തിരുവനന്തപുരം: അടുർ ഗോപാലകൃഷ്ണൻ ഇന്ത്യൻ സിനിമയിൽ ഉദ്ഘാടനം ചെയ്ത ഒരു ധാരയാണ് മന്ദ സിനിമകൾ. പിൽക്കാലത്ത് മിമിക്രിക്കാരാലും മറ്റും ഏറെ പരിഹസിക്കപ്പെട്ട ഒരു വിഭാഗമായിരുന്നു, വരമ്പ് കിളക്കുന്നവൻ കിളച്ചുകൊണ്ട് തന്നെ നിൽക്കയും, കാറ് കഴുകുന്നവൻ ഏറെ നേരം അതുതന്നെ ചെയ്യുകയും, നടുന്നുപോകുന്നവർ അങ്ങനെ മിനുട്ടുകളോളം നടക്കുകയും ചെയ്യുന്ന അവാർഡ് സിനിമകൾ എന്ന ഉച്ചപ്പടങ്ങൾ. ( അങ്ങനെ നടന്നു നടന്ന് നമ്മുടെ വേണു നാഗവള്ളിയുടെയൊക്കെ ഊപ്പാട് ഇളകിപ്പോയിട്ടുണ്ട്! ) അടൂരിന്റെ സ്വയംവരത്തിനും, കൊടിയേറ്റത്തിനും, എലിപ്പത്തായത്തിനുമൊക്കെ അത്തരമൊരു രീതിയിലുള്ള പരിചരണത്തിൽ ഒരു തെറ്റുമില്ലായിരുന്നു. പക്ഷേ അടൂർ, അവാർഡുകൾ വാരിക്കൂട്ടാൻ തുടങ്ങിയതോടെ, വ്യത്യസ്തമായി സിനിമഎടുക്കുന്ന മിക്ക ചലച്ചിത്രകാരന്മ്മാരും ഈ ശൈലി അനുകരിച്ചു. ഫലമോ അവാർഡ് പടം എന്ന് കേട്ടാൽ ജനം ഓടുന്ന ഒരു കാലം വന്നു. ഒരു പടത്തിന് അവാർഡ് കിട്ടിയാൽ പിന്നെ അത് ഒരു രീതിയിലും തീയേറ്ററിൽ വിജയിക്കില്ല.

തൊണ്ണൂറുകളിൽ തന്നെ മലയാളി ഈ ശൈലിയെ കൈയൊഴിഞ്ഞു. അടൂരിന്റെ തന്നെ മതിലുകളിലും വിധേയനിലും ഈ മാറ്റം പ്രകടമായി. ആർട്ട് എന്നും കൊമേർഷ്യൽ എന്നുമുള്ള അതിർവരമ്പുകൾ ഇല്ലാതായി. അവാർഡ് കിട്ടുന്ന ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ അംഗീകാരവും കിട്ടാൻ തുടങ്ങി. തിരിച്ചും സംഭവിച്ചു. പുതിയ നൂറ്റാണ്ട് പിറന്നതോടെ സിനിമയുടെ സങ്കേതങ്ങൾ ആകെ മാറി. ചലച്ചിത്രഭാഷയും ദൃശ്യ പരിചരണവും മാറി. ലോക സിനിമക്കൊപ്പം അതിവേഗത്തിൽ ഇന്ത്യൻ സിനിമയും മാറ്റങ്ങൾക്ക് വിധേയമായി. മലയാളത്തിലടക്കം നവതരംഗ സിനിമകൾ വന്നതോടെ, ആർട്ട് എന്നും കൊമേർഷ്യൽ എന്നുമുള്ള വ്യത്യസ്ത ശൈലികൾ പൂർണ്ണമായും ഇല്ലാതായി. അപ്പോഴും, ഒ വി വിജയന്റെ ഭാഷയിൽ പറഞ്ഞാൽ, ജുറാസിക്ക് യുഗത്തിൽ നിന്ന് അവശേഷിച്ച ദിനോസറുകളെപ്പോലെ കുറേപ്പേർ, എങ്ങനെയോ പഴയ ഫിലിം ഫോർമാറ്റിൽ കുടുങ്ങിക്കിടക്കയാണ്.

2022ലെ കേരള രാജ്യാന്തര ചലച്ചിത്രത്തിലെ ചില അരോചക സിനിമകൾ കണ്ടാൽ, ആ അവാർഡ് പടക്കാലം തിരിച്ചുവരികയാണോ എന്ന് തോന്നിപ്പോവും. ഒരിടത്ത് കുറ്റിയടിച്ചപോലെ ക്യാമറവെച്ച്, മന്ദംമന്ദം പ്രാഞ്ചി പ്രാഞ്ചിപ്പോവുന്ന കുറേ മനുഷ്യരെ ചിത്രീകരിക്കുന്ന, ഒന്ന് രണ്ട് ചിത്രങ്ങൾ ഈ മേളയിൽ കണ്ടു. ഏറെ പ്രതീക്ഷയോടെ കയറിയിട്ട് ഇതുപോലെയുള്ള പടപ്പുകൾ കാണുമ്പോൾ ഓക്കാനം വരികയാണ്. ഒരു സ്‌ക്രീനിങ്ങ് കമ്മറ്റിയോ, ജൂറിയോ കണ്ടിട്ടാണോ ഇത്തരം ചിത്രങ്ങൾ വരുന്നത് എന്നതുപോലും സംശയമാണ്. മലയാളിയുടെ അഭിമാനമായ ഐഎഫ്എഫ്കെയെ വെറുപ്പിക്കലിന്റെ ഭയാനക വേർഷനാക്കുന്ന ചില വ്യാജ സിനിമകളെ ഒന്ന് പരിയപ്പെടാം.

'ലൈഫ് ഈസ് സഫറിങ് ഡെത്ത് ഈസ് സൽവേഷൻ.'

ഇങ്ങനെ ഒരു പേര് കേട്ടപ്പോൾ തോന്നിയത് കിം കി ഡുക്കിന്റെ 'സ്പ്രിങ്ങ് സമ്മർ ഫാൾ വിന്റൻ സ്പ്രിങ്ങ്' എന്ന വിഖ്യാത ചലച്ചിത്രത്തെയാണ്. പൊള്ളുന്ന ജീവിതത്തിലൂടെയുള്ള ഒരു ചെറുപ്പക്കാരന്റെ യാത്രയും തുടർന്നുള്ള മോക്ഷമാർഗവുമൊക്കെ എത്ര ഭംഗിയായാണ് കിം കി ഡുക്ക് വരിച്ചിട്ടത്. പക്ഷേ ഐഎഫ്എഫ്കെയിൽ ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ ആദ്യം പ്രദർശിപ്പിക്കപ്പെട്ട ഈ ഭോജ്പുരി ചലച്ചിത്രത്തിൽ, സഫറിങ്ങ്സ് മൊത്തം പ്രേക്ഷകനായിപ്പോയി.

അരവിന്ദ് പ്രതാപ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ, ഛായഗ്രഹണം, എഡിറ്റിങ് എന്നിവയും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സത്യത്തിൽ ഈ പടത്തിന്റെ മൊത്തം അദ്ദേഹത്തിന് തന്നെ ചെയ്യാവുന്നതേയുള്ളൂ. കാരണം ഒന്നര മണിക്കൂറിലേറെ ദൈർഘ്യമുള്ള ചിത്രത്തിൽ ആകെ രണ്ടോ മൂന്നോ ഇടത്താണ് സംഭാഷണം വരുന്നത്. മറ്റുള്ള സമയത്ത് കടുത്ത മൗനത്തിലാണ് എല്ലാവരും. സ്വാഭാവികമായ ശബ്ദങ്ങൾ അല്ലാതെ പാശ്ചാത്തല സംഗീതവുമില്ല. അതുകൊണ്ടുതന്നെ സംഭാഷണം, ക്യാമറ, എഡിറ്റിങ്ങ് തുടങ്ങിയ സെക്ഷനുകൾക്ക് ഈ ചിത്രത്തിൽ ആരുടെയും ആവശ്യമില്ല!

