മീറ്റ് ദ ഡയറക്ടർ ചർച്ചകളും മേളയിലെ നവ്യാനുഭവമായി.
മറുനാടന് മലയാളി ബ്യൂറോ