ലക്നൗ: നോമ്പ് കാലത്ത് മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും ഇഫ്താർ വിരുന്ന് പതിവുള്ളതാണ്. എന്നാൽ ഉത്തർപ്രദേശിൽ ഇത്തവണ മുഖ്യമന്ത്രി ഇഫ്താർ നടത്തില്ല.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ തീരുമാനം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇഫ്താർ വിരുന്ന് ഒഴിവാക്കുന്ന രണ്ടാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് യോഗി. നേരത്തെ, 1999 2000കാലയളവിൽ ഇവിടെ ബിജെപി മുഖ്യമന്ത്രിയായിരുന്ന രാം പ്രകാശ് ഗുപ്തയും ഇഫ്താർ വിരുന്ന് ഒഴിവാക്കിയിരുന്നു.

മുതിർന്ന നേതാക്കളായ എ.ബി വാജ്പേയ്, രാജ്നാഥ് സിങ്, കല്യാൺ സിങ് തുടങ്ങിയവർ മുൻപ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ്, ബിഎസ്‌പി നേതാവ് മായാവതി, മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരെല്ലാം റംസാനിൽ ഇഫ്താർ വിരുന്ന് ഒരുക്കിയിരുന്നു. ഈ പതിവാണ് യോഗി വേണ്ടെന്ന് വയ്ക്കുന്നത്.