ണ്ടര പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുകയും പത്തുവർഷം മുമ്പ് പൗരത്വം നേടുകയും ചെയ്ത ഇന്ത്യൻ വംശജന്റെ പൗരത്വം അമേരിക്ക റദ്ദാക്കി. പൗരത്വം നിയമവിരുദ്ധമായ മാർഗത്തിലൂടെ നേടിയതാണെന്ന് കണ്ടെത്തിയതോടെയാണിത്. ഈ തരത്തിലുള്ള ആദ്യ കണ്ടെത്തലും നടപടിയുമാണിത്. പൗരത്വം റദ്ദ് ചെയ്യപ്പെട്ട ബൽജീന്ദർ സിങ് എന്ന ദേവീന്ദർ സിങ്ങിന്റെ ഗ്രീൻ കാർഡ് ഇതോടെ അസാധുവാക്കി. ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനൊരുങ്ങുകയാണ് അധികൃതർ.

പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ നീതിന്യായ വകുപ്പ് കഴിഞ്ഞ സെപ്റ്റംബറിലാണ് കോടതിയെ സമീപിച്ചത്. രാജ്യംവിട്ടുപോകണമെന്ന ഉത്തരവുകൾ നിലനിൽക്കെ, അത് മറച്ചുവച്ചാണ് ഇയാൾ പൗരത്വത്തിനായി അപേക്ഷിച്ചതെന്നും നിയമവിരുദ്ധമായാണ് അമേരിക്കയിൽ താമസിച്ചിരുന്നതെന്നും നീതിന്യായ വകുപ്പ് കോടതിയിൽ വ്യക്തമാക്കി. കോടതിയുടെ അനുമതി ലഭിച്ചതോടെ, നാടുകടത്തൽ നടപടികൾ കൈക്കൊള്ളേണ്ടത് ഹോംലാൻഡ് സെക്യൂരിറ്റീസ് ഡിപ്പാർട്ട്‌മെന്റാണ്.

വിവിധ തരത്തിൽ അമേരിക്കൻ പൗരത്വം ലഭിച്ചവരുടെ അപേക്ഷകൾ പുനഃപരിശോധിക്കുന്നതിനായി ഓപ്പറേഷൻ ജനുസ് എന്ന പേരിൽ യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. സംശയമുള്ള 3,15,000 പൗരത്വങ്ങളാണ് പുനഃപരിശോധിക്കുന്നത്. കേന്ദ്രീകൃത വിരലടയാള ഡേറ്റാബേസിൽനിന്ന് വിരലടയാളം നഷ്ടമായതടക്കം പല അപേക്ഷകളിലും അധികൃതതർ സംശയമുന്നയിച്ചിട്ടുണ്ട്. അപേക്ഷകരുടെ ക്രിമിനൽ പശ്ചാത്തലമുൾപ്പെടെയുള്ള കാര്യങ്ങൾ പൗരത്വത്തിനായി പരിഗണിക്കുന്ന വേളയിൽ പരിശോധിച്ചിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്.

നിയമവിരുദ്ധമായി പൗരത്വം സമ്പാദിച്ചവരെ കണ്ടെത്തുന്നതിന് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ വിഭാഗവും ഹോംലാൻഡ് സെക്യൂരിറ്റീസും ചേർന്ന് നടതതുന്ന പരിശോധനകളുടെ ഭാഗമായാണ് ഇവ കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. 1991 സെപ്റ്റംബർ 25-ന് യാതൊരു യാത്രാ രേഖകളോ ഐഡന്റിറ്റി കാർഡോ ഇല്ലാതെ സാൻഫ്രാൻസിസ്‌കോ വിമാനത്താവളത്തിലെത്തിയപ്പോൾ ദേവീന്ദർ സിങ്ങെന്നാണ് തന്റെ പേരെന്നാണ് ഇയാൾ വെളിപ്പെടത്തിയിരുന്നത്.

രേഖകളില്ലാത്തതിനാൽ, ഇയാളെ തിരിച്ചയകക്കാൻ 1992 ജനുവരി ഏഴിന് ഉത്തരവിട്ടു. എന്നാൽ, കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന ഇയാൾ, 1992 ഫെബ്രുവരി ആറിന് ബൽജീന്ദർ സിങ് എന്ന പേരിൽ അഭയത്തിനപേക്ഷ നൽകി. പിന്നീട് ഒരു അമേരിക്കക്കാരിയെ വിവാഹം ചെയ്തപ്പോൾ, ഈ അപേക്ഷ ബൽജീന്ദർ പിൻവലിച്ചു. പകരം, അമേരിക്കക്കാരി ഇയാൾക്കുവേണ്ടി വിസയ്ക്കായി അപേക്ഷിച്ചു. 2006 ജൂലൈ 28-ന് ബൽജീന്ദർ സിങ് എന്ന പേരിൽ ഇയാൾക്ക് പൗരത്വവും ലഭിച്ചു.