ഒരു കന്നുകാലി ഫാമിൽ ജോലിചെയ്യുന്ന വൃദ്ധനിലൂടെ ജീവിതത്തിന്റെ വ്യഥകളിലേക്കും പ്രയാസങ്ങളിലേക്കും പ്രതാപ് ക്യാമറ ചലിപ്പിക്കുന്നുവെന്ന് ഫെസ്റ്റിവൽ ബുക്ക് ലെറ്റിൽ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. സംഭാഷണങ്ങളും പശ്ചാത്തലസംഗീതവും ഒഴിവാക്കി കഥാപാത്രത്തിന്റെ ഏകാന്തതയെ പ്രേക്ഷകരിലെത്തിക്കാൻ സംവിധായകൻ ശ്രമിക്കയാണ്. എന്നാൽ അത് പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നതാണ്. കന്നുകാലിത്തൊഴുത്തിൽ ചാണകം എടുത്ത് ഒരു വണ്ടിയിലിട്ട് ഉന്തിക്കൊണ്ടുപോയി അത് മുഴുവൻ വടിച്ചിടുന്നത് മൊത്തം കാണിക്കയാണ്! പല സീനുകളിലും ക്യാമറ തുറന്നുവെച്ച് സംവിധായകൻ എങ്ങോപോയി മാറിനിൽക്കുന്നതു പോലയാണ് തോന്നുക. വൃദ്ധൻ പല്ലുതേക്കുന്നതും, നാക്കുവടിക്കുന്നതും, കുളിക്കുന്നതും, ഉറങ്ങുന്നതും, തീക്കായുന്നതുമൊക്കെ വിശദമായ ഈ മന്ദ ഫ്രയിമിൽ കാണിക്കുന്നുണ്ട്. ഇതിൽ എന്താണ് സിനിമയുള്ളത്്്. ആധുനിക സിനിമയുടെ സങ്കേതം ഇങ്ങനെയാണോ.

വൃദ്ധൻ ഒരു നദിയിലേക്ക് നടന്ന് അടുക്കയാണെങ്കിൽ, ക്യാമറയും തുറന്ന് പിടിച്ച് ഒറ്റ ഫ്രയിം വച്ചാൽ മതി. ദുരെനിന്ന് മന്ദംമന്ദം നടന്നുവരുന്നത് മൊത്തം ചിത്രത്തിൽ കാണിക്കുന്നു. ഇതിനെയൊക്കെ സിനിമ എന്ന് വിളിക്കാൻ കഴിയുമോ?

ഇനി കഥപോലും പ്രേക്ഷകന് കൃത്യമായി പിടികിട്ടുന്നില്ല. നിർമ്മാണ തൊഴിലാളിയായ വൃദ്ധന്റെ മകൻ അപ്രതീക്ഷിതമായി മരിക്കുകയും, അതിന്റെ ഭാഗമായാണ് അയാൾ നദിയിൽപ്പോയി തല മുണ്ഡനം ചെയ്യുന്നത് എന്നുമൊക്കെ നാം ഊഹിച്ച് മനസ്സിലാക്കണം. പക്ഷേ ബീഹാറിലെയും ഒഡീഷയിലെയും കൃഷീവലന്മ്മാരുടെ ഭാഗത്ത് നിൽക്കുന്ന് എന്ന് പറഞ്ഞ് എടുത്ത ഈ ചിത്രം ഒന്നാന്തരം അബ്സേഡ് സിനിമയായിപ്പോയി. കാരണം സന്തോഷം എന്ന ഒരു സാധനം ഈ ചിത്രത്തിലില്ല. ഏത് ജീവിത കഷ്ടപ്പാടിന്റെ സമയത്തും, ആനന്ദം കണ്ടത്താൻ മനുഷ്യൻ ശ്രമിക്കും. അത് അവന് പരിണാമപരമായി കിട്ടിയ കഴിവാണ്. അതില്ലെങ്കിൽ അവന് അതി ജീവിക്കാൻ കഴിയില്ല.

