കുവൈത്ത്: കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തുന്ന മൂന്ന് പള്ളികളിൽ ഈദുൽ ഫിത്വർ പെരുന്നാൾ നമസ്‌കാരം നടക്കുമെന്ന് ഐ.ഐ.സി ഔക്കാഫ് വകുപ്പ് സെക്രട്ടറി അറിയിച്ചു. മലയാളം ഖുതുബ നടക്കുന്ന സാൽമിയയിലെ അബ്ദുല്ല അൽ വുഐബ് പള്ളിയിൽ ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്സ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകും.

സബാഹിയ്യ ത്വിഫ്‌ല അസ്സഹബി പള്ളിയിൽ മുഹമ്മദ് അരിപ്രയും ജഹ്‌റ അൽ മുഅ്തസിം പള്ളിയിൽ ഷമീമുള്ള സലഫിയും നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. നമസ്‌കാര സമയം കാലത്ത് 5.10 നാണ്. വിശദ വിവരങ്ങൾക്ക് 97228093, 97326896 നമ്പറുകളിൽ വിളിക്കുക.

കുവൈത്ത് ഔക്കാഫ്, ആഭ്യന്തരകാര്യ മന്ത്രാലയങ്ങളുടെ കണിശമായ നിർദ്ദേശം മാനിച്ചാണ് കുവൈത്തിൽ ഈദ് ഗാഹുകൾ നിർത്തിവച്ചത്. തുർക്കിയിലെ ഇസ്താംബൂൾ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണ പശ്ചാതലത്തിൽ കുവൈത്തിലും ആക്രമണ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തുറന്നായ സ്ഥലത്തെ ഈദ് ഗാഹുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത് പൊലീസ് നിർബന്ധിതനായതെന്നാണ് സൂചന.

കുവൈത്തിൽ മലയാളികൾക്കിടയിൽ ആദ്യമായി ഈദ് ഗാഹിന് തുടക്കം കുറിച്ച ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇതാദ്യമായിട്ടാണ് ഈദ് ഗാഹ് സുരക്ഷ കാരണത്താൽ നിർത്തിവെക്കുന്നത്. കഴിഞ്ഞ നാല് വർഷങ്ങളായി ഐ.ഐ.സിയും കെ.ഐ.ജിയും സംയുക്തമായിട്ടാണ് ഈദ് ഗാഹ് നടത്തിവന്നിരുന്നത്. അറബികളുടെ അറുപതോളം ഈദ്ഗാഹിനും മലയാളി സംഘടനകളുടെ ഇരുപതോളം ഈദ്ഗാഹുകളുമാണ് സുരക്ഷ കാരണത്താൽ നിർത്തിവച്ചത്.