കുവൈറ്റ് സിറ്റി: രാജ്യത്തു താമസാനുമതിക്കായുള്ള രേഖകൾ പുതുക്കുന്ന നടപടി ശക്തമാക്കിയ സാഹചര്യത്തിൽ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന ആശുപത്രിയിലേക്കും നീളുന്നു. ഇതോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇഖാമയില്ലാത്തവരെയും പിടികൂടി നാടുകടത്തുമെന്നു ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി കഴിഞ്ഞു.

ഇതിനായി കുവൈറ്റിലെ ആശുപത്രികളിൽ മതിയായ രേഖകൾ ഇല്ലാതെ എത്തപ്പെടുന്നവരുടെ വിവരങ്ങൾ പൊലീസിനെ അറിയിക്കണമെന്ന് ആശുപത്രിക്ലിനിക് അധികൃതർക്ക് മന്ത്രാലയം നിർദ്ദേശം നൽകി. ഇത്തരത്തിൽ ആശുപത്രിയില കഴിയുന്ന ചില വിദേശികളെ വിട്ടുനൽകാൻ ആശുപത്രി അധികൃതർ വിസമ്മിച്ചതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ ഉത്തരവ്. ഇഖാമ നിയമങ്ങൾ ലംഘിക്കുന്നവെരെ എത്രയും വേഗം നടുകടത്തുമെന്നു മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രോഗികൾ അനുകമ്പ അർഹിക്കുന്നവരാണെങ്കിലും ഇത് മുതലെടുത്ത് നിയമ ലംഘകരായി തുടരുന്നവർ ഏറെയുണ്ടെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ കർശനമാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.