പൊരിയുന്ന വെയിലിൽ പണിയെടുക്കുന്ന, നമ്മുടെ നാട്ടിലെ ബംഗാളികളെ നോക്കുക. അവർക്കും ഉണ്ട്് അവരുടേതായ തമാശകളും ആഹ്ലാദവും വിനോദവും. ഇവിടെ ഈ വൃദ്ധൻ എന്തിനോ വേണ്ടിയെന്നപോലെ, ഒരു പുഞ്ചിരിപോലുമില്ലാതെ ജീവിക്കയാണ്. ഒരു ചെടിയെങ്കിലും നട്ട് അതിനെ പരിപാലിച്ച് ഒരു ആനന്ദം കണ്ടെത്താൻ മനുഷ്യന് കഴിയും. ആ നിലക്ക് നോക്കുമ്പോൾ, മനുഷ്യത്വവിരുദ്ധമായ ആശയമാണ് ഈ ചിത്രത്തിന്റെത് എന്ന് പറയേണ്ടിവരും. ചിത്രം പ്രദർശനം തുടങ്ങി അരമണിക്കൂർ കഴിപ്പോഴേക്കും ഭൂരിഭാഗം പേരും ബോറടി താങ്ങാനാവാതെ ഇറങ്ങിപ്പോയി. അവശേഷിക്കുന്നവരിൽ ചിലർ ഉറക്കത്തിലും. ഇത്തരം മാരണങ്ങൾ എങ്ങനെ ഈ മേളയിൽ എത്തി എന്നതും സംഘാടകർ ഗൗരവമായി പരിശോധിക്കേണ്ടതാണ്.

നിറയെ തത്തകളുള്ള മരം

അതുപോലെ സ്യൂഡോ ആർട്ടിനുള്ള ഒന്നാന്തരം ഉദാഹരണണാണ്, നമ്മുടെ ജയരാജിന്റെ പുതിയ ചിത്രമായ നിറയെ തത്തകളുള്ള മരവും. ട്രീ വിത്ത് ഫുൾ ഓഫ് പാരറ്റ്സ് എന്ന് ഇംഗ്ലീഷിൽ റെമാന്റിക്ക് ആയി സബ്ടൈറ്റിൽ ചെയ്യാമെങ്കിലും, ചിത്രം തട്ടിക്കൂട്ടാണ്.

2005ലെ ഐ.എഫ്.എഫ്.കെയിൽ സുവർണ്ണ ചകോരം അടക്കം അവാർഡുകൾ വാരിക്കുട്ടിയ ഒറ്റാലിന്റെ വികൃതമായ പതിപ്പാണ് ഈ ചിത്രം. ഒറ്റാലിനെപ്പോലെ വേമ്പനാട്ട് കായലിന്റെ കാവ്യാത്മകമായ ലാന്റ്സ്‌കേപ്പ് സ്‌ക്രീനിൽ വിടരുന്നുണ്ട് ഈ ചിത്രത്തിലും. രണ്ടിടത്തും ബാലവേല പ്രധാന ഒരു ഘടകമായുണ്ട്. പക്ഷേ ഒറ്റാലിൽ ഒരു കാര്യമുണ്ടായിരുന്നു. അതിശക്തമായ തിരക്കഥ. പക്ഷേ ഇവിടെ കഥയെന്നത് തട്ടിക്കൂട്ടാണ്. ബലക്കുറവും ചേർച്ചക്കുറവും പലയിടത്തും പ്രകടം.

