- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കൻ ജില്ലകളിൽ വ്യാപകമായി കള്ളത്തോക്കു നിർമ്മാണം; കൃഷിസംരക്ഷണത്തിന്റെ പേരുപറഞ്ഞ് മൃഗവേട്ടയ്ക്കും രാഷ്ട്രീയസംഘർഷത്തിനും ഉപയോഗിക്കുമോയെന്ന് ആശങ്ക
കണ്ണൂർ : കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ കള്ളത്തോക്ക് നിർമ്മാണം വ്യാപകമാകുന്നു. കേരള- കർണാടക അതിർത്തികൾ കേന്ദ്രീകരിച്ചാണ് നാടൻ തോക്കുകളുടെ നിർമ്മാണം നടക്കുന്നത്. വിളകൾ സംരക്ഷിക്കാൻ വന്യജീവികളെ തുരത്തുക എന്ന ലക്ഷ്യത്തോടെയാണ് തോക്ക് വാങ്ങുന്നതെങ്കിലും നായാട്ടിനും ഈ തോക്കുകൾ ഉപയോഗിക്കുന്നുണ്ട്. മലയോര മേഖല
കണ്ണൂർ : കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ കള്ളത്തോക്ക് നിർമ്മാണം വ്യാപകമാകുന്നു. കേരള- കർണാടക അതിർത്തികൾ കേന്ദ്രീകരിച്ചാണ് നാടൻ തോക്കുകളുടെ നിർമ്മാണം നടക്കുന്നത്. വിളകൾ സംരക്ഷിക്കാൻ വന്യജീവികളെ തുരത്തുക എന്ന ലക്ഷ്യത്തോടെയാണ് തോക്ക് വാങ്ങുന്നതെങ്കിലും നായാട്ടിനും ഈ തോക്കുകൾ ഉപയോഗിക്കുന്നുണ്ട്. മലയോര മേഖലയിലെ ഇരുമ്പുപണിക്കാർ കാർഷികായുധങ്ങൾ നിർമ്മിക്കുന്നതിന്റെ മറവിലാണ് തോക്കുകൾ നിർമ്മിച്ചു നൽകുന്നത്.
മാവോയിസ്റ്റ് നേതാവ് രൂപേഷ് പിടിയിലായതോടെ ഈ മേഖലയിൽ പൊലീസിന്റെ ശ്രദ്ധ പതിയാതായി. ഈ അവസരം മുതലെടുത്താണ് തോക്കു നിർമ്മാണം അരങ്ങേറുന്നത്. കേരള -കർണാടക അതിർത്തിയായ കൂട്ടുപുഴ, കാലാങ്കി എന്നീ ജനവാസമില്ലാത്ത മേഖലയിലാണ് തോക്കു നിർമ്മാണം നടക്കുന്നത്. ഇവിടങ്ങളിൽ ഷെഡ് നിർമ്മിച്ചാണ് തോക്കു നിർമ്മാണം. അതിർത്തി മേഖലയായതിനാൽ ഇരുസംസ്ഥാനത്തേയും പൊലീസുകാർ ഇവിടെ ശ്രദ്ധിക്കാറേയില്ല.
പകൽ നേരങ്ങളിൽ സാധാരണ കാർഷികായുധങ്ങളും വൈകിട്ട് തോക്കും നിർമ്മിക്കുകയാണ് പതിവ്. എന്നാൽ ഇവരുടെ സുരക്ഷിതത്വത്തിന് വിശ്വസ്തരുടെ കാവലുമുണ്ട്. തോക്കു നിർമ്മാണത്തിനാവശൃമായ വസ്തുക്കൾ കർണാടകയിലെ ഉഡുപ്പി, ഹുൻസൂർ, വീരാജ്‌പേട്ട എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്. ചില സാധനങ്ങൾ ആക്രിക്കടകളിൽ നിന്നും ശേഖരിക്കാറുണ്ട്. നാടൻ തോക്കിൽ നിറക്കേണ്ട വെടിമരുന്ന് കർണാടകത്തിൽ നിന്നാണ് കൊണ്ടുവരുന്നത്. കേരളത്തിലേക്ക് വരുന്ന പച്ചക്കറി വാഹനങ്ങളിലാണ് മുഖ്യമായും വെടിമരുന്ന്, ക്യാപ്പ് എന്നിവ എത്തുന്നത്. കഴിഞ്ഞവർഷം ഒരു പച്ചക്കറിവണ്ടിയിൽനിന്നും മൂന്നു ലക്ഷത്തിൽപ്പരം രൂപയുടെ വെടിമരുന്നും ക്യാപ്പും പിടികൂടിയിരുന്നു.
ഒരു തോക്കിന് 8,000 രൂപ മുതൽ 12,000 രൂപവരെയാണ് വില. നാടൻ തിര ഉപയോഗിച്ച് നിറയൊഴിക്കാവുന്ന തോക്കിനു വെടിമരുന്ന് കർണാടകത്തിൽ നിന്നാണെങ്കിലും അപുർവ്വമായി ക്വാറികളിൽ നിന്നും ശേഖരിക്കാറുണ്ട്. ഇടനിലക്കാർ വഴി മാത്രമാണ് തോക്കുകളുടെ വിപണനം. ആവശ്യക്കാരെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് മാത്രമാണ് തോക്കുകൾ കൈമാറുക. . ഇതിനായി മലയോരത്തുള്ളവർ തന്നെയാണ് ദല്ലാൾമാരായി പ്രവർത്തിക്കുന്നത്.
എന്നാൽ കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ സംഘർഷങ്ങൾ അരങ്ങേറുന്ന പശ്ചാത്തലത്തിൽ തോക്കുകൾ വഴി വിട്ടു പോകുന്നുണ്ടോ എന്ന് സംശയിക്കുന്നു. കണ്ണൂർ, തലശേരി മേഖലകളിൽ തോക്കുകൾ എത്തിയിട്ടുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്. തോക്കുകൾ ഇപ്പോൾ വിപണനം നടക്കുന്നത് നഗരങ്ങൾ കേന്ദ്രീകരിച്ചാണ്. വയനാട് ജില്ലയിലെ മാനന്തവാടിയിലും തോക്കിന്റെ ആവശ്യക്കാർ കൂടിയിട്ടുണ്ട്. ഒറ്റക്കുഴൽ, ഇരട്ടക്കുഴൽ തോക്കുകളും ആറുമുതൽ പത്തുവരെ റൗണ്ട് വെടിവെക്കാവുന്ന തോക്കുകളുമാണ് ഇപ്പോൾ നിർമ്മിച്ചു വരുന്നത്.
വന്യജീവി അക്രമം അരങ്ങേറുന്ന മലയോരങ്ങളിൽ കാട്ടാനയോ കടുവയോ ഇറങ്ങുമ്പോൾ വനം വകുപ്പുകാർ തോക്കുള്ള നാട്ടുകാരുടെ സഹായം തേടാറുണ്ട്. അതുകൊണ്ട് തന്നെ അനധികൃതമായി തോക്കു സൂക്ഷിക്കുന്നവരുടെ വിവരങ്ങൾ പുറത്തു വരാറില്ല. ഈ മേഖലകളിൽ വെടികൊണ്ട നിരവധി ആനകൾ ഉണ്ടെന്നത് അനധികൃത തോക്കിന്റെ വ്യാപനത്തോത് വ്യക്തമാക്കുന്നു.