തിരുവനന്തപുരം: ഡോക്‌ടേഴ്‌സ് ഡേ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന തലങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 30 ബ്രാഞ്ചുകളിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആരോഗ്യവാനായ ഓരോ വ്യക്തിയും സ്ഥിരമായി രക്തം ദാനം ചെയ്യേൺതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. വൈദ്യശാസ്ത്ര രംഗത്തെ പ്രഗത്ഭനായിരുന്ന ഭാരത് രത്‌ന ഡോ. ബി സി. റേയുടെ സ്മരണാർത്ഥം ജൂലൈ ഒന്നിനാണ് ഡോക്‌ടേഴ്‌സ് ഡേ ആചരിക്കുന്നത്.

ദിനാചരണത്തിന്റെ ഭാഗമായി അതത് മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ മുതിർന്ന ഡോക്ടർമാരെ സംഘടന ആദരിച്ചു. ഡോക്ടർ-രോഗി ബന്ധത്തിൽ പ്രധാനമായും പാലിക്കേണ്ടൺ തത്വങ്ങളെ കുറിച്ച് ചടങ്ങുകളിൽ വിശദമായി ചർച്ച ചെയ്തു. ഡോക്ടർമാർക്കും കുടുംബാംഗങ്ങൾക്കും പുറമെ വിവിധ സാമൂഹിക സംഘടനകളും പൊതു ജനങ്ങളും ആഘോഷങ്ങളിൽ പങ്കെടുത്തു.

'ഇന്ത്യയിലെ ഡോക്ടർമാർ ദൈവതുല്യരെന്ന സ്ഥാനമാണ് അലങ്കരിക്കുന്നത്. എന്നാൽ അടുത്തിടെ ഡോക്ടർമാരുടെ സേവനങ്ങളെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ കീഴിൽ കൊണ്ടു
വന്നത് ഡോക്ടർ-രോഗി ബന്ധത്തിലെ സത്യസന്ധതയ്ക്കും വിശ്വാസത്തിനും ഭീഷണിയായിരിക്കുകയാണ്,' ഐ.എം.എ ദേശീയ പ്രസിഡന്റ് പത്മശ്രീ ഡോ. എ. മാർത്താണ്ഡ പിള്ള, ഐ.എം.എ ഓണററി സെക്രട്ടറി ജനറൽ പത്മശ്രീ ഡോ. കെ. കെ അഗർവാൾ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

ഡോക്ടർമാർക്കും വൈദ്യശാസ്ത്രത്തിനുമെതിരെ വർദ്ധിച്ച് വരുന്ന ആക്രമണങ്ങളിൽ ഐ.എം.എ ആശങ്ക രേഖപ്പെടുത്തി. ഡോക്ടർമാർക്ക് സമാധാനമായും അന്തസ്സോടെയും ജോലി ചെയ്യുന്നതിന് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത സമൂഹത്തിനാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഇത് ആക്രമണവും പീഡനവും ഉൺണ്ടാകില്ലെന്ന വിശ്വാസത്തോടെ സമൂഹത്തിന് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഡോക്ടർമാർക്ക് പ്രചോദനം നൽകും. ഡ്യൂട്ടി ഡോക്ടർമാർക്കും വൈദ്യശാസ്ത്രത്തിനും എതിരായ പൊതു സമൂഹത്തിന്റെ അതിക്രമങ്ങളെ തടയുന്നതിന് കേന്ദ്ര നിയമം കൊണ്ടു വരേണ്ടത് അനിവാര്യമാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

പൊതുവായ ചില ആരോഗ്യ പ്രശ്‌നങ്ങൾ കാരണം സമൂഹത്തിൽ ഗർഭിണികളുടേയും നവജാത ശിശുക്കളുടേയും മരണ നിരക്ക് വർദ്ധിച്ച് വരുന്നതായും ഇതിന് കാരണമാകുന്ന രോഗങ്ങളുടെ വ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെടുന്നതായും ഐ.എം.എ ചൂണ്ടിക്കാട്ടി. (നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണ നിരക്ക് വളരെ കുറവാണ്). ചികിത്സാ ചെലവ് ക്രമാതീതമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ജനതയ്ക്ക് ഗുണകരമാകുന്ന ഒരു ആരോഗ്യ പദ്ധതി നടപ്പിലാക്കാനും ആരോഗ്യ മേഖലയ്ക്ക് ബജറ്റിൽ കുറഞ്ഞത് ജി.ഡി.പിയുടെ 2.5 ശതമാനമെങ്കിലും നീക്കിവെക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.

'ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാക്കണമെന്ന് ഐ.എം.എ ആവശ്യപ്പെടുകയാണ്. ഈ ലക്ഷ്യത്തിനായി സർക്കാർ നിശ്ചയമായും പൊതു ആരോഗ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ രംഗത്തെ ആവശ്യങ്ങളിൽ 70 ശതമാനത്തിലേറെ പ്രദാനം ചെയ്യുന്ന സ്വകാര്യ ആരോഗ്യ മേഖലയെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം,' ഐ.എം.എ കേരള പ്രസിഡന്റ് ഡോ. ശ്രീജിത്ത് എൻ. കുമാർ, കേരളാ സ്റ്റേറ്റ് ഐ.എം.എ ബ്രാഞ്ച് ഓണററി സെക്രട്ടറി ജനറൽ ഡോ. ജയകൃഷ്ണൻ എ. വി എന്നിവർ സംയുക്തമായി അഭിപ്രായപ്പെട്ടു.

ആഴ്ചയിൽ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും സ്വച്ഛ് ഭാരത്-സ്വസ്ഥ് ഭാരതിനായി നീക്കി വെക്കുക, മുതിർന്നവർക്ക് ചികിത്സാ ഇളവുകൾ നൽകുക, പെൺകുട്ടികൾക്കെതിരായ വിവേചനങ്ങൾ ഇല്ലായ്മ ചെയ്യുക, പെൺകുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾക്ക് പ്രത്യേകാനുകൂല്യങ്ങൾ നൽകുക, മാരകമായ ഹൃദ്രോഗങ്ങൾ അനുഭവിക്കുന്ന പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ പ്രദാനം ചെയ്യുക, ഐ.എം.എ യുടെ ആവോ ഗാവോ ചലേ പദ്ധതി പ്രകാരം വില്ലേജുകൾ ദത്തെടുക്കുക, കൗമാരക്കാർക്കായി പ്രത്യേക ക്ലിനിക്കുകൾ തുടങ്ങുക, മെഡിറ്റേഷൻ കേന്ദ്രങ്ങൾ തുടങ്ങുക, എല്ലാ ടി.ബി രോഗ വിവരങ്ങളും റിപ്പോർട്ട് ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങൾ ഐ.എം.എ ഡോക്ടർമാർക്ക് നൽകിയിട്ടുണ്ട്.