തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നിയമപോരാട്ടം തുടരാൻ ഡി.ജി.പി ജേക്കബ് തോമസിന്റെ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് ഡി.ജി.പി ജേക്കബ തോമസിന അനുമതി നൽകേണ്ടതില്ലെന്ന ചീഫ സെക്രട്ടറി ജിജി തോംസൺ ശിപാർശ ചെയ്തത് കാര്യമാക്കാതെ മുന്നോട്ട് പോകും. ചട്ടം പാലിക്കാൻ മാത്രമായിരുന്നു പൊലീസ് മേധാവിക്ക് അനുമതി അപേക്ഷ നൽകിയത്. അത് ചീഫ് സെക്രട്ടറി തള്ളിയതോടെ മറ്റ് നിയമവഴികളിലേക്ക് ഡിജിപി കടക്കും. കോടതിയെ സമീപിക്കുമ്പോൾ അന്യായമായി ചീഫ് സെക്രട്ടറി അനുമതി നിഷേധിച്ചുവെന്ന് വാദിക്കുകയും ചെയ്യും. ഏതായാലും ജേക്കബ് തോമസിന്റെ കാര്യത്തിൽ അനുമതി നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രിയായിരിക്കും. അനുമതി നൽകുമെന്നാ തന്നെയാണ് സൂചന.

അതിനിടെ മുഖ്യമന്ത്രിക്ക് പ്രസ്താവന പിൻവലിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ പത്തു ദിവസം ഡി.ജി.പി ജേക്കബ് തോമസ് സമയം അനുവദിച്ചു. അനുകൂല പ്രതികരണമുണ്ടായില്ലെങ്കിൽ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യും. സർക്കാർ അനുമതി നൽകിയില്ലെങ്കിലും കേസുമായി മുന്നോട്ടുപോകാനാണ് ജേക്കബ് തോമസിന്റെ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ സിവിൽ കേസ് വേണ്ടെന്നാണ് ജേക്കബ് തോമസിന് ലഭിച്ച നിയമോപദേശം. മാനനഷ്ടം ക്രിമിനൽ കേസായതിനാൽ നഷ്ടപരിഹാരത്തുക കാട്ടേണ്ടതില്ല. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കേസിന്റെ അന്തിമരൂപം തയ്യാറാക്കി ജേക്കബ് തോമസിന് കൈമാറി. നാഷണൽ ബിൽഡിങ് കോഡും കേരള മുനിസിപ്പൽ ബിൽഗിംഡ് റൂളും അനുസരിച്ച് പ്രവർത്തിച്ച മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ തന്നെ താറടിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേതെന്നാണ് ജേക്കബ് തോമസ് പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ പല തരത്തിലുള്ള നിയമ നടപടികൾ സാദ്ധ്യമാണെങ്കിലും തത്കാലം മാനനഷ്ടക്കേസ് മതിയെന്നാണ് തീരുമാനം.

അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കെന്നപോലെ ഭരണത്തലവന്മാർക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം അഭിപ്രായ സ്വാതന്ത്ര്യം നിഷിദ്ധമല്ല. തെറ്റുചെയ്‌തെങ്കിൽ ഉദ്യോഗസ്ഥനെതിരെ സർക്കാരിന് നടപടിയെടുക്കാം. നടപടിയെടുത്തശേഷമേ ഇക്കാര്യം പറയാവൂ. തനിക്കെതിരെ ഒരു പരാതിയുമില്ലാതിരിക്കേ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സർവീസ് ചട്ടങ്ങൾക്ക് കൂച്ചുവിലങ്ങിടാനാണ്. ഭരണത്തലവന് എന്തും പറയാമെന്ന് ഭരണഘടനയിൽ പോലും പറയുന്നില്ല. കോടതിവിധിയെ താൻ സ്വാഗതം ചെയ്തത് തെറ്റല്ല. എന്താണ് താൻ ചെയ്ത കുറ്റം സർവീസ് ചട്ടത്തിന്റെ ഏത് ഭാഗമാണ് താൻ ലംഘിച്ചതെന്ന് വ്യക്തമാക്കണം. ഫയർഫോഴ്‌സ് മേധാവിയായിരിക്കേ താൻ സ്വീകരിച്ച ഏത് നടപടിയാണ് തെറ്റെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജേക്കബ് തോമസിന്റെ അപേക്ഷയിൽ അഖിലേന്ത്യാ സർവിസ് ചട്ടങ്ങൾ അനുസരിച്ചാണ് ചീഫ് സെക്രട്ടറിയും അനുമതി നിഷേധിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിനെതിരായാണ് മുഖ്യമന്ത്രി വിമർശം ഉന്നയിച്ചതെന്നും ഇത ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ സെക്രട്ടറിയുടെ നടപടി. മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെയാണ് ഡി.ജി.പി നിയമനടപടി സ്വീകരിക്കുന്നത്. ഇതിനായി അനുമതി തേടി ഡി.ജി.പി ചീഫ് സെക്രട്ടറിക്ക് നാലുദിവസം മുമ്പ് കത്തുനൽകി. ഇതാണ് നിരസിച്ചത്. തനിക്കെതിരെയുള്ള പരസ്യവിമർശം തിരുത്തണമെന്നാണ് ഡി.ജി.പിയുടെ ആവശ്യം. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിക്കെതിരെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നിയമനടപടിക്കായി പരാതി നൽകുന്നത്.

നിയമ സെക്രട്ടറിയുടെ കൂടി അഭിപ്രായം ആരാഞ്ഞശേഷമായിരുന്ന ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയത്. വ്യക്തിപരമായ പരാതിയാണെങ്കിൽ ജേക്കബ് തോമസിന് കോടതിയെ സമീപിക്കാം. അല്ലെങ്കിൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം നിയമ നടപടിയുമായി മുന്നോട്ട് പോകാമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്മേൽ ആഭ്യന്തര മന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. സിവിൽ സർവീസ് ഉദ്യോഗസ്ഥനായതിനാൽ ഫയൽ മുഖ്യമന്ത്രിക്ക് കൈമാറും. ഇതിന്മേൽ മുഖ്യമന്ത്രി അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ അനുമതി തേടി സംസ്ഥാന പൊലീസ് മേധാവിക്കാണ് പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡി. കൂടിയായ ഡി.ജി.പി. ജേക്കബ് തോമസ് കത്തു നൽകിയത്. സംസ്ഥാന പൊലീസ് മേധാവി ചീഫ് സെക്രട്ടറിക്ക് കത്ത് കൈമാറി. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിമർശിച്ചതിന്റെ പേരിൽ ജേക്കബ് തോമസിന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഫയലും ചീഫ് സെക്രട്ടറിയുടെ പരിഗണനയിലുണ്ട്.

മുഖ്യമന്ത്രിക്ക് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഫയലിൽ സ്വകാര്യ പരാതിയാണെങ്കിൽ കോടതിയെ സമീപിക്കാവുന്നതാണെന്നും ചീഫ് സെക്രട്ടറി കുറിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം വിരമിച്ച ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകാം എന്നും ചീഫ സെക്രട്ടറി അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ നിയമ നടപടിക്ക അനുമതി തേടി ജേക്കബ തോമസ സമർപ്പിച്ച അപേക്ഷയിൽ ചീഫ് സെക്രട്ടറി നിയമസെക്രട്ടറിയോട് ഉപദേശം തേടിയിരുന്നു. നിയമ സെക്രട്ടറിയുടെ റിപ്പോർട്ട കൂടി പരിഗണിച്ചാണ് അനുമതി നൽകാനാകില്ലെന്ന നിലപാട് ചീഫ് സെക്രട്ടറി കൈക്കൊണ്ടത്. മുഖ്യമന്ത്രിക്ക് എതിരെ നിയമ നടപടിക്ക് കഴിയുമെന്നാണ് ജേക്കബ് തോമസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. സുപ്രീംകോടതി വിധികൾ ഇതിