- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഫ്എഫ്‌കെ തിരുവനന്തപുരം നഗരത്തിൽ നിന്ന് കഴക്കൂട്ടത്തേക്ക് മാറ്റുന്നത് വിഡ്ഡിത്തം; പ്രതിധികൾക്ക് ചെലവ് കൂടും; അയ്യായിരത്തോളം പേർക്ക് സിനിമ കാണാൻ കഴിയുന്ന ഫെസ്റ്റിവൽ കോംപ്ലക്സ് മേള കഴിഞ്ഞാൽ എന്തു ചെയ്യും? തുഗ്ലക്ക് പരിഷ്ക്കാരങ്ങൾ ചലച്ചിത്രമേളയെ തകർക്കുമെന്ന് ആസ്വാദകർ
തിരുവനന്തപുരം: അധികാരികളുടെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങൾമൂലം നശിച്ചുപോയ നൂറായിരം പദ്ധതികളുള്ള നാടാണ് കേരളം. പക്ഷേ ഈ നാടിന്റെ അഭിമാനമായി വളർന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിനും ആ ഗതി വരുമോ എന്ന ആശങ്കയാണ്, 26ാംമത് ഐ്ഫ്എഫ്കെ വൻ ജനപങ്കാളിത്തത്തോടെ നടക്കുന്നതിനിടെ ഉയർന്നുവരുന്നത്. കാരണം ഇപ്പോൾ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന മേള, കഴക്കൂട്ടത്തേക്ക് മാറ്റാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചതാണ്. 2016ൽ ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതി പക്ഷേ ഇതുവരെ നടത്തിട്ടില്ല. അത് നടപ്പാവുകയാണെങ്കിൽ മേളയുടെ പകിട്ട് കുറയുകയും, ഡെലിഗേറ്റ്സുകൾക്ക് വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാവുകയാണ് ചെയ്യുകയെന്ന്, ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.
നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള കഴക്കൂട്ടം ഒരു ഐടി ഹബ്ബായിട്ടാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ അവിടെ കോസ്റ്റ് ഓഫ് ലിവിങ്ങും കൂടുതയാണ്. മാത്രമല്ല പതിനായിരത്തോളം വരുന്ന പ്രതിനിധികളെ ഉൾക്കൊള്ളാനുള്ള താമസസൗകര്യങ്ങൾ ഒന്നും കഴക്കൂട്ടത്ത് ഇല്ല. അതുകൊണ്ടുതന്നെ മേള കാണാൻ എത്തുന്നവ തിരുവനന്തപുരത്തും കഴക്കൂട്ടത്തുമായി അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യേണ്ട അവസ്ഥയാണ് എല്ലാ ദിവസവും വന്നുചേരുക. മാത്രമല്ല കോടികൾ ചെലവിട്ട് കഴക്കൂട്ടത്ത് അയ്യായിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഫെസ്റ്റിവൽ കോംപ്ലക്സ് നിർമ്മിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഫിലിം ഫെസ്റ്റിവലിന്റെ ഒരാഴ്ച കഴിഞ്ഞാൽ പിന്നെ ഇത എന്തുചെയ്യുമെന്ന ചോദ്യത്തിന് അധികൃതർക്ക് വ്യക്തമായ ഉത്തരവമില്ല. ലക്ഷങ്ങളുടെ ചെലവാണ് ഇതിന്റെ അറ്റകുറ്റപ്പണികൾക്ക് വിരിക. മാത്രമല്ല നിലവിൽ തിരുവനന്തപരം നഗരത്തിന്റെ നിശാഗന്ധിയും, ടാഗോറും കനകക്കുന്നും ചേരുന്ന ആ അമ്പിയൻസ് നൽകാൻ, കഴക്കൂട്ടത്തിന്റെ കോൺക്രീറ്റ് കെട്ടിടത്തിന് കഴിയില്ലെന്നും ചലച്ചിത്ര ആസ്വാദകർ ചൂണ്ടിക്കാട്ടുന്നു.
