- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കാന രാഷ്ട്രീയ സമിതിയുമായുള്ളത് ആത്മബന്ധം; പലതവണ മത്സരിക്കാൻ കെസിആർ ആവശ്യപ്പെട്ടെങ്കിലും കാക്കിയോടുള്ള പ്രണയം കാരണം നോ പറഞ്ഞു; മന്ത്രിപ്പണി കൈക്കുമ്പിളിലെത്തിയപ്പോൾ അമിത് ഷായുടെ ഉടക്കെത്തി; സസ്പെൻഷനിൽ ആയത് തെലുങ്കാനയിലെ ഐടി മന്ത്രിയാകാൻ മോഹിച്ച ലക്ഷ്മണ; 2020ലെ മോഹം അമിത് ഷാ പൊളിച്ച കഥ
തിരുവനന്തപുരം: ഐ.പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, തെലങ്കാനയിൽ മന്ത്രിയാവാൻ കച്ചമുറുക്കിയ ആളാണ് ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ആ നീക്കം. അന്നും കേരളാ പൊലീസിലെ ഐജി ആയിരുന്നു ലക്ഷ്മൺ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആശയവിനിമയം പോലും നടത്തി. പക്ഷേ കേന്ദ്രം രാജി വയ്ക്കാനുള്ള നീക്കം അംഗീകരിച്ചില്ല. ഇതോടെ പൊലീസുകാരനായി തുടരേണ്ടി വന്നു ലക്ഷ്മണയ്ക്ക്. ഈ ലക്ഷ്മണയ്ക്കാണ് മോൻസൺ മാവുങ്കൽ വിഷയത്തിൽ സസ്പെൻഷൻ േനരിടേണ്ടി വന്നത്.
14വർഷം സർവീസ് ശേഷിക്കെയാണ് ലക്ഷ്മൺ രാഷ്ട്രീയകളരിയിലിറങ്ങാൻ കരുക്കൾ നീക്കിയത്. വകുപ്പും നിശ്ചയിച്ചിരുന്നു ഇൻഫർമേഷൻ ടെക്നോളജി. പക്ഷേ, ഐ.പി.എസ് രാജിവച്ച് മന്ത്രിയാവാനുള്ള നീക്കം കേന്ദ്രം പൊളിച്ചു. ബിജെപിയുടെ ശത്രു പാളത്തിലാണ് തെലുങ്കാന രാഷ്ട്ര സമിതി എന്ന പാർട്ടിയും ചന്ദ്രശേഖര റാവുവും. ഇതാണ് ലക്ഷ്മണയ്ക്ക് തടസ്സമായത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ അടുപ്പക്കാരനാണ് ലക്ഷ്മൺ. ഐ.ടി വകുപ്പിന്റെ ചുമതലയുള്ള വ്യവസായ മന്ത്രി കെ.ടി.രാമറാവുവിൽ നിന്നും ചില വകുപ്പുകൾ നൽകി ലക്ഷ്മണയെ മന്ത്രിയാക്കാനായിരുന്നു ധാരണ.
തെലുങ്കാന മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ലക്ഷ്മൺ ഹൈദരാബാദിൽ പറന്നെത്തി. തെലങ്കാന രാഷ്ട്രീയത്തിൽ സജീവമായ ലക്ഷ്മണിന്റെ ബന്ധുക്കളായിരുന്നു ഇതിന് പിന്നിൽ. ലക്ഷ്മണിന്റെ രാജി അംഗീകരിച്ച് കേന്ദ്രത്തിന് കൈമാറണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തുകയും ചെയ്തു. എന്നാൽ ഈ നീക്കത്തെ കേന്ദ്രം പിന്തുണച്ചില്ല. ആഭ്യന്തര മന്ത്രിയായ അമിത് ഷാ ഇടപെട്ട് നീക്കം പൊളിച്ചു. ഇതോടെ വീണ്ടും കേരളാ പൊലീസിൽ സജീവമായി ലക്ഷ്മണ.
