മുംബൈ: നടിമാർക്ക് പൊതു ഇടങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ആരാധന കൊണ്ടും അല്ലാതെയും മോശം പെരുമാറ്റ നേരിടാറുണ്ട്. അത്തരമൊരു ദുരനുഭവം നടി ഇല്യാന ഡിക്രൂസും നേരിട്ടും. ആ അനുഭവം ഉണ്ടായതോടെ ഒരു പെണ്ണാണെന്ന നിസ്സഹായവസ്ഥ തനിക്ക് തോന്നിയെന്നും ഇല്യാന പറയുന്നു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം നടി പറഞ്ഞത്.

ആരാധകരായാലും ശരി ഞാനൊരു പെണ്ണാണെന്ന് മറന്നുള്ള പെരുമാറ്റം സഹിക്കുകയില്ല. അതു മറന്ന് അതിരു വിട്ട് പെരുമാറാൻ ഞാനാർക്കും അനുവാദം കൊടുത്തിട്ടില്ലെന്നായിരുന്നു ഇല്ല്യാന ആദ്യം ട്വീറ്റ് ചെയ്തത്. ഇതോടെ എന്താണ് നടിക്ക് സംഭവിച്ചത് എന്ന ചോദ്യം ഫോളോവേഴ്‌സും ഉന്നയിച്ചു. എന്തോ ദുരനുഭവം ഉണ്ടായെന്ന നിഗമനത്തിലായിരുന്നു ആരാധകർ. തനിക്ക് നടു റോഡിൽ സംഭവിച്ച ദുരവസ്ഥയെക്കുറിച്ച് ഒടുവിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

ഒരു ദേശീയ മാധ്യമത്തോട് തന്റെ ട്വീറ്റിന് കാരണമായ സംഭവം താരം തുറന്നു പറഞ്ഞു. സിനിമയുടെ പ്രമോഷൻ പരിപാടിക്കായി പോകവേയാണ് നടിക്ക് മോശം അനുഭവം ഉണ്ടായത്. ട്രാഫിക് സിഗ്നൽ മാറാൻ കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് സമീപത്തുണ്ടായ കാറിലെ ആറു പുരുഷന്മാർ മോശമായി പെരുമാറാൻ തുടങ്ങിയത്. കാറിന്റെ ഗ്ലാസിൽ തട്ടി ശബ്ദം ഉണ്ടാക്കാൻ തുടങ്ങി. അശ്ലീലകരമായ ഭാവങ്ങളും ആംഗ്യങ്ങളും കാണിച്ചു. ഒരാൾ കാറിന്റെ മുകളിലെ വിേേൻഡാ തുറന്ന് കമിഴ്ന്ന് കിടന്ന് മോശമായി ചിരിക്കാനും കളിയാക്കാനും തുടങ്ങി.

എനിക്ക് വേണമെങ്കിൽ അവരുടെ ഫോട്ടോ എടുക്കാമായിരുന്നു. പക്ഷേ അതവരെ കൂടുതൽ പ്രകോപിപ്പിക്കുകയെയുള്ളൂ. നിസ്സഹായയായ പെണ്ണെന്ന് തോന്നിപ്പിച്ചു പോയി ആ സംഭവം. സിഗ്നൽ മാറിയപ്പോഴും അവർ കാറിനെ പിന്തുടർന്നുവെന്നും ഡ്രൈവറും താനും മാത്രം ഉണ്ടായിരുന്നതിനാൽ അവർ ആറു പേരോട് പ്രതികരിക്കുന്നത് കൂടുതൽ അപകടമാകുമെന്ന് മനസ്സിലാക്കിയെന്നും ഇല്യാന പറയുന്നു.