മേളയെ പൂട്ടിയിടരുത്
ചലച്ചിത്രമേള ജനങ്ങൾക്കിടയിൽ സംഭവിക്കുന്ന ഉത്സവമാണെന്നും അതിനെ പൂട്ടിയിടരുതെന്നും ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മനോജ് കെ പുതിയ വിളയുടെ ഫേസ്‌ബുക്ക് പോസ്റ്റും ഏറെ ചർച്ചയായിട്ടുണ്ട്. ഈ പോസ്റ്റിന്റെ പ്രസ്തകഭാഗങ്ങൾ ഇങ്ങനെയാണ്. -'' തലസ്ഥാനനഗരത്തിന്റെ സ്വന്തം ഉത്സവമായി പതിഞ്ഞുകഴിഞ്ഞ കേരളരാജ്യാന്തരചലച്ചിത്രോത്സവം നഗരത്തിൽനിന്നു പറിച്ചുമാറ്റി 25 കിലോമീറ്റർ അകലേക്കു കൊണ്ടുപോകാനുള്ള തീരുമാനം ഈ മേളയ്ക്കുമുമ്പും നടപ്പായില്ല എന്നത് ആശ്വാസം പകരുന്നു. 2016-ൽ ബജറ്റിൽ ഉൾപ്പെടുത്തപ്പെട്ട ആ പദ്ധതി ഇതുവരെ നടപ്പാക്കാൻ കഴിയാതെപോയത് വാസ്തവത്തിൽ ഉപകാരമായ ഉർവ്വശീശാപമാണ്. ആ പദ്ധതി ഇനി വേണ്ടെന്നു തീരുമാനിക്കണം.
ഐ.എഫ്.എഫ്.കെ. കാൽ നൂറ്റാണ്ടു പിന്നിട്ടത് അതിന്റെ ഒട്ടേറെ തനിമകളോടെയാണ്. അവയിൽ ഏറ്റവും പ്രധാനം, അത് ലോകത്തെ മറ്റെല്ലാ മേളകളിൽനിന്നും വ്യത്യസ്തമായി, ജനങ്ങളിൽനിന്നു വേർപെട്ട ഒറ്റ കോംപ്ലക്സിൽ നടക്കുന്ന മേളയല്ല എന്നതാണ്. കനകക്കുന്നിലെ നിശാഗന്ധി മുതൽ വഴുതക്കാട്ടെ ടാഗോർ തീയറ്ററും കലാഭവനും വഴി തമ്പാനൂരിലെ കൈരളി, ശ്രീ, നിള തീയറ്ററുകളിലൂടെ തമ്പാനൂർ പ്രദേശത്തെ സ്വകാര്യതീയറ്ററുകൾ വരെ വ്യാപിച്ചുകിടക്കുന്ന ഒരു വിശാല ഉത്സവപ്പറമ്പാണ് മേളയ്ക്കുള്ളത്. ആ നഗരത്തെരുവുകളിൽ കഴുത്തിൽ മേളയുടെ ഐഡി കാർഡും തോളിൽ മേളസഞ്ചിയുമായി നാനാവേഷധാരികളായ അബാലവൃദ്ധം ഒഴുകിനടക്കുന്ന കാഴ്ചകൂടി ചേർന്നതാണ് ചലച്ചിത്രോത്സവം. മേളയുടെ ബോർഡുവച്ച സൗജന്യ ഓട്ടോറിക്ഷകൾ പ്രേക്ഷകരെ വഹിച്ചു നഗരത്തിൽ തലങ്ങും വിലങ്ങും ഓടുന്നതും പ്രേക്ഷകർക്കായുള്ള ഡബിൾ ഡക്കർ സർവ്വീസും ഉത്സവക്കാഴ്ചതന്നെ.
കനകക്കുന്ന് തലസ്ഥാനനഗരത്തിലെ വിനോദസഞ്ചാര, കലാസംസ്‌ക്കാരിക, വ്യായാമ, വിശ്രമ, പൊതുവിടമാണ്. തൊട്ടുകിടക്കുന്ന മാനവീയം വീഥി പ്രഖ്യാപിത സാംസ്കാരികയിടനാഴിയാണ്. കനകക്കുന്നു മുതൽ ടാഗോർ തീയറ്റർ വഴി കലാഭവൻ തീയറ്റർ വരെയുള്ള മേഖലയിലേക്ക് ഈ സാംസ്കാരികയിടനാഴി വികസിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതിനിടയിൽ വരുന്ന പഞ്ചായത്ത അസോസിയേഷൻ ഹാൾ സിനിമാപ്രദർശനത്തിനുകൂടി കഴിയുന്ന തീയറ്ററായി പുനഃസംവിധാനം ചെയ്യാനുള്ള സാദ്ധ്യത പരിശോധിക്കണം.
