കണ്ണൂർ: ഭർതൃമതിയായ കാമുകിയെ സുഹൃത്ത് കൈവശപ്പെടുത്തിയതിലുള്ള പ്രതികാരമാണ് തളിപ്പറമ്പ് ബക്കളത്തെ രജീഷിനെ കൊലപ്പെടുത്താൻ കാശി എന്ന വിളിപ്പേരുള്ള രാഗേഷിനെ പ്രേരിപ്പിച്ചത്. ബക്കളത്തെ വിദ്യാസമ്പന്നയായ യുവതിയെയായിരുന്നു പ്രതിയായ പാച്ചേനി തറമ്മൽ രാഗേഷ് വിവാഹം കഴിച്ചിരുന്നത്. അക്കാലത്തു തന്നെ രാഗേഷിന് മറ്റൊരു യുവതിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് ഭാര്യക്ക് അറിവുണ്ടായിരുന്നു. അതോടെ ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു.

ഭാര്യയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് ഇടപെട്ട് ഇനി കാമുകിയുമായി ബന്ധപ്പെടില്ലെന്ന വ്യവസ്ഥയിൽ അനുരഞ്ജനവും നടന്നു. എന്നാൽ രാഗേഷ് വ്യവസ്ഥകൾ ലഘിച്ച് കാമുകിയുമായുള്ള ബന്ധം തുടരുക തന്നെ ചെയ്തു. ഇതോടെ രാഗേഷുമായി ബന്ധം ഒഴിവാക്കി ഭാര്യ ഓസ്ട്രേലിയയിലേക്ക് ജോലിക്കു പോയി. ടാക്സി ഡ്രൈവറായിരുന്ന രാഗേഷ് ഗൾഫിൽ അല്പകാലം ജോലി ചെയ്തെങ്കിലും കാമുകിയുമായി അധികകാലം വിട്ടു നിൽക്കാനാവാത്തതിനാൽ തിരിച്ചു വരികയായിരുന്നു.

പറശ്ശിനിക്കടവ് എ.യു.പി. സ്‌ക്കൂളിലെ പ്യൂണായ ബക്കളം കാനൂൽ സ്വദേശി പി. പി. രജീഷ് സുഹൃത്തിന്റെ കാമുകിയെ വശത്താക്കാൻ ഇക്കാലത്ത് ശ്രമം തുടങ്ങിയിരുന്നു. മദ്യപാനശീലമുള്ള ഇരുവരും മദ്യപിക്കുന്നതിനിടയിൽ കൊല്ലപ്പെട്ട രജീഷ് രാഗേഷിന്റെ കാമുകിയുടെ ഫോൺ നമ്പർ തന്ത്രത്തിൽ തട്ടിയെടുത്തിരുന്നു. അങ്ങനെ രജീഷ് രാഗേഷിന്റെ കാമുകിയുമായി അടുത്തു. 36 കാരനായ രാഗേഷിനേക്കാൾ 32 കാരനായ രജീഷുമായി അവൾ കൂടുതൽ അടുത്തു.

രജീഷുമായുള്ള ബന്ധം മനസ്സിലാക്കിയ രാഗേഷ് കാമുകിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിന്റെ മദ്ധ്യസ്ഥതയിൽ പ്രശ്നം താത്കാലികമായി ഒത്തുതീർന്നു. എന്നാൽ പി.പി. രജീഷ് യുവതിയുമായുള്ള ബന്ധം പതിവുപോലെ തുടർന്നു. കാമുകി പൂർണ്ണമായും തന്നെ കൈവിട്ടെന്ന ചിന്ത പ്രതികാരമായി കാശി രാഗേഷിൽ വളരുകയായിരുന്നു. അങ്ങനെയാണ് രജീഷിനെ ഇല്ലായ്മ ചെയ്യാൻ രാഗേഷ് തീരുമാനിച്ചത്.

