മസ്‌ക്കറ്റ്: വിമാനത്താവളത്തിന്റെ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന ആയിരത്തിലേറെ അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയിട്ടും അനധികൃതമായി തൊഴിലാളികളെ നിർമ്മാണ ജോലികൾക്ക് നിയമിക്കുന്ന പ്രവണത രാജ്യത്ത് തുടരുന്നതായി റിപ്പോർട്ട്. ഏഷ്യക്കാരടക്കം ആയിരത്തിലേറെ തൊഴിലാളികളെകഴിഞ്ഞാഴ്ചയാണ് മിനിസ്ട്രി ഓഫ് മാൻപവർ അറസ്റ്റ് ചെയ്തത്. ഹംറിയാ തെരുവുകളിൽ പുലർച്ചെ മുതൽ തൊഴിലാളികളിലെ ബിൽഡിങ് സൈറ്റുകളിലേക്ക് അനധികൃതമായി തൊഴിലാളികളെ ബസുകളിലും കാബുകളിലും കൊണ്ടുപോകുന്ന കാഴ്ച നിത്യമാണെന്ന് ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്യുന്നു.

കെട്ടിട നിർമ്മാണ മേഖലകളിലേക്ക് ദിവസക്കൂലിക്ക് നിയമിക്കപ്പെടുന്ന അനധികൃത തൊഴിലാളികൾക്ക് മണിക്കൂറിന് 600 ബൈസ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും തൊഴിലാളികളുടെ പോക്കറ്റിൽ വീഴുന്നത് 400 ബൈസ എന്ന നിരക്കാണ്. ഇടനിലക്കാരൻ കമ്മീഷൻ ഇനത്തിൽ 200 ബൈസ എടുക്കുന്നതിനാലാമിത്. ഡീൽ ഉറപ്പിച്ചു കഴിഞ്ഞാൽ തൊഴിലാളികളെ ഇവിടെ നിന്നും നിർമ്മാണ സൈറ്റുകളിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഹംറിയാ തെരുവിൽ നിന്ന് ദിവസേന നൂറു കണക്കിന് അനധികൃത തൊഴിലാളികളെയാണ് റിക്രൂട്ട് ചെയ്തുകൊണ്ടുപോകുന്നത്.

ഫ്രീ വിസ എന്ന പേരിൽ ഒമാനിൽ എത്തപ്പെടുന്ന ആൾക്കാരാണ് ഇത്തരത്തിൽ ദിവസക്കൂലിക്ക് നിർമ്മാണ മേഖലകളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നത്. അതേസമയം ഇത്തരത്തിൽ അനധികൃതമായി ജോലി ചെയ്യുന്നവരിൽ, പിടിയിലായാൽ ജയിൽശിക്ഷ അനുഭവിക്കാനും നാടുകടത്തലിനും വിധേയരാകുമെന്ന് ബോധ്യമുള്ളവർ കുറവാണെന്നാണ് റിപ്പോർട്ട്.