കുവൈത്ത് സിറ്റി: ട്വിറ്റർ, ഫേസ്‌ബുക്ക് എന്നിവ വഴി സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകൾ നമ്മളിൽ പലരും ഷെയർ ചെയ്യാറുണ്ട്. എന്നാൽ കുവൈറ്റിൽ ഇരുന്ന് കൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഒന്ന് കൂടി ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും. കുവൈറ്റിൽ ധനസമാഹരണ പ്രവർത്തനം നടത്തുന്ന വിദേശികളെ നാടുകടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകളിൽനിന്ന് അനുവാദം കരസ്ഥമാക്കാതെ അനധികൃതമായി രാജ്യത്ത് ധനസമാഹരണത്തിലേർപ്പെടുന്ന വിദേശികൾക്കെതിരെയാണ് സർക്കാർ നടപടി ശക്തമാക്കുന്നത്. പിടിക്കപ്പെട്ടാൽ ഉടൻ നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്.

തൊഴിൽ, സാമൂഹിക മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമം ലംഘിച്ചുകൊണ്ട് പണപ്പിരിവിലേർപ്പെടുന്ന സ്വദേശികളെ നിയമനടപടികൾക്ക് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ട്വിറ്റർ, ഫേസ്‌ബുക് പോലുള്ള സോഷ്യൽ മീഡിയകൾവഴി ധനസമാഹരണം സംബന്ധിച്ച സന്ദേശങ്ങൾ പരസ്പരം കൈമാറുന്നത് പ്രത്യേകം നിരീക്ഷിക്കും. പരസ്യമായി ആളുകളെ സമീപിച്ച് ധനസമാഹരണം നടത്തുന്നത് നിരീക്ഷിക്കപ്പെടാനും പിടികൂടപ്പെടാനും സാധ്യതയുള്ളതുകൊണ്ട് സോഷ്യൽ മീഡിയകളെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് അധികൃതർ കണ്ടത്തെിയത്. അതുകൊണ്ടുതന്നെ സ്വദേശികളും വിദേശികളും ഉൾപ്പെടെ നവമാദ്ധ്യമങ്ങളിലൂടെ അനധികൃത പണപ്പിരിവ് നടത്തുന്നവരെ സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ച് കണ്ടത്തൊനാണ് തീരുമാനം.