മസ്‌കറ്റ്: ഒമാനിൽ ജൂലൈ മുതൽ നടപ്പിലാക്കി വരുന്ന പൊതുമാപ്പിന്റെ ഗുണഫലം ഉപയോഗ പ്പെടുത്തിയത് 3265 ഓളം പ്രവാസികൾ. പൊതുമാപ്പിനെ തുടർന്ന് മതിയായ രേഖകളില്ലാത്തതും കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നതുമായ 3000ത്തിലധികം പ്രവാസികളെ നാടുകടത്താൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് മാൻപവർ അറിയിച്ചു. ജൂലൈ 21 മുതൽ 30 വരെയാണ് ഇത്രയധികം പേരെ പുറത്തേക്ക് വിടാൻ രജിസ്റ്റർ ചെയ്തത്.

പൊതുമാപ്പിനായി അഫേക്ഷിച്ചവരുടെ എണ്ണം 3265 ആണെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. മെയ് 3നാണ് പൊതുമാപ്പ് പ്രഖ്യാപനം ഉണ്ടായത്. ജൂലൈയിൽ അവസാനിക്കാനിരുന്ന പൊതുമാപ്പ് മൂന്നുമാസത്തേക്ക് കൂടി മന്ത്രാലയം നീട്ടിയിട്ടുണ്ട്.

പൊതുമാപ്പ് കാലയളവിൽ രാജ്യത്ത് മതിയായ രേഖകളില്ലാതെയും കാലാവധി അവസാനിച്ചതിന് ശേഷവും താമസിക്കുന്നവർക്ക് പിഴകളൊന്നും കൂടാതെ സ്വദേശത്തേക്ക് മടങ്ങാനോ നിയമപരമായി രാജ്യത്ത് ജോലി ചെയ്യാനോ അവസരം ലഭിക്കുന്നതാണ്. 7382ഓളം വേണ്ടത്ര രേഖകളില്ലാത്ത വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ പൊതുമാപ്പിന്റെ ഗുണഫലം ഉപയോഗിച്ച് ഒമാനിൽ നിന്നും പുറത്തുപോയി.

മെയിൽ നാല് ഏഷ്യൻ രാജ്യങ്ങളുടെ എംബസികൾ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഏകദേശം 50000 നിയമവിരുദ്ധ തൊളിലാളികൾ പൊതുമാപ്പിന്റെ ഗുണഫലം ഉപയോഗപ്പെടുത്തി. മതിയായ രേഖകൾ കൈവശമില്ലാതെ രാജ്യത്ത് കഴിയുന്ന പ്രവാസികൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രേഖകൾ നിയമപരമാക്കുകയോ സ്വദേശത്തേക്ക് മടങ്ങുകയോ ചെയ്യുന്നതിനായി മുന്നോട്ട് വരണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.