അടിമാലി : തോക്ക് നിർമ്മാണത്തിലേർപ്പെട്ടിരുന്ന ഇരുമ്പ് പണിക്കാരനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.ഇയാളുടെ പക്കൽ നിന്നും ഒരു നാടൻ തോക്കും തോട്ട തോക്കും റിവോൾവറും തോക്ക് നിർമ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു.വീടിനോട് ചേർന്നുള്ള ആലയിലായിരുന്നു ഇയാൾ തോക്കുകൾ നിർമ്മിച്ചു വന്നിരുന്നത്.

അടിമാലി കമ്പിലൈൻ സ്വദേശി വിജയനെയാണ് തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്‌ച്ച രാത്രിയിൽ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ പക്കൽ നിന്നും ഒരു നാടൻ തോക്കും തോട്ട തോക്കും റിവോൾവറും തോക്ക് നിർമ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികളും മറ്റൊരു തോക്കിന്റെ ബാരലും പൊലീസ് കണ്ടെടുത്തു. ആലക്കുള്ളിൽ പെട്ടിക്കകത്തായിരുന്നു തോക്കുകൾ സൂക്ഷിച്ചിരുന്നത്. വീട് കേന്ദ്രീകരിച്ച് വിജയൻ തോക്കു നിർമ്മാണം നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ നീക്കത്തിലാണ് തോക്കുകൾ കണ്ടെടുത്തത് .

സ്വന്തം ആവശ്യത്തിനു വേണ്ടിയാണോ അതോ മറ്റാർക്കെങ്കിലും വേണ്ടിയാണോ വിജയൻ തോക്കുകൾ നിർമ്മിച്ചതെന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പിടിയിലാകുന്നതിന് മുമ്പ് ഇയാൾ വേറെയും തോക്കുകൾ നിർമ്മിച്ചിരിക്കാമെന്നും ഈ ആവശ്യത്തിലേക്ക് നിരവധി പേർ ഇയാളെ സമീപിച്ചിരിക്കാൻ സാധ്യതയുണ്ടെന്നുള്ള സംശയവും പരക്കെ ഉയരുന്നുണ്ട്.എവിടുന്നാണ് വിജയൻ തോക്ക് നിർമ്മാണം പരിശീലിച്ചതെന്ന കാര്യവും അടിമാലി പൊലീസ് അന്വേഷിക്കുന്നുണ്ട്.

പൊലീസ് കണ്ടെടുത്ത തോക്കുകളിൽ തോട്ട തോക്കുമാത്രമാണ് ഉപയോഗക്ഷമായിട്ടുള്ളത്.മറ്റ് രണ്ട് തോക്കുകളും കാലപ്പഴക്കത്താൽ ഉപയോഗ ശൂന്യമായി തീർന്നവയാണ്.തോക്ക് നിർമ്മിച്ച് മറ്റാർക്കും വിൽപ്പന നടത്തിയിട്ടില്ലെന്നാണ് വിജയൻ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്. അടിമാലി പൊലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് സജീവ്,ജൂനിയർ സബ് ഇൻസ്പെക്ടർ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്. ഏറെ വിവാദമായ ഇടമലയാർ ആനവേട്ട കേസ്സ് അന്വേഷണത്തിനിടെ നിരവധി വ്യാജ തോക്കുകൾ വനം വകുപ്പ് ഉദ്യേഗസ്ഥർ കണ്ടെടുത്തിരുന്നു.എന്നാൽ ഇവ നിർമ്മിച്ചത് ആരാണെന്ന് ഇതു വരെ പുറത്തു വന്നിട്ടില്ല.