ആലപ്പുഴ : മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ആഡംബര കാർ ഷോറൂമിന്റെ ഷട്ടർ തുറക്കുന്ന ശബ്ദം കേട്ടാൽ പ്രദേശത്തെ അമ്മമാർ കുഞ്ഞുങ്ങളേയും കൊണ്ടു നാടുവിടും. വ്യവസായപ്രമുഖനും രാജ്യസഭാ മുൻ എം പിയും മുസ്ലിം ലീഗ് നേതാവുമായ പി വി അബ്ദുൾ വഹാബിന്റെ മകൻ അജ്മൽ അബ്ദുൾ വഹാബിന്റ ഉടമസ്ഥതയിലുള്ള ഷോറൂമിൽ അനധികൃതമായി നടത്തുന്ന സ്‌പ്രേ പെയിന്റിംഗും കാർവാഷുമാണ് നാട്ടുകാർക്ക് വിനയായത്. കച്ചവടം പൊടിപൊടിക്കുമ്പോൾ നഷ്ടമാകുന്നത് ഒരു പ്രദേശത്തെ കുരുന്നുകളുടെ ഭാവിയും. മാറാരോഗത്തിന് അടിപ്പെടുന്ന ഇവരെ രക്ഷിക്കാൻ അധികാരവും ചെങ്കോലുമുള്ളവർ മടിക്കുകയാണ്. ഇരകൾ നൽകിയ പരാതി ഇവരാരും കണ്ടില്ലെന്നു നടിക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 17 -ാം വാർഡിൽ എസ് എൻ കോളേജിനു സമീപം ദേശീയപാതയിൽ പ്രവർത്തിക്കുന്ന ഇൻഡസ് മോട്ടോഴ്‌സ് എന്ന സ്ഥാപനമാണ് കുട്ടികളുടെ പേടിസ്വപ്‌നമായി മാറിയത്. ഇവിടെനിന്നു പുറപ്പെടുവിക്കുന്ന വിഷാംശം നിറഞ്ഞ കെമിക്കലുകളാണ് കുട്ടികൾക്കു ശ്വാസം മുട്ടലും തൊണ്ട വീർപ്പുമുണ്ടാക്കുന്നത്.

കളിച്ചു നടക്കുന്ന കുരുന്നുകൾ പെട്ടെന്നു തളരുകയും ശരീരത്തിൽ കനത്ത ചൂട് അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥ കണ്ടെത്തിയതോടെയാണ് ജനം ഭീതിയിലായത്. കുറച്ചുകഴിഞ്ഞപ്പോൾ തൊണ്ടയുടെ ഭാഗത്ത് വീർപ്പും കണ്ടെത്തി. ഇതുകണ്ടു ഭയന്ന അമ്മമാർ കുഞ്ഞുങ്ങളുമായി ആശുപത്രിയിലെത്തി. പരിശോധനയ്ക്കു ശേഷം ശ്വാസം തടസം ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം പ്രദേശങ്ങളിൽ ഉണ്ടോയെന്ന് അന്വേഷിക്കാൻ ഡോക്ടർമാർ അറിയിച്ചു. ഇതേതുടർന്നാണ് കാറുകൾ പെയിന്റ് ചെയ്യുമ്പോൾ ഫിനിഷിങ് കിട്ടാനായി ഉപയോഗിക്കുന്ന ക്ലീയർ എന്ന പദാർത്ഥത്തിൽനിന്നും പുറത്തേക്ക് വരുന്ന വിഷത്തരികൾ അന്തരീക്ഷത്തിൽ കെട്ടിനിൽക്കുന്നതായി കണ്ടെത്തിയത്. ക്ലിയറിന്റെ മണം മുതിർന്നവർക്കു പോലും കടുത്ത ആസ്്മയും അലർജിയുമുണ്ടാക്കുന്നതാണ്.

ഈ വിവരം അധികൃതരെയും കമ്പനി ഉടമകളെയും പ്രദേശവാസികൾ അറിയിച്ചെങ്കിലും നടപടിയായില്ല. അടുത്തകാലത്തായി പ്രദേശത്തെ കുഞ്ഞുങ്ങളുടെ ജീവനു കൂടുതൽ ഭീഷണിയുണ്ടായി തുടങ്ങിയപ്പോൾ നാട്ടുകാർ സംഘടിച്ച് പഞ്ചായത്തിനു പരാതി നൽകിയിരുന്നു. നേരത്തെ ഒരു ദിവസം മാത്രമാണ് കുഞ്ഞുങ്ങളിൽ അസുഖലക്ഷണങ്ങൾ നിലനിന്നിരുന്നത്. എന്നാൽ ഇപ്പോൾ ആഴ്ചകളോളം അസുഖങ്ങൾ നീണ്ടുനിൽക്കുകയാണ്. വിടാത്ത പനിയും ശ്വാസതടസവും കുഞ്ഞുങ്ങളെ പൊറുതി മുട്ടിക്കുകയാണ്.

ഷോറുമിൽ കാർ വിൽപ്പന മാത്രമേ അനുവദിക്കാൻ പാടുള്ളുവെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇതുവരെയും അധികാരികൾ പച്ചക്കൊടി കാട്ടിയിട്ടില്ല. പ്രതിഷേധം വളർന്നതോടെ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ ഷോറും സന്ദർശിച്ചെങ്കിലും കമ്പനി അധികൃതർ ഇവരെ അവഹേളിക്കുകയായിരുന്നു. ഇതേ തുടർന്ന് കമ്പനി നടത്താനുള്ള അവകാശം നിഷേധിച്ച് പഞ്ചായത്ത് നോട്ടിസ് നൽകിയെങ്കിലും കമ്പനി ഉടമ മുഖവിലയ്ക്കെടുത്തില്ല. ഇപ്പോൾ പഞ്ചായത്ത് ലൈസൻസും റദ്ദ് ചെയ്തു.

എന്നാൽ ഉത്തരവ് കാറ്റിൽ പറത്തി കമ്പനിയുടെ പ്രവർത്തനം നിർബാധം തുടരുകയാണ്. കൂടാതെ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്നു കാണിച്ച് കമ്പനി കോടതിയിൽനിന്നും ഉത്തരവ് വാങ്ങുകയും ചെയ്തു. എന്നാൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ പഞ്ചായത്ത് ഇതുവരെയും നടപടിയെടുത്തില്ല. പീ വീസ് ഗ്രൂപ്പിന്റെ ഉടമസ്ഥനെ സഹായിക്കാൻ പഞ്ചായത്ത് കൂട്ടുനിൽക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. സത്വര നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.