കുറെ മുത്തച്്ഛന്മാർ നിറഞ്ഞ കുടുംബത്തിന്റെ അത്താണിയായ എട്ടുവയസ്സുകാരന്റെ കഥയാണ് ഇത്. അവൻ ദിവസവും യന്ത്രവത്കൃത വള്ളത്തിൽപോയി മീൻ പിടിച്ചാണ് ഈ വലിയ കുടുംബം പോറ്റുന്നത്. അവിടെ തുടങ്ങുന്നു യുക്തിരാഹിത്യവും ക്ലീഷേകളും. അങ്ങനെയിരിക്കെ ഒരു ദിവസം പൂഴക്കരയിൽവെച്ച് കാഴ്ച ശക്തിയില്ലാത്ത ഒരു വൃദ്ധനെ അവൻ കാണുന്നു. ഓർമ്മക്കുറവുമുള്ള അയാൾക്ക് വീട് എവിടെയാണെന്ന് കൃത്യമായി പറയാൻ കഴിയുന്നില്ല. നിറയെ തത്തകളുള്ള ഒരു മരത്തിന് അടുത്താണ് വീട് എന്ന് മാത്രമേ അദ്ദേഹത്തിന് പറയാൻ കഴിയുന്നുള്ളൂ.

അങ്ങനെ ഈ എട്ടുവയസ്സുകാരൻ, കാഴ്ച ശക്തിയും ഓർമ്മ ശക്തിയും നഷ്ടപ്പെട്ട ആ വൃദ്ധനെ ഒപ്പം കൂട്ടി വീട് തിരക്കി ഇറങ്ങുകയാണ്. ഒടുവിൽ ഒരിടത്ത് എത്തുമ്പോൾ തത്തകളുടെ ശബ്ദം കേൾക്കുമ്പോൾ, വയോധികൻ ഇവിടെയാണ് തന്റെ വീട് എന്നു പറയുന്നു. കുട്ടി അദ്ദേഹത്തെയും കൊണ്ട് വീട്ടിലെത്തുമ്പോൾ, 'കുറച്ചു ദൂരെ കൊണ്ട് കളഞ്ഞ് കൂടായിരുന്നോ' എന്ന സംഭാഷണമാണ്. കാര്യം മനസ്സിലായ കുട്ടി ആ വയോധികനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോവുകയാണ്. അപ്പനും, അപ്പന്റെ അപ്പനും, അതിന്റെ അപ്പനുമായി അവനുനോക്കാൻ കുറേ വയോധികൾ ഉണ്ട്. ആ ഗണത്തിലേക്ക് ഒരാൾ കൂടി.

ഒറ്റാലിലെ കുട്ടിയുടെ അനാഥത്വത്തിനും അവനെ പിന്നെ ശിവകാശിയെ പടക്കമ്പനിയിലേക്ക് പഠിക്കാൻ എന്ന് പറഞ്ഞ് കൊണ്ടുപോകുന്നതിലുമൊക്കെ കൃത്യമായി ലോജിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത് ഹൃദയത്തിൽ തട്ടുന്നുമുണ്ട്. ചെക്കോവിന്റെ കഥയുടെ അഡാപ്റ്റേഷൻ ആയിരുന്നു ഒറ്റാൽ.