സസ്പെൻഷനിലാകുന്നതോടെ വീണ്ടും ലക്ഷ്മണ തെലുങ്കാനയിലേക്ക് പോകും. അവിടെ രാഷ്ട്രീയത്തിൽ സജീവമാകാനും സാധ്യത ഏറെയാണ്. 2009 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓഫറുണ്ടായിരുന്നെങ്കിലും സ്വീകരിച്ചില്ല. 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗുഗുലോത്ത് ലക്ഷ്മൺ ഖമ്മം ജില്ലക്കാരനാണ്. ആന്ധ്രപ്രദേശ് മുൻ ഡിജിപി ഡോ. ഡി.ടി. നായിക്കിന്റെ മകൾ ഡോ. കവിതയാണു ഭാര്യ. ആലപ്പുഴ എ.എസ്പിയായി ജോലിയിൽ പ്രവേശിച്ച ലക്ഷ്മൺ ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗങ്ങളിൽ പ്രവർത്തിച്ചു.
നാലു വർഷം മുംബയ് സ്റ്റോക്ക് എക്സ്ചേഞ്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോലി നോക്കി. ഈ നിയമനത്തിന് പിന്നിലും രാഷ്ട്രീയ സ്വാധീനം പ്രതിഫലിച്ചിരുന്നു. പൊലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഐജിയെ കേരളം സസ്പെന്റ് ചെയ്തത്. സസ്പെൻഷൻ ഉത്തരവിൽ ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി ഒപ്പിട്ടു.
മോൻസണെതിരേ ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് വീണ്ടും ലോക്കൽ പൊലീസിനുതന്നെ കൈമാറുന്നതിനായി ലക്ഷ്മൺ ഇടപെട്ടതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. കേസുകൾ ഒതുക്കാനും ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോൻസൺ അവകാശപ്പെടുന്ന വീഡിയോ, ഓഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മോൺസണെതിരായ കേസുകൾ അട്ടിമറിക്കാൻ ഇടപെട്ടു, ഔദ്യോഗിക വാഹനത്തിൽ പലതവണ തിരുവനന്തപുരത്ത് നിന്ന് ഐജി ലക്ഷ്മണ മോൺസന്റെ വസതിയിൽ എത്തി എന്നും കണ്ടെത്തിയിരുന്നു.
ഇതിനിടെ മോൻസൺ മാവുങ്കലുമായുള്ള ഐജി ലക്ഷമണയുടെ ഇടപാടുകളുടെ കൂടുതൽ തെളിവുകൾ പുറത്തുവന്നിരുന്നു. പുരാവസ്തു വിൽപ്പനയിൽ ഐജി ലക്ഷ്മണ ഇടനിലക്കാരനായിരുന്നെന്ന് സംശയിക്കുന്ന തെളിവുകളാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. ഐജി ലക്ഷമണയും മോൻസന്റെ മാനേജരടക്കമുള്ളവരുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ വിവരങ്ങളും ഇന്ന് പുറത്തുവന്നു. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരിയും ഇതിൽ ഇടപെട്ടിട്ടുണ്ട്. മോൻസന്റെ കൈവശമുണ്ടായിരുന്ന ഖുറാനും ബൈബിളും പുരാവസ്തു എന്ന പേരിൽ വിൽപ്പന നടത്താനും പദ്ധതിയിട്ടിരുന്നു.
ട്രാഫിക് ഐജി ആയ ജി ലക്ഷ്മണയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. മോൻസന്റെ പുരാവസ്തു വിൽപ്പനയിലും തട്ടിപ്പിലുമടക്കം ലക്ഷ്മണയ്ക്ക് നിർണായകമായ പങ്കുണ്ട് എന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി ശുപാർശ. മോൻസൺ അറസ്റ്റിലാകുന്നതിന് മുൻപ് വരെ വിൽപനകളിൽ ലക്ഷ്മണ ഇടപെട്ടിരുന്നതായാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