കാമുകിയുമായി ബന്ധപ്പെട്ട സംഭവം ചർച്ച ചെയ്യാനെന്ന വ്യാജേന സ്‌ക്കൂളിൽ നിന്നും രജീഷിനെ സെപ്റ്റംബർ 5 ാം തീയ്യതി രാഗേഷ് വിളിച്ചു കൊണ്ടുപോവുകയായിരുന്നു. വാടക കാറിൽ പർശ്ശിനിക്കടവ് പാലത്തിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ചതിനു ശേഷം ഇവർ കാമുകിയെ ചൊല്ലി പരസ്പരം തർക്കിച്ചു. അതിനൊടുവിൽ കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തി. തുടർന്ന് ടാക്സി കാറിൽ ബക്കളത്തെ വിജനമായ സ്ഥലത്തുകൊണ്ടുപോയി പ്രവർത്തനം നിലച്ച പ്ലൈവുഡ് കമ്പനിക്ക് സമീപം ഉപയോഗ ശൂന്യമായ കിണറ്റിൽ മൃതദേഹം കൊണ്ടിട്ടു.

തുടർന്ന് പ്രതി മാതമംഗലത്തെ സഹോദരീ വീട്ടിലേക്കുള്ള യാത്രയിൽ കത്തിയും മുണ്ടും കാട്ടിലുപേക്ഷിച്ച ശേഷം തിരിച്ചു വരികയും രജീഷിന്റെ ഫോൺ സിം മാറ്റിയ ശേഷം കർണ്ണാടകത്തിലേക്ക് പോവുകയായിരുന്ന ഒരു ലോറിയിൽ ഉപേക്ഷിക്കുകയായിരുന്നു. സ്‌കൂളിൽ നിന്നും പുറത്തുപോയ രജീഷിനെ കാണാതായതിനുശേഷവും ഫോൺ പ്രവർത്തിച്ചത് പൊലീസ് അന്വേഷണത്തിൽ തുമ്പുണ്ടാക്കാൻ സഹായകമായി. മാത്രമല്ല രാഗേഷ് തൊട്ടടുത്ത ദിവസം തന്നെ സൗദിയിലേക്ക് പോവുകയും ചെയ്തു.

സൗദിയിൽ സഹോദരന്റെ അടുക്കൽ അഭയം തേടിയ രാഗേഷിനെ തന്ത്രപൂർവ്വം പൊലീസ് സഹോദരനെ ബന്ധപ്പെട്ടു തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. സൗദിയിൽനിന്നു തിരിച്ചെത്തിയ രാഗേഷ് ജീവനൊടുക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഡയറിയിൽ നിന്നും ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യം മറച്ചുവക്കാനും രാഗേഷ് നന്നായി പരിശ്രമിച്ചിരുന്നു. രജീഷ് ജീവനോടെയുണ്ട് എന്ന് വരുത്തിത്തീർക്കാൻ സമീപകാലത്ത് ഇറങ്ങിയ ദൃശ്യം സിനിമയിലെ ദൃശ്യങ്ങളെ അനുകരിച്ച് പ്രവർത്തിക്കുകയും ചെയ്തു. രജീഷിനെ കൊല്ലാൻ ഉപയോഗിച്ച കത്തി പാണപ്പുഴ കരിങ്കച്ചാലിലെ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിലും കാറിലുണ്ടായിരുന്ന ടർക്കി ടൗവ്വലുകൾ രക്തം പുരണ്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഒരു കാമുകിയെ ചൊല്ലിയുണ്ടായ കലഹത്തിൽ മൂന്ന് കുടുംബങ്ങളാണ് വഴിയാധാരമാവുന്നത്. പ്രതിയായ രാഗേഷിന്റെ ആദ്യ ഭാര്യയാണ് ഒന്നാമത്തെ ഇര. ഇപ്പോൾ കൊല്ലപ്പെട്ട രജീഷിന്റെ കുടുംബവും പ്രതിയുടെ കുടുംബവും ഇരകളായി.