കലാഭവൻ തീയറ്ററിണ് എതിർവശം ഗവ. വിമൻസ് കോളെജ് വളപ്പിൽ റോഡരികിലുള്ള ഓഡിറ്റോറിയവും ഇത്തരത്തിൽ പരിവർത്തിപ്പിക്കാൻ കഴിഞ്ഞേക്കും. റോഡിൽനിന്നു പ്രവേശനകവാടം നിർമ്മിക്കുകകൂടി ചെയ്യണം. ഈ ഹാളുകൾ ഘടനാപുനഃസംവിധാനം നടത്തിയാൽ, നിശാഗന്ധിയിൽ സ്‌ക്രീനിങ്ങ് സാദ്ധ്യമാക്കുന്നതുപോലെ ഫെസ്റ്റിവൽ കാലത്തു മാത്രം പ്രൊജക്ഷനും മറ്റും വാടകയ്ക്ക് എടുത്താൽ മതിയാകും. വേണ്ടത്ര ഇരിപ്പിടങ്ങളുള്ള ഈ രണ്ട് ഹോളുകൾകൂടി തീയറ്ററുകളായി മാറിയാൽ സ്വകാര്യ തീയറ്ററുകൾക്കുമേലുള്ള ആശ്രിതത്വം അത്രയും കുറയ്ക്കാനുമാകും.
കനകക്കുന്ന് കലാഭവൻ സാംസ്കാരികയിടനാഴിയിൽ പെടുന്ന ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, സ്വിമ്മിങ് പൂൾ എന്നിവകൂടി പദ്ധതിയിൽ ഉൾച്ചേർക്കുന്നതോടെ കലാസംസ്‌ക്കാരികതകൾക്കൊപ്പം കായികതയും സമന്വയിക്കും. ജലയതോറിറ്റി ആസ്ഥാനവളപ്പിൽ വെള്ളയമ്പലം വഴുതക്കാട് റോഡിനോട് ചേർന്ന് ഉണ്ടായിരുന്ന നല്ലൊരു പാർക്ക് അധികൃതർ അടച്ചുപൂട്ടിയിട്ട് ദശാബ്ദങ്ങളായി. ലക്ഷണമൊത്ത ഒരു പൊതുവിടം ആയിരുന്നു അവിടം. അതു വീണ്ടും പൊതുജനങ്ങൾക്കു തുറന്നുകൊടുക്കുകയും കൂടുതൽ ഭഗിയും സൗകര്യവുമുള്ള ഉദ്യാനത്തോടുകൂടിയ പൊതുവിടമായി പുനഃസംവിധാനം ചെയ്യുകയും വേണം. മാനവീയം വീധിയുടെ അനുബന്ധമെന്ന നിലയിലും ഇതിനെ പ്രയോജനപ്പെടുത്താം. കനകക്കുന്നിന് എതിർവശത്തുള്ള വാനനിരീക്ഷണകേന്ദ്രം ഈ ഇടനാഴിക്കു സയൻസിന്റെ പ്രാതിനിദ്ധ്യവും ചേർക്കും.
ടഗോർ തീയറ്ററിൽ വലിയ ആംഫി തീയറ്റർ അടക്കം നിർമ്മിക്കാനുള്ള പദ്ധതി ഉണ്ടായിരുന്നു. ടാഗോർ തീയറ്റർ മാത്രമാണ് തിരുവനന്തപുരത്ത് നാടകം അവതരിപ്പിക്കാൻ പറ്റിയ ലക്ഷണമൊത്ത സ്റ്റേജ്. അതിനെ ഇപ്പോഴുള്ള കുറവുകൾകൂടി തീർത്ത് ലോകനിലവാരത്തിലുള്ള ഒരു നാടകവേദിയാക്കി മാറ്റണം. സിനിമ കാണിക്കാനുള്ള സൗകര്യം നിലനിർത്തുകയും വേണം. ടഗോർവളപ്പിൽ പണി തീർന്നു കിടക്കുന്ന ഒരു ചെറിയം ആംഫി തീയറ്ററും കഫറ്റേരീയയും ഉണ്ട്. അവ പ്രശ്നങ്ങൾ പരിഹരിച്ച് എത്രയും വേഗം ജനങ്ങൾക്ക് ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കണം.
