ജിദ്ദ: തൊഴിൽ മന്ത്രാലയവും പൊതു സുരക്ഷാ വിഭാഗവും സംയുക്തമായി കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ചില്ലറ വിൽപന ശാലകളിൽ നടത്തിയ പരിശോധനകളിൽ തൊഴിൽ നിയമം ലംഘിച്ച് സ്‌പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്യുകയായിരുന്ന 197 വിദേശികളെ പിടികൂടിയതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

ചില്ലറ വിൽപന കേന്ദ്രങ്ങളെ ലക്ഷ്യംവച്ചാണ് കൂടുതലായും ഇപ്പോൾ പരിശോധന നടക്കുന്നത്.തൊഴിൽ ദാതാക്കളും തൊഴിലാളികളും ഒരുപോലെ നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നും പിടിക്കപ്പെടുന്ന സ്ഥാപനങ്ങളും വ്യക്തികളും നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തൊഴിൽ നിയമ ലംഘനത്തിൽ പിടിക്കപ്പെടുന്ന തൊഴിലാളികൾ കുറ്റത്തിന്റെ തോതനുസരിച്ച് 15,000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽവരെ പിഴ അടക്കേണ്ടിവരും. അതിനുശേഷം നാടുകടത്തും. തൊഴിൽ ദാതാവിന് മൂന്നു മാസം മുതൽ ആറുമാസം വരെ തടവ് ലഭിക്കും. കൂടാതെ 5 വർഷംവരെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുന്നതടക്കമുള്ള ശിക്ഷകളും ലഭിക്കും.

തൊഴിൽ നിയമം ലംഘിച്ച് വിദേശികളെ ജോലികളിൽ നിയമിക്കുകയോ തന്റെ കീഴിലുള്ള തൊഴിലാളികളെ സ്വന്തം നിലയിൽ ബിസിനസ് നടത്താൻ അനുവദിക്കുകയോ മറ്റ് സ്‌പോൺസർമാരുടെ കീഴിൽ തൊഴിലെടുക്കാൻ അനുവദിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾ ഒരാൾക്ക് 25,000 റിയാൽ മുതൽ ഒരുലക്ഷം റിയാൽവരെ പിഴ അടക്കേണ്ടിവരും. കുറ്റങ്ങളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് പിഴയും ഇരട്ടിക്കും. അത്തരം സ്ഥാപനങ്ങൾക്ക് 5 വർഷം വരെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു.

സ്ഥാപനങ്ങളുടെ മാനേജർ വിദേശിയാണെങ്കിൽ ഒരുവർഷം വരെ തടവ്ശിക്ഷ ലഭിക്കുകയും തുടർന്ന് നാടുകടത്തപ്പെടുകയും ചെയ്യും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനക്കിടെ താമസ രേഖകളില്ലാത്തവരും തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമായ 223 വിദേശികളെ പിടികൂടിയതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.അതോടൊപ്പം നിർമ്മാണ മേഖലകളിലും കാർ വർക്ക്‌ഷോപ്പുകളിലും വ്യാപാര കേന്ദ്രങ്ങളിലും പരിശോധനകൾ നടന്നതായി മന്ത്രാലയ വക്താക്കൾ അറിയിച്ചു.