മുംബൈ: വണ്ണം കുറയ്ക്കാൻ ഈജിപ്തിൽനിന്നെത്തിയ ഇമാൻ അഹമ്മദിന്റെ തുടർ ചികിൽസ അബുദാബിയിലെ മലയാളി ഡോക്ടറുടെ ആശുപത്രിയിൽ. ഡോ. ഷംസീർ വയലിന്റെ ഉടമസ്ഥതയിലുള്ള വി.പി എസ്. ഹെൽത്ത് കെയർ ആശുപത്രിയിലേക്ക് ഇമാനെ മാറ്റാനാണ് തീരുമാനം. മുംബൈയിലെ ഇമാന്റെ ചികിത്സ വിവാദമായ സാഹചര്യത്തിലാണ് ആശുപത്രി മാറ്റം.

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായിരുന്ന ഇമാൻ അഹമ്മദിന്റെ ചികിൽസ നടത്തിയ മുംബൈ സൈഫി ആശുപത്രി വ്യാജവാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയാണെന്ന് ഇമാന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ശരീരഭാരം പകുതിയോളം കുറഞ്ഞെന്നും ഇനി നാട്ടിലേക്ക് കൊണ്ടു പോകാം എന്നുമുള്ള ആശുപത്രി അധികൃതരുടെ നിലപാട് തട്ടിപ്പാണെന്നാണ് ഇമാന്റെ സഹോദരി ഷൈമയുടെ ആരോപണം.

വി.പി. എസ്. ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോ. ഷംസീർ വയലിൽ നേരത്തെ ചികിൽസാ വാഗ്ദാനം നൽകിയിരുന്നെന്നും ഇപ്പോഴത്ത അവസ്ഥയിൽ ചികിൽസ അബുദാബിയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നുമാണ് ബന്ധുക്കളുടെ നിലപാട്. തുടർന്ന് അബുദാബിയിൽനിന്നെത്തിയ ഡോക്ടർമാർ മുംബൈയിലെ സൈഫി ആശുപത്രിയിൽ ഇമാനെ പരിശോധിച്ചു.

ആരോഗ്യസ്ഥിതി അബുദാബിയിൽനിന്നെത്തിയ സംഘത്തെ ധരിപ്പിച്ചതായി സൈഫി ആശുപത്രിയിലെ ബാരിയാട്രിക് വിഭാഗത്തിന് നേതൃത്വം നൽകുന്ന ഡോ. അപർണ ഗോവിൽ ഭാസ്‌കർ പറഞ്ഞു. ഇമാന്റെ ഇപ്പോഴത്തെ ശരീരഭാരം 171 കിലോ ആണെന്നും നേരത്തെയുണ്ടായ പക്ഷാഘാതത്തിനാണ് ഇനി ചികിൽസ നൽകേണ്ടതെന്നും ബാരിയാട്രിക് സർജൻ ഡോ. മുഫസൽ ലഖ്ഡാവാല അവകാശപ്പെടുമ്പോൾ ആരോഗ്യനില കൂടുതൽ ഗുരുതരമായിരിക്കുകയാണെന്ന് ബന്ധുക്കൾ പറയുന്നു.

സംസാരിക്കാനോ കിടക്കയിൽനിന്ന് എഴുന്നേൽക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയിലുള്ള ഇമാന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കണമെന്നാണ് ഇമാന്റെ മാതാവ് തനാ മുഹമ്മദിന്റെ അപേക്ഷ.