പക്ഷേ, നിറയെ തത്തകളുള്ള മരം നോക്കുക. കേരളത്തിൽ എവിടെയാണ് സ്‌കൂളിൽ തെല്ലും പോകാത്ത 8 വയസ്സുകാരൻ യന്ത്രവത്കൃത വള്ളവുമായി പോയി മൽസ്യബന്ധനം നടത്തി അവന്റെ അപ്പനെയും അപ്പന്റെ അപ്പനെയും അപ്പന്റെ അപ്പന്റെ അപ്പനെയും ചെല്ലും ചെലവും കൊടുത്ത് പോറ്റുന്നത്! എന്തൊരു വിഡ്ഡിത്തമാണ് തിരക്കഥയെന്ന് പറഞ്ഞ് എഴുതിവെച്ചിരിക്കുന്നത്. ഈ സോഷ്യൽ മീഡിയയുടെ കാലത്ത് ഇതുപോലെ ഒരു കുട്ടി എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എത്ര പെട്ടെന്ന് ആവും അവൻ വൈറൽ ആവുക. എന്തെല്ലാം സഹായങ്ങളാവും അവനെ തേടിയെത്തുക. ഹനാൻ എന്ന ഒരു പെൺകുട്ടി മീൻ വിറ്റ് ഉപജീവനം നടത്തി കോളജിൽ പോകുന്നത് വലിയ വാർത്തയായ നാടാണ് ഇതെന്ന് ഓർക്കണം. പൊളിറ്റിക്കൽ കറക്ട്നസ്സിന്റെ ആശാന്മാരായ മല്ലൂസിന്റെ നെഞ്ചത്ത് ഇട്ടുള്ള കുത്തായിപ്പോയി ജയരാജ് സാറെ ഇത്. ഒന്ന് ഫോൺ എടുത്ത് ചൈൽഡ് ലൈനിൽ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ തീരാവുന്ന പ്രശ്നമേ ആ കുട്ടിയുടെ കാര്യത്തിൽ ഉണ്ടായിരുന്നുവെന്നാണ് സിനിമ തീർന്നപ്പോൾ ഒരു വിരുതൻ കമന്റ് ചെയ്തത്.

വേണമെങ്കിൽ ബാലവേലയെ മഹത്വവത്ക്കരിക്കുന്ന ചിത്രമായും ഇതിനെ വിലയിരുത്താം. കേരളം എന്നാൽ യാതൊരു നിയമ വ്യവസ്ഥയുമില്ലാത്ത ഒരു നാടാണെന്ന് ദ്യോതിപ്പിക്കുക വഴി, ഫലത്തിൽ കേരളാ വിരുദ്ധം കൂടിയാണ് ഈ ചിത്രം.

ഈ രണ്ടു ചിത്രങ്ങളെ എടുത്തുപറയുന്നേയുള്ളൂ. 'ദ സുഗുവ ഡയറീസ്' തൊട്ട് എത്രയോ ചിത്രങ്ങൾ ഇത്തവണ ഐഎഫ്എഫ്കെയിൽ വലിയ നിരാശയാണ് സമ്മാനിച്ചത്. കോവിഡ് കാലത്ത് എടുത്ത ചിത്രം എന്നൊക്കെപ്പറഞ്ഞ് ഫ്ളാഷ് ഫോർവേഡ് ആഖ്യാനശൈലിയിൽ എന്തൊക്കെയോ പറയുന്നുണ്ട് ഈ ചിത്രം. ഇതുപോലെത്ത നിരവധി ചിത്രങ്ങൾ എങ്ങനെ ഐഎഫ്എഫ്കെയിൽ വന്നുപെട്ടുവെന്ന് സംഘാടകർ വിശദമായി പരിശോധിക്കട്ടെ.

വാൽക്കഷ്ണം: ഇന്ന് ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും നല്ല ചലച്ചിത്രമേളകിൽ ഒന്നായി വളർന്നിരിക്കയാണ് നമ്മുടെ തിരുവനന്തപുരം മേള. കൊൽക്കൊത്തയിൽനിന്നും ഡൽഹിയിൽനിന്നുമൊക്കെ, നല്ല സിനിമയെ സ്നേഹിക്കുന്നവർ, വിശിഷ്യ വിദ്യാർത്ഥികളും യുവാക്കളും, ഈ മേളക്ക് എത്തുന്നത് അതിന്റെ മനിമം ഗ്യാരണ്ടി കൊണ്ടാണ്. ഗോവൻ ചലച്ചിത്രോൽസവത്തിലൊന്നും ഐഎഫ്എഫകെയിലേതുപോലെ മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാൻ കഴിയില്ല. ഇത്തരം വ്യാജ സിനിമകൾ വഴി അത് തകർക്കരുതെന്ന അപേക്ഷയെ സംഘാടകരോടുള്ളൂ