കൊച്ചി: കൃത്യമായ പ്രവർത്തനങ്ങൾ നടത്താതെ തകർച്ചയിൽ കൂപ്പുകുത്തി കടുത്ത പ്രതിസന്ധിയിൽ പെട്ട് അവസാനം സർക്കാർ ഏറ്റെടുത്ത കളമശ്ശേരിയിലുള്ള പഴയ കൊച്ചി സഹകരണ മെഡിക്കൽകോളേജ് വീണ്ടും പിൻവാതിൽ നിയമന വിവാദങ്ങളിലേക്ക്. 2013 ൽ സഹകരണ വകുപ്പിൽ നിന്ന് സർക്കാർ ഏറ്റെടുത്ത കളമശ്ശേരിയിലുള്ള എറണാകുളം ഗവൺമെന്റ് മെഡിക്കൽകോളേജിൽ യോഗ്യത മാനദണ്ഡങ്ങളും, സംവരണ തത്വങ്ങളും അട്ടിമറിച്ചുകൊണ്ടു വൻതോതിൽ പിൻവാതിൽ നിയമനം നടത്തുന്നു. ഇവിടെ 10 വർഷത്തോളം ജോലിചെയ്ത ജീവനക്കാരെ സ്ഥിര നിയമനം നടത്തുന്നുവെന്ന വ്യാജേന മറവിൽ നടക്കുന്നത് വൻ തട്ടിപ്പെന്നു ആരോപണം.

മുമ്പ് ഇവിടെ ജോലിചെയ്തവരെന്നു പറഞ്ഞു കൊടുത്ത 340 പേരുടെ ലിസ്റ്റിൽ 10 വർഷത്തെ സേവനമുള്ളവർ വെറും 10 പേർ മാത്രം. എന്നാൽ ഇതെല്ലം അട്ടിമറിച്ചുകൊണ്ടു ഇവിടെ നടക്കുന്നത് പിൻവാതിൽ നിയമനടപടികളാണെന്നും മെഡിക്കൽകോളേജിൽ പെയിന്റിങ് ജോലിക്കും, നിർമ്മാണ പ്രവർത്തനങ്ങൾക്ക് വന്നവരും, മെഡിക്കൽകോളേജിനു സമീപം ഓട്ടോ ഓടിക്കുന്നവരെയും വരെ പണം വാങ്ങി തിരുകി കയറ്റി നിയമനം അട്ടിമറിക്കുന്നതിൽ മുസ്ലിം ലീഗ് നേതാക്കൾക്കും സ്ഥലം എംഎൽഎ യും ലീഗ് മന്ത്രിയുമായ ഇബ്രഹിം കുഞ്ഞിനും പങ്കുണ്ടെന്നുള്ള ആരോപണവുമായി പൊതുപ്രവർത്തകനും നാട്ടുകാരനുമായ ജി ഗിരിഷ് ബാബുവാണു രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും, ചീഫ് സെക്രട്ടറിക്കും മറ്റും പരാതി അയച്ചതായി അറിയിച്ചു. പരാതിയുടെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു.

സർക്കാർ മുമ്പ് കളമശ്ശേരിയിലെ എച്ച്എംറ്റി കമ്പനിയിൽ നിന്ന് ഏറ്റെടുത്ത മിച്ച ഭൂമിയിലെ 60 എക്കർ സ്ഥലത്ത് 2004 സെപ്റ്റംബർ മാസത്തിലാണ് സഹകരണ മെഡിക്കൽകോളേജ് തുടങ്ങുന്നത്. 2013 വരെ സഹകരണ വകുപ്പിന്റെ കിഴിലായിരുന്ന ഈ മെഡിക്കൽകോളേജ് പിന്നീട് വൻ സാമ്പത്തിക ബാധ്യതയും, പ്രവർത്തന പ്രതിസന്ധികളും മുലം സർക്കാർ ഏറ്റെടുത്തു. ജില്ലയിൽ ഒരു മെഡിക്കൽകോളേജ് എന്ന പദ്ധതി നടപ്പാക്കുകയെന്ന തത്വത്തിലാണ് ഇത് അന്ന് സർക്കാർ ഏറ്റെടുക്കാൻ നിർബന്ധിതമായത്. തുടർന്ന് 17122013 ന് ഇത് ജില്ലാ ഗവൺമെന്റ് സർക്കാർ മെഡിക്കൽകോളേജായി മാറി. മെഡിക്കൽകോളേജ് സർക്കാരിന്റെ ഉടമസ്ഥതയിലാകുമ്പോൾ അന്ന് സ്ഥിരം ജീവക്കാരായി 422 പേരും, കരാർ അടിസ്ഥാനത്തിൽ 122 പേരും ദിവസവേതനക്കാരായി 193 പേരും സർക്കാർ ഡെപ്യൂട്ടേഷനിൽ 2 പേരും ചേർത്ത് 851 പേരായിരുന്നു ഉണ്ടായിരുന്നത്.

