ഹൈദരാബാദ്:  തെലുങ്കാനയിലെ രണ്ട് മുൻസിപ്പൽ കോർപറേഷൻ ജീവനക്കാരുടെ സ്വത്തിന്മേൽ അഴിമതി വിരുദ്ധ വിഭാഗം(എ സി ബി) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് 200 കോടിയുടെ സ്വത്ത്. ജി വി രഘുരാമി റെഡ്ഡി, വിജയവാഡ മുൻസിപ്പൽ കോർപറേഷനിലെ ജൂനിയർ ടെക്‌നിക്കൽ ഓഫീസറായ എൻ വി ശിവപ്രസാദ് എന്നിവരുടെ സ്വത്തിനെ കുറിച്ചാണ് എ സി ബി അന്വേഷണം നടത്തിയത്. ഇവർ ബന്ധുക്കളാണെന്നാണ് സൂചന.

23 സംഘങ്ങളായി രണ്ടുദിവസം നടത്തിയ അന്വേഷണത്തിലാണ് എ സി ബി ഇരുവരുടെയും അനധികൃതസ്വത്ത് കണ്ടെത്തിയതെന്ന് ദേശീയമാധ്യമമായ എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി പതിനഞ്ചിടങ്ങളിലായി ഇവർക്ക് വസ്തുവകകളുണ്ട്. ഇവയുടെ മൂല്യം കുറഞ്ഞത് 200 കോടിയെങ്കിലും വരുമെന്ന് എ സി ബി അധികൃതർ വ്യക്തമാക്കി.
രഘുരാമിയെയും ശിവപ്രസാദിനെയും അഴിമതി വിരുദ്ധനിയമപ്രകാരം അറസ്റ്റ് ചെയ്തു.

മംഗളഗിരി, വിജയവാഡ, ഗന്നവാരം, വിശാഖപട്ടണം, ഹൈദരാബാദ്, ചിറ്റൂർ തുടങ്ങി 15 ഇടങ്ങളിൽ ഇരുവർക്കും ഭൂമിയുണ്ട്. പതിനൊന്ന് കിലോ സ്വർണം, നാലുകോടി മതിപ്പുവില വരുന്ന കല്ലുകൾ, 43 ലക്ഷം രൂപ എന്നിവ ശിവപ്രസാദിന്റെ പക്കൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
കുടുംബാഗങ്ങളുടെ പേരിലും വ്യാജപേരുകളിലും ഇവർ ഭൂമി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഫ്‌ലാറ്റ്, കൺവൻഷൻ സെന്ററുകൾ തുടങ്ങിയവയും ഇവരുടെതായി കണ്ടെത്തിയിട്ടുണ്ട്. 2009 ൽ ഹൈദരാബാദിൽ ചീഫ് സിറ്റി പ്ലാനറായി രഘുരാമി ജോലി ചെയ്തിരുന്നു. ഇക്കാലയളവിൽ കെട്ടിടനിർമ്മാണത്തിനായി അനുമതി നൽകിയതിലൂടെയാണ് ഇത്രയധികം സ്വത്ത് ഇയാൾ സമ്പാദിച്ചതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.