ചലച്ചിത്രോത്സവത്തിന്റെ അവിഭാജ്യഭാഗമായി കഴിഞ്ഞിട്ടുള്ള, പ്രേക്ഷകരായി എത്തുന്നവരുടെ നാടൻപാട്ട്, കൂട്ടപ്പാട്ട് പരിപാടിയുടെ വേദിയായി അവിടം അനുവദിച്ചാൽ വളപ്പിൽ ഇപ്പോഴുണ്ടാകുന്ന ഗതാഗതപ്രശ്നം പരിഹരിക്കാനും കഴിയും. ആ തീയറ്ററിനു റോഡിലേക്കുള്ള പ്രവേശനകവാടവും ഉണ്ട്. അത് മറ്റുള്ള ജനങ്ങൾക്കും അവിടത്തെ പരിപാടികൾ കാണാൻ വഴിയൊരുക്കും. ഈ ചെറു ആംഫി തീയറ്റർ മേളയില്ലാത്തപ്പോഴും വലിയ പണച്ചെലവില്ലാത്ത പരിപാടികൾക്കുള്ള വേദിയായി ഉപയോഗിക്കാനാകും.
നഗരത്തിന്റെ വിശാലമായൊരു മേഖലയിലെ ഹോട്ടലുകൾ, ലോഡ്ജുകൾ, ബാറുകൾ, പലതരം വ്യാപാരശാലകൾ എന്നിവയ്ക്കെല്ലാം വരുമാനവർദ്ധന നല്കുന്നതാണ് ഇന്നത്തെ രീതിയിലുള്ള മേളനടത്തിപ്പ് എന്നതും പ്രധാനമാണ്. മേളാസമുച്ചയത്തിനായി സ്ഥലം കണ്ട കഴക്കൂട്ടം മേഖല ഐറ്റി നഗരത്തിന്റെ പ്രതിച്ഛായ ഉള്ളതായതിനാൽത്തന്നെ ചെലവേറിയതാണ്. വേണ്ടത്ര താമസസൗകര്യങ്ങളുമില്ല. നഗരത്തിൽ താമസിച്ചുകൊണ്ട് ദിവസേന പോയിവന്നു മേള കാണുക, എന്തെങ്കിലും മറന്നാൽപ്പോലും അത്രയും ദൂരം അങ്ങോട്ടും ഇങ്ങോട്ടും ഓടേണിവരിക തുടങ്ങിയവയൊക്കെ അസൗകര്യങ്ങളാണ്. ബസ് സ്റ്റേഷൻ, റയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയവയെല്ലാം നഗരത്തിലാണ് എന്ന തിരുവനന്തപുരത്തിന്റെ പ്രത്യേകതയും ഇന്നത്തെ മേളയുടെ രീതിക്ക് അനുഗുണമാണ്.
മറ്റൊരു വലിയ ചോദ്യവുമുണ്ട്. ഇന്നത്തെ കണക്കിൽ അയ്യായിരത്തിൽപ്പരം പ്രതിനിധികൾക്കു സിനിമ കാണാൻ ഒരുക്കുന്ന വിശാലമായ തീയറ്റർസമുച്ചയം എട്ടുദിവസത്തെ മേള കഴിഞ്ഞ് ബാക്കി 357 ദിവസവും എന്തു ചെയ്യും? എട്ടു ദിവസത്തേക്ക് ഏതാനും തീയറ്ററുകൾ വാടകയ്ക്കെടുക്കാൻ വേണ്ടിവരുന്ന ഏതാനും ലക്ഷം രൂപയെവിടെ, ആണ്ടിൽ 357 ദിവസവും ഉപയോഗമില്ലാത്ത കോൺക്രീറ്റ് ഘടന ഉണ്ടാക്കിവയ്ക്കാൻ ചെലവഴിക്കാൻ തീരുമാനിച്ചിരുന്ന 150 കോടി രൂപയെവിടെ! മേളയില്ലാത്ത 357 ദിവസവും ഈ സമുച്ചയം പരിപാലിക്കാൻ വേണ്ടിവരുന്ന ചെലവ് വേറെയും.''- മനോജ് ചൂണ്ടിക്കാട്ടുന്നു.
സനിമാക്കാർക്കായി സ്വകാര്യ സ്‌ക്രീനിങ്ങ് വേണ്ട
ജനങ്ങളും ചലച്ചിത്രപ്രവർത്തകരും ഒന്നിച്ച് സിനിമ കാണുന്ന പഴയ രീതിക്ക് പകരം സിനമാക്കാർക്കായി പ്രത്യേക സ്‌ക്രീനിങ്ങ് കൊണ്ടുവരുന്നത് ശരിയല്ലെന്ന് മനോജ് കെ പുതിയവിള എഴുതുന്നു. ''സർവ്വോപരി, സിനിമാക്കാർക്കുള്ളതല്ല, ജനങ്ങൾക്കുള്ളതാണ് കേരളത്തിന്റെ ചലച്ചിത്രമേള. മേളയുടെ ആശയം രൂപവത്ക്കരിച്ച പിജി അടക്കമുള്ളവർ അങ്ങനെയാണ് അതിനെ കണ്ടിട്ടുള്ളത്. കേരളീയരുടെ ചലച്ചിത്രസംസ്‌ക്കാരം മെച്ചപ്പെടുത്തുക, അതിനൊത്തു സിനിമ മാറിക്കൊള്ളും എന്ന തത്ത്വം. മലയാളസിനിമ ഇന്ന് ഇന്ത്യൻസിനിമയിൽ പുതുഭാവുകത്വം തീർക്കുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റിൽ വലിയൊരു പങ്ക് ഈ മേളയ്ക്കും ഇവിടെ ഒഴുകിനിറയുന്ന സിനിമാപ്രേമികൾക്കും, വിശേഷിച്ച് യുവാക്കൾക്കുമാണ്.
ഇതൊക്കെക്കൊണ്ടുതന്നെ സിനിമക്കാരും മറ്റുള്ളവരും ഒന്നിച്ചിരുന്നു പടം കാണുന്ന മേളയായിരുന്നു ഐഎഫ്എഫ്‌കെ. എന്നാൽ, അടുത്തകാലത്തായി സിനിമക്കാരെ വീണ്ടും വരേണ്യവർഗ്ഗമായി ഉയർത്തി സ്വകാര്യസ്‌ക്രീനിങ് എന്ന അസംബന്ധം ആരംഭിച്ചത് അടിയന്തരമായി അവസാനിപ്പിക്കുകയും വേണം. മേളയിൽ ഇടയ്ക്കെല്ലാം കടന്നുകൂടുന്ന ജനാധിപത്യവിരുദ്ധതകളും ഫ്യൂഡൽ മനോഭാവത്തിന്റെ ഭാഗമായ അധികാരപ്രയോഗങ്ങളും പൊലീസിന്റെ സാന്നിദ്ധ്യവുമൊക്കെ ഒഴിവാക്കപ്പെടണം. ചുളുവിൽ മീഡിയ അറ്റൻഷൻ കിട്ടും എന്ന സൗകര്യം മുതലാക്കി നേതാവാകാനൊക്കെയായി ചിലർ തട്ടിക്കൂട്ടുന്ന പ്രകടനാത്മകപ്രതിഷേധങ്ങളാണ് പൊലീസ്‌നിരീക്ഷണമില്ലാതെയുള്ള മേളയുടെ നല്ല നടപ്പിനു തടസമാകുന്നത്. അതുകൊണ്ട്, മേളയുമായി ബന്ധപ്പെട്ടതല്ലാത്ത പ്രശ്നങ്ങൾക്കുള്ള പ്രതിഷേധവേദിയാക്കി മാറ്റുന്ന രീതി പ്രതിനിധികൾ ഒഴിവാക്കണം. മേളയ്ക്കെത്തിയവർക്ക് ആവശ്യമെങ്കിൽ സംഘടിച്ച് മേള്യ്ക്കുപുറത്തുപോയി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാമല്ലോ.
അങ്ങനെയെല്ലാം ഈ മേളയെ ജനാധിപത്യത്തിന്റെ മേളയായും നഗരത്തെരുവുകളുടെ മേളയായും നമുക്കു നിലനിർത്താം, വളർത്താം. ഫെസ്റ്റിവൽ കോംപ്ലക്സ് പണിതു മേളയെ പൂട്ടിയിടാതെ തുറന്നുവിടാം, നഗരത്തിലേക്ക്.'-ഇങ്ങനെയാണ് മനോജ്് കെ പുതിയ വിളയുടെ പോസ്റ്റ് അവസാനിക്കുന്നത്. ഇതേതുടർന്ന് വലിയ സംവാദവും നവ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ടാഗോർ ഹാളിൽ ഓപ്പൺ ഫോറത്തിനിടെ പ്രതിനിധികളിൽ ചിലർ ഈ വിഷയം ഉയർത്തിയെങ്കിലും അധികൃതർക്ക് വ്യക്തമായി മറുപടി പറയാൻ കഴിഞ്ഞിട്ടില്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