കോഴിക്കോട്: പള്ളിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ നിന്ന് അനുമതിയില്ലാതെ ഖനനം നടത്തിയതിന് പള്ളി വികാരിക്കും താമരശേരി ബിഷപ്പിനും കാൽകോടിയോളം രൂപ പിഴ ചുമത്തി. ജിയോളജി വകുപ്പാണ് ഉത്തരവിട്ടത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റിന്റേതാണ് നടപടി. ഏപ്രിൽ മുപ്പതിനകം പിഴയൊടുക്കാനാണ് നിർദ്ദേശം.

കൂടരഞ്ഞി വില്ലേജിലെ താമരശേരി രൂപതയ്ക്ക് കീഴിലുള്ള ലിറ്റിൽ ഫ്‌ളവർ ചർച്ചിന് കീഴിലെ സ്ഥലത്ത് വർഷങ്ങളായി പ്രവർത്തിച്ച ക്വാറിക്ക് അനുമതിയില്ലെന്ന് കാട്ടി കാത്തലിക് ലേമെൻ അസോസിയേഷനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ ജനുവരിയിൽ ഹർജി പരിഗണിച്ച ഹൈക്കോടതി രണ്ട് മാസത്തിനകം നടപടിയെടുക്കാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റാണ് മാർച്ച് 31ന് പിഴ ചുമത്തി ഉത്തരവിട്ടത്. കേസിലെ എതിർ കക്ഷികളായ താമരശേരി ബിഷപ്പ് റെമേജിയോസ് പോൾ ഇഞ്ചനാനി, ലിറ്റിൽ ഫ്‌ളവർ ചർച്ച് വികാരി ഫാദർ മാത്യു തെക്കെടിയിൽ എന്നിവർക്കാണ് ഉത്തരവ് അയച്ചിരിക്കുന്നത്.

2002 മുതൽ 2010 വരെയുള്ള കാലയളവിൽ പള്ളിക്ക് കീഴിലെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റർ കരിങ്കല്ല് ഖനനം ചെയ്തതായി കണ്ടെത്തി. ഈ കാലയളവിൽ ക്വാറി പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ ഖനനം ചെയ്ത 3200 ഘനമീറ്റർ കല്ലിന് മാത്രമാണ് റോയൽറ്റിയായി പണമടച്ചത്. ബാക്കി 58,700.33 ഘനമീറ്റർ കരിങ്കല്ല് അധികമായി ഖനനം ചെയ്‌തെന്ന് അന്വേഷത്തിൽ വ്യക്തമായി. ഘനമീറ്ററിന് 40 രൂപ നിരക്കിൽ 23,48,013 രൂപ പിഴയും, അനുവദിച്ചതിലും അധികമായി ധാതു ഖനനം ചെയ്ത കുറ്റത്തിന് 5000 രൂപ കോമ്പൗണ്ടിങ് ഉൾപ്പടെയാണ് 23,53,013 രൂപ പിഴയിട്ടത്. ഈ മാസം മുപ്പതിനകം പിഴയൊടുക്കാനാണ് നിർദ്ദേശം.

അതേസമയം, സ്വന്തം ആവശ്യത്തിനായി സ്വന്തം ഭൂമിയിൽ നിന്ന് ഖനനം നടത്താൻ വ്യവസ്ഥയുണ്ടെന്നും ഖനനം ഏറെയും നടന്നത് 60 വർഷം മുമ്പ് ആയതിനാൽ 1967ലെ കേരള മൈനറൽ മിനറൽ കൺസഷൻ ചട്ടങ്ങൾ ഇവിടെ ബാധകമാകില്ലെന്നുമാണ് പള്ളിയുടെ വാദം. പള്ളിയുടെയും പള്ളിയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെയും ആവശ്യത്തിനായി മാത്രമാണ് കല്ല് ഉപയോഗിച്ചതെന്നും പള്ളി അധികൃതർ വിശദീകരിക്കുന്നു. അതേസമയം, ജിയോളജി വകുപ്പിന്റെ ഉത്തരവിനെക്കുറിച്ച് രൂപത നേതൃത്വം പ്രതികരിച്ചിട്ടില്ല.

58,700.33 ഘനമീറ്റർ കരിങ്കല്ല് അധികമായി ഖനനം ചെയ്‌തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇത്രയും കല്ല് ഉപയോഗിച്ച് എന്ത് നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തിയത് എന്ന കാര്യത്തിൽ തൃപ്തികരമായ വിശദീകരണം നൽകാൻ പള്ളിക്കോ രൂപതാ നേതൃത്വത്തിനോ കഴിഞ്ഞിട്ടില്ല.