ചെന്നൈ: താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നതെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും സം​ഗീത സംവിധായകൻ ഇളയരാജ. പ്രസാദ് സ്റ്റുഡിയോയുമായുള്ള പ്രശ്‌നത്തിന്റെ പേരിൽ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ തിരിച്ചു നൽകുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ പുരസ്‌കാരങ്ങൾ തിരിച്ചു നൽകുമെന്ന് പ്രചരിക്കുന്നത് വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസംബറിൽ പ്രസാദ് സ്റ്റുഡിയോയിലെ തന്റെ മുറി ഇളയരാജ ഒഴിഞ്ഞു കൊടുത്തിരുന്നു. അവിടെ സൂക്ഷിച്ചിരുന്ന സംഗീതോപകരണങ്ങളും മറ്റ് വസ്തുക്കളും അദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. 30 വർഷത്തോളമായി സ്റ്റുഡിയോയിലെ മുറിയിലാണ് ഇളയരാജ റെക്കോർഡിങ്ങ് നടത്തിയിരുന്നത്. സ്റ്റുഡിയോയുടെ സ്ഥാപകൻ എൽ.വി പ്രസാദിന്റെ വാക്കാലുള്ള അനുമതിയോടെയായിരുന്നു ഇളയരാജ സ്റ്റുഡിയോ ഉപയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം പ്രസാദിന്റെ പിൻഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ ഇളയരാജയോട് മുറി ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ 30 വർഷത്തിലേറെയായി താൻ ജോലി ചെയ്തിരുന്ന സ്റ്റുഡിയോയിൽ നിന്ന് തന്നെ പുറത്താക്കുന്നതിനെ എതിർത്തും ആ മുറിയിൽ ധ്യാനം ചെയ്യാൻ അനുമതി തേടിയും ഇളയരാജ ഹൈക്കോടതിയിൽ ഹരജി നൽകുകയായിരുന്നു. തങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കാമെങ്കിൽ സ്റ്റുഡിയോയിൽ പ്രവേശിക്കാമെന്ന് പ്രസാദ് സ്റ്റുഡിയോ ഉടമകൾ തീരുമാനമെടുത്തതിനെത്തുടർന്ന് ഇളയരാജ കേസുകൾ പിൻവലിക്കാമെന്ന് കോടതിയിൽ സമ്മതിക്കുകയായിരുന്നു.