സർക്കാർ ഏറ്റെടുത്തപ്പോൾ ബാക്കിയുള്ള മുഴുവൻ ഒഴിവുകളിൽ പിഎസ്‌സി വഴിക്ക് നിയമനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. അതിനു വിരുദ്ധമായാണ് 340 പുതിയ തസ്തികകൾ ഇപ്പോൾ സൃഷ്ടിച്ചു കൊണ്ട് കരാർ ജീവനക്കാരെയും ദിവസ വേതനക്കാരെയും പിൻവാതിൽ നിയമനമാണ് നടത്തുന്നതെന്ന് ആരോപിച്ചുകൊണ്ട് ഗിരിഷ് ബാബു മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും, ചീഫ് സെക്രട്ടറി യ്ക്കും, പ്രതിപക്ഷ നേതാവിനും പരാതി നൽകിയത്. ഇതിൽ ആരോഗ്യ വകുപ്പിൽ നിന്ന് കിട്ടിയ മറുപടിയിൽ മുൻപ് മെഡിക്കൽകോളേജ് ഉടമസ്ഥരായിരുന്ന സഹകരണ വകുപ്പ് സ്ഥിരപ്പെടുത്തിയ ജീവനക്കാരെ മാത്രമേ ഇപ്പോൾ സ്ഥിരപെടുത്തുന്നതെന്നും പിന്നീട് വരുന്ന എല്ലാ ഒഴിവുകളുടെയും നിയമനങ്ങൾ പിഎസ്‌സി മുഖാന്തരം നടത്തുകയെന്നും പറഞ്ഞിരുന്നു.

ഇത്തരത്തിൽ ഒരു മറുപടി തന്നെയാണ് ഈ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇയാളുടെ പരാതിയിന്മേൽ വിശദീകരണം ചോദിച്ചപ്പോൾ മെഡിക്കൽകോളേജ് പ്രിൻസിപ്പൽ അശ്വനി കുമാറിന്റെയും മറുപടി. പക്ഷേ ഇതിനു ഘടക വിരുദ്ധമായിട്ടാണ് മെഡിക്കൽകോളേജ് ടീച്ചിഗ് നോൺ ടീച്ചിഗ് വിഭാഗത്തിലേക്കുള്ള 344 തസ്തികകളിലേക്ക് ഇപ്പോൾ നിയമനടപടികൾ നടക്കുന്നതെന്നും യോഗ്യതയും, മാനദണ്ഡങ്ങളും സംവരണവും അട്ടിമറിച്ചുകൊണ്ട് നടക്കുന്നതെന്നുമാണ് പരാതി കൊടുത്ത ഗിരീഷ് ബാബുവിന്റെ വാദം. ഇവിടെ നടക്കുന്നത് പിൻവാതിൽ നിയമനമാണെന്നും ഇതിനു ചുക്കാൻ പിടിക്കുന്നത് സ്ഥലം എംഎൽഎയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞുമാണെന്നും പരാതിക്കാരൻ മറുനാടനോട് പ്രതികരിച്ചു. ഒപ്പം ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു.

എറണാകുളം ഗവൺമെന്റ് മെഡിക്കൽകോളേജിലെ കരാർ, ദിവസ വേതനക്കാരായ 340 തസ്തികകളിലേക്ക് കൂടി മന്ത്രിസഭ കഴിഞ്ഞ ദിവസം അനുമതി നൽകി .ഈ തസ്തികകളിലേക്കാണ് വൻതോതിൽ പിൻവാതിൽ നിയമനങ്ങൾ ഇപ്പോൾ നടക്കുന്നുവെന്നാണ് ആരോപണം. യോഗ്യതകൾ ഇല്ലാതെയും പത്രത്തിൽ പോലും പരസ്യം നൽകാതെയുമാണ് ഇവിടെ നിയമനങ്ങൾ പണം വാങ്ങി ചില മുസ്ലിം ലീഗ് നേതാക്കൾ നടത്തുന്നതെന്നും ഇങ്ങനെ യോഗ്യതകൾ ഇല്ലാത്തവർ മെഡിക്കൽകോളേജ് ജീവനക്കാരായി എത്തിയാൽ ഇവിടെ വരുന്ന രോഗികൾക്ക് കൃത്യമായ പരിചരണങ്ങൾ കിട്ടുകയില്ലയെന്നും പരാതിക്കാരൻ വാദിക്കുന്നു.