- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ 42.7% പേർക്ക് കോവിഡ് വന്ന് പോയിരിക്കാം; സംസ്ഥാനത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യശരാശരിയേക്കാൾ നാലിരട്ടി കൂടുതൽ: ഐസിഎംആർ സിറോ സർവേ
തിരുവനന്തപുരം: കേരളത്തിൽ 42.7 ശതമാനം പേരിൽ ഐജിജി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആറിന്റെ പരിശോധനാഫലം. മൂന്ന് ജില്ലകളിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഈ പരിശോധനാഫലം ഐസിഎംആർ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യശരാശരിയേക്കാൾ നാലിരട്ടിയേക്കാൾ കൂടുതലാണ്.
എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലാണ് പരിശോധനകൾ നടന്നത്. കേരളത്തിൽ ഇത് വരെ ഐസിഎംആർ തലത്തിൽ നാല് സിറോ സർവേകളാണ് നടന്നിട്ടുള്ളത്. ഡിസംബർ 2020-ലെ 11.6 ശതമാനത്തിൽ നിന്നാണ് 42.7 ശതമാനത്തിലേക്കുള്ള വളർച്ച.
മൂന്നിൽ ഒരു ഭാഗത്തിന് ഇപ്പോഴും കോവിഡ് പിടിപെടാനുള്ള സാധ്യത ഉണ്ടെന്നും ഐസിഎംആർ വ്യക്തമാക്കി. ഒരു വർഷം മുമ്പ് കേരളത്തിൽ 0.33 ശതമാനം മാത്രമായിരുന്നു സെറോ സർവേ ഫലം. മെയ് 2020-ൽ 0.33 ശതമാനമായിരുന്നെങ്കിൽ ഓഗസ്റ്റ് 2020-ൽ ഇത് 0.88 ശതമാനമായിരുന്നു.
2020 ഡിസംബറിൽ 11.6 ശതമാനമായിരുന്നു കേരളത്തിലെ സെറോ സർവേ ഫലം. എന്നാൽ അഞ്ച് മാസത്തിനിപ്പുറം അത് 42.7 ശതമാനത്തിലേക്ക് കുതിച്ചു കയറുകയായിരുന്നു. കോവിഡ് രണ്ടാംതരംഗം കേരളത്തെ ഗുരുതരമായി ബാധിച്ചുവെന്ന് തെളിയിക്കുന്നതാണ് കണക്കുകൾ.
രാജ്യത്ത് അതേസമയം, സെറോസർവേ ഫലമനുസരിച്ച്, മൂന്നിൽ രണ്ട് പേർക്കും കോവിഡ് വന്ന് പോയിരിക്കാമെന്ന കണക്കുകളാണ് പുറത്തുവന്നത്. രാജ്യത്ത് 67 ശതമാനം പേരിൽ കോവിഡ് വന്നു പോയവരിൽ കാണുന്ന ആന്റിബോഡി ഉണ്ടെന്ന് കണ്ടെത്തിയതായി ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ജനസംഖ്യയിൽ മൂന്നിൽ ഒരു ഭാഗം ജനങ്ങളിൽ ആന്റിബോഡി ഇല്ല എന്ന് സെറോ സർവേയിൽ കണ്ടെത്തി.
വാക്‌സിൻ എടുക്കാത്തവരിൽ ആന്റിബോഡിയുടെ സാന്നിധ്യം 62.3 ശതമാനമാണ്. ഒരു ഡോസ് സ്വീകരിച്ചവരിൽ എട്ട് ശതമാനവും, രണ്ട് ഡോസും സ്വീകരിച്ചവരിൽ 89.8 ശതമാനവുമാണ് ആന്റിബോഡിയുടെ സാന്നിധ്യം.
ന്യൂസ് ഡെസ്ക്