- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വർഷത്തിനിടെ 70 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു; 57 പേരെ നാടുകടത്തി; കേരളത്തിൽ തങ്ങുന്നതിൽ 214 പാക്കിസ്ഥാൻ പൗരന്മാരും 12 റോഹിൻഗ്യൻ അഭയാർത്ഥികളും; അനധികൃത കുടിയേറ്റം തടയാൻ നടപടി സ്വീകരിച്ചെന്ന് സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: അനധികൃതമായി സംസ്ഥാനത്ത് താമസിച്ചിരുന്ന ബംഗ്ലാദേശികളിൽ 70 പേരെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അറസ്റ്റ് ചെയ്തെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ 57 പേരെ ബംഗ്ലാദേശിലേക്ക് തന്നെ നാടുകടത്തി. 13 പേരെ നാടുകടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
12 റോഹിൻഗ്യൻ അഭയാർത്ഥികളും 214 പാക്കിസ്ഥാൻ പൗരന്മാരും കേരളത്തിൽ താമസിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ ഫയൽ ചെയ്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റോഹിൻഗ്യൻ അഭയാർഥികളുമായി ബന്ധപ്പെട്ട കേസിൽ ഫയൽ ചെയ്ത റിപ്പോർട്ടിലാണ് സംസ്ഥാനത്തുനിന്ന് നാടുകടത്തിയ ബംഗ്ലാദേശി പൗരന്മാരുടെ വിശദാംശങ്ങളുള്ളത്.
നിലവിൽ കേരളത്തിൽ 214 പാക്കിസ്ഥാൻ പൗരന്മാരാണുള്ളത്. ഇതിൽ 94 പേർ ഔട്ട് ഓഫ് വ്യൂ വിഭാഗത്തിൽ പെട്ടവരാണ്. 107 പാക്കിസ്ഥാൻ പൗരന്മാരുടെ ദീർഘകാല വിസയ്ക്കായുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും സംസ്ഥാനം സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് നിരവധിപേർ തൊഴിൽ തേടി കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇതിൽ ബംഗ്ലാദേശ്, മ്യാന്മർ എന്നിവിടങ്ങളിൽ നിന്ന് അനധികൃതമായി രാജ്യത്തേക്ക് കടന്നവർ ഉണ്ടോ എന്ന് കണ്ടെത്താനുള്ള കർശന പരിശോധനകൾ നടത്തുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി, അവരെ നാടുകടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും കേരളം സുപ്രീം കോടതിയെ അറിയിച്ചു.
കേരളത്തിന് അതിർത്തി കടന്നുള്ള ഭീഷണി ഇല്ല. എന്നാൽ വലിയ തോതിൽ തീരപ്രദേശം ഉള്ളതിനാൽ അനധികൃത കുടിയേറ്റത്തിനെതിരേ കർശന നിരീക്ഷണം നടത്താൻ നിർദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാന്റിങ് കോൺസൽ ജി. പ്രകാശ് ഫയൽ ചെയ്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
മ്യാന്മറിൽ നിന്നുള്ള 12 റോഹിൻഗ്യൻ അഭയാർത്ഥികൾ നിലവിൽ കേരളത്തിൽ ഉണ്ടെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. വയനാട് ജില്ലയിലെ മുട്ടിലിൽ ആണ് ഇവർ രണ്ട് കുടുംബങ്ങളിലായി താമസിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥികൾക്കായുള്ള രജിസ്ട്രേഷൻ ഇവർക്കുണ്ട്.
നാല് പേരുടെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും കോവിഡും കാരണം ഇവർക്ക് രജിസ്ട്രേഷൻ പുതുക്കാൻ ചെന്നൈയിലേക്ക് പോകാൻ കഴിയുന്നില്ല. ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് നിർദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതുവരെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മുട്ടിലിന് സമീപം തന്ത്ര പ്രധാനമായ സ്ഥാപനങ്ങൾ ഇല്ലെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്