കുവൈത്ത് സിറ്റി: മഹത്തായ ഇന്ത്യൻ സാംസ്‌കാരിക പാരമ്പര്യത്തിന് മേൽ അസഹിഷ്ണുതയുടെ വിഷ വിത്തുകൾ വിതറികൊണ്ട് കാവി രാഷ്ട്രീയത്തിന്റെ തീവ്ര ദേശീയത രാജ്യത്തിന് ഗുരുതരമായ അപമാന വികരണമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന് 'ഇസ്‌ലാം, ഖുർആൻ, പ്രവാചകൻ' എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ത്രൈമാസ ക്യാംപയിന്റെ സമാപന സമ്മേളനം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ നീക്കം ചെയ്യാൻ ഭരണ സംവിധാനങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ലോകത്ത് ഇസ്‌ലാമിനെയും മുസ്‌ലീംകളേയും അവഹേളിക്കുന്നതിനായി നിർവ്വഹിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെ സൃഷ്ടിയാണ് മദ്ധേഷ്യൻ രാജ്യങ്ങളിലെ ആഭ്യന്തര കലഹങ്ങളെന്നും മതത്തിലെ അഭിപ്രായ വൈവിദ്യങ്ങളെ കലഹങ്ങൾക്കുള്ള യുദ്ധ ഭൂമിയാക്കാൻ വ്യഗ്രത കാട്ടുന്ന അവിവേക സംഘങ്ങൾക്കെതിരെ സമുദായം ജാഗ്രത പുലർത്തണം.

വിശുദ്ധ ഖുർആനിന്റെ പ്രബഞ്ച വീക്ഷണവും മാനവിക തലവും ലോകത്ത് സജീവമായ ചർച്ചകൾക്ക് വിധേയമാക്കാൻ മുസ്‌ലിം പണ്ഡിതരും പ്രബോധന കൂട്ടായ്മകളും തീവ്രശ്രമങ്ങൾ നടത്തണം. പ്രതീക്ഷ നഷ്ടപ്പെട്ട ഭൗതിക പ്രത്യയ ശാസ്ത്രങ്ങൾ ബൗദ്ധിക സംവാദങ്ങളിൽ നിന്ന് തന്നെ ഉൽവലിയുന്ന ലോക സാഹചര്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ ദൈവ വീക്ഷണത്തെ ബുദ്ധിപരമായി പരിചയപ്പെടുത്തുന്നേടത്ത് പുതു പുലരിയുടെ പുത്തൻ പ്രതീക്ഷകൾ സൃഷ്ടിക്കപ്പെടണമെന്നും സമ്മേളന പ്രമേയം ആഹ്വാനം ചെയ്തു.

സമ്മേളനത്തിൽ ഖത്തർ യൂനിവേഴ്‌സിറ്റി വിദ്യാർത്ഥിയും പ്രമുഖ യുവ പ്രാസംഗികനും മുജാഹിദ് സ്റ്റുഡൻസ് മൂവ്‌മെന്റ് (എം.എസ്സ്.എം)  മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡന്റുമായ സാബിക് പുല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വൈസ് ചെയർമാൻ അബൂബക്കർ സിദ്ധീഖ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ഉപാധ്യക്ഷ്യൻ വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, പി.വി അബ്ദുൽ വഹാബ്, എൻ.കെ റഹീം  എന്നിവർ സംസാരിച്ചു. പ്രസിഡന്റ് എഞ്ചി. അൻവർ സാദത്ത്, ട്രഷറർ മുഹമ്മദ് ബേബി, ലുലു എക്‌സേഞ്ച് ഗ്രൂപ്പ് ഏരിയ മാനേജർ ഷഫാസ് അഹ്മദ്, എൻ.കെ മുഹമ്മദ് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.. സൈദ് മുഹമ്മദ് റഫീഖ് ഖിറാഅത്ത് നടത്തി.