- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൊട്ടമൂട് ഷാജിയെ കൊന്നത് തന്റെ മക്കൾ! കെട്ടിടം പൊളിക്കാതിരിക്കാൻ എല്ലാ ഒത്താശയും ചെയ്ത് കോർപ്പറേഷനും; കൈയൂക്കുള്ളവന് കാശുണ്ടെങ്കിൽ തിരുവനന്തപുരത്തും കാര്യക്കാരനാകാം; തൈക്കാട് ആശുപത്രിക്ക് മുന്നിലെ ഓടിട്ട കെട്ടിടം മൂന്ന് നിലയായത് ഭീഷണിയിലും അഴിമതിയിലും
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം തൈക്കാട് ഹോസ്പിറ്റലിന് എതിർവശത്ത് മൂന്ന് നില കെട്ടിടത്തിന്റെ അനധികൃതനിർമ്മാണത്തിന് മുന്നിൽ കണ്ണടച്ച് കോർപ്പറേഷൻ അധികൃതർ. കോർപ്പറേഷന്റെ യാതൊരു അനുമതികളുമില്ലാതെയാണ് ഈ കെട്ടിടത്തിന്റെ നിർമ്മാണമെന്നാണ് പരാതി. റോഡിൽ നിന്നും 10 മീറ്റർ അകലം പാലിക്കണമെന്ന നിർദ്ദേശം കാറ്റിൽ പറത്തിക്കൊണ്ട് ബസ് സ്റ്റോപ്പ് കൂടി കൈയേറിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം.
പണി നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ മൂന്ന് തവണ കോർപ്പറേഷൻ സ്റ്റോപ്പ് മെമോ നൽകിയിരുന്നെങ്കിലും അതെല്ലാം ധിക്കരിച്ചുകൊണ്ടായിരുന്നു പണി പുരോഗമിച്ചത്. കോർപ്പറേഷന്റെ പരാതിപ്രകാരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും പണി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും താൽക്കാലികമായി കുറച്ചുദിവസത്തേയ്ക്ക് പണി നിർത്തിവെച്ച ശേഷം വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് സമീപത്തെ വസ്തുവിന്റെ ഉടമസ്ഥനായ സിഎൻ സുരേഷ് നൽകിയ പരാതിയിൽ കെട്ടിടം അനധികൃതമാണെന്നും കോർപ്പറേഷൻ രേഖകളിൽ ഷീറ്റ്, ഓട് എന്നിവ മേഞ്ഞ ഒറ്റനില കെട്ടിടം മാത്രമാണ് അവിടെയുള്ളതെന്നും പബ്ലിക് വർക്ക്സ് ഓവർസിയർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് 2019 ൽ കെട്ടിടം 30 ദിവസങ്ങൾക്കുള്ളിൽ കെട്ടിടം ഇടിച്ചുമാറ്റണമെന്ന ഉത്തരവ് കോർപ്പറേഷൻ ഇറക്കിയിരുന്നെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി യാതൊരു തുടർനടപടികളും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നു.
നിലവിൽ പാളയം കൗൺസിലറായിരിക്കുന്ന പാളയം രാജനുമായി അടുത്ത ബന്ധമാണ് കെട്ടിടത്തിന്റെ ഉടമസ്ഥനായ സന്തോഷിനുള്ളത്. കഴിഞ്ഞ ഭരണസമിതി കാലയളവിൽ നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷനായിരിക്കുമ്പോൾ പാളയം രാജൻ തന്നെയാണ് ഈ അനധികൃത കെട്ടിടത്തിന്റെ ഉത്ഘാടനവും നിർവഹിച്ചത്. അഞ്ച് ഓഫീസുകൾ പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം 2020 ൽ കോർപ്പറേഷൻ നോട്ടീസ് നൽകിയെങ്കിലും തുടർപ്രവർത്തനങ്ങൾ മന്ദീഭവിക്കുകയിരുന്നു.
തൊട്ടടുത്ത കെട്ടിടത്തിന് ദോഷകരമായ രീതിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയും മലിനജലം അവിടേയ്ക്ക് ഒഴുക്കിവിടുകയും ചെയ്തതോടെയാണ് ആ സ്ഥലത്തിന്റെ ഉടമസ്ഥൻ ഈ കെട്ടിടത്തിനെതിരെ പരാതിയുമായി കോർപ്പറേഷനിലെത്തുന്നത്. കോർപ്പറേഷൻ നോട്ടീസ് പതിച്ചതിന് പിന്നാലെ പരാതിക്കാരനെ വിളിച്ച സന്തോഷ് വധഭീഷണി മുഴക്കിയതായും പൊലീസിൽ പരാതി നൽകിയിരുന്നു. ഗുണ്ടാത്തലവനായിരുന്ന മൊട്ടമൂട് ഷാജിയെ കൊന്നത് തന്റെ മക്കളാണെന്നായിരുന്നു സന്തോഷിന്റെ വിരട്ടൽ. എന്നാൽ ഈ കേസിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്.
അനധികൃത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടകൾ ഒഴിയുന്നതിന് 2020 ലാണ് കോർപ്പറേഷൻ 15 ദിവസത്തെ നോട്ടീസ് നൽകിയത്. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും കടകൾ ഒഴിപ്പിക്കുന്നതിനോ കെട്ടിടം ഇടിക്കുന്നതിനോ യാതൊരു തുടർനടപടികളും ഉണ്ടായിട്ടില്ല. അനധികൃത കെട്ടിടമാണെന്ന റിപ്പോർട്ടിന്മേൽ ആരംഭിച്ച നടപടിക്രമങ്ങൾക്ക് പെട്ടെന്ന് വേഗത കുറഞ്ഞതും ഒന്നര വർഷമായി തുടർനടപടികൾ മരവിച്ചതും ഉന്നത ഇടപെടലുകൾ കൊണ്ടാണെന്നാണ് നാട്ടുകാരുടെ ആരോപണം.