കോട്ടയം: ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ പ്രഥമ ഭാരത സന്ദർശത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത. ശ്ലൈഹീക സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മെത്രാപ്പൊലീത്ത.

സന്ദർശനത്തിന്റെ പൂർണരൂപം അടുത്ത ആഴ്ച പകുതിയോടെ ലബനനിലെ പാത്രിയർക്കാ അരമനയിൽനിന്നും ലഭിക്കും. പരിശുദ്ധ പിതാക്കന്മാരുടെ കബറിടങ്ങൾ സന്ദർശിക്കാൻ ബാവാ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബാവായുടെ സന്ദർശനം ആഗ്രഹിച്ച് നിരവധി അപേക്ഷകൾ ലഭിച്ചു. ബാവായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മേഖല യോഗങ്ങൾ നടന്നുവരുന്നതായും മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. യോഗത്തിൽ കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്ത അധ്യക്ഷതവഹിച്ചു. എട്ട് ദിവസത്തെ കേരള സന്ദർശനം ഉൾപ്പെടെ 10 ദിവസം ബാവാ ഇന്ത്യയിൽ ഉണ്ടാകും. ഏഴാം തീയതി നെടുമ്പാശേരിയിൽ എത്തുന്ന ബാവാ 14നു ഡൽഹിക്കു മടങ്ങും. എട്ടിനു വൈകുന്നേരം നാലിനു ഭാരത സുറിയാനി സഭയുടെ നേതൃത്വത്തിൽ കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിൽ വരവേൽപ് നല്കും.

വിവിധ െ്രെകസ്തവ മേലധ്യക്ഷന്മാർ, രാഷ്ട്രീയ നേതാക്കൾ, കേന്ദ്ര, സംസ്ഥാന സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിൽ തുർക്കി കൊലപാതകത്തെ അനുസ്മരിച്ച് മെഴുകുതിരി കത്തിച്ച് ലോഗോ പ്രകാശനം ചെയ്യും. എട്ട് മെത്രാപ്പൊലീത്താമാർ ഉൾപ്പെടെ 34 അംഗസംഘമാണു പാത്രിയർക്കീസ് ബാവായൊടൊപ്പം ഇന്ത്യയിലെത്തുക. ഒമ്പതിനു ക്‌നാനായ സുറിയാനി സഭയുടെ വിവിധ പരിപാടികളിൽ ബാവാ പങ്കെടുക്കും.

പത്തിനു വീണ്ടും കോട്ടയത്തെത്തുന്ന ബാവാ യാക്കോബായ സുറിയാനി സഭയുടെ കഞ്ഞിക്കുഴി സിറിയൻ ഓർത്തഡോക്‌സ് സെന്റർ ചാപ്പലിന്റെ മൂറോൻ കൂദാശ നിർവഹിക്കും. 11, 12 തീയതികളിൽ മഞ്ഞനിക്കര പെരുന്നാളിൽ പങ്കെടുക്കും. 13നു മാരാമൺ കൺവൻഷനിൽ പ്രസംഗിക്കും. കട്ടച്ചിറ പള്ളി, പരുമല അരമന എന്നിവിടങ്ങളിൽ ബാവാ സന്ദർശിക്കും. 14നു വൈകുന്നേരം മലയകുരിശ് ദയറായിലെത്തും. 14, 15 തീയതികളിൽ മലയകുരിശ് പള്ളിയുടെ കൂദാശ നിർവഹിക്കും. 12നു സഭാ വർക്കിങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി യോഗങ്ങളിൽ ബാവാ പങ്കെടുക്കും. പൊതുസമ്മേളനത്തിന്റെ നടത്തിപ്പിനായി കോട്ടയം ഭദ്രാസനത്തിൽ സബ് കമ്മിറ്റി രൂപീകരിച്ചു. സബ് കമ്മിറ്റിയുടെ ഒരു യോഗം നാളെ വൈകുന്നേരം അഞ്ചിനു കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്തായുടെ അധ്യക്ഷതയിൽ കോട്ടയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ ചേരും.

യോഗത്തിൽ സഖറിയാസ് മാർ പീലക്‌സിനോസ് മെത്രാപ്പൊലീത്ത, ഭദ്രാസന സെക്രട്ടറി കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ മണലേൽച്ചിറ, കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഇട്ടിയേടത്ത്, തോമസ് ഇട്ടി കോർ എപ്പിസ്‌കോപ്പ കുന്നത്തൈയ്യേട്ട്, ആൻഡ്രൂസ് കോർ എപ്പിസ്‌കോപ്പ ചിരവത്തറ, മാണി കോർ എപ്പിസ്‌കോപ്പ കല്ലാപ്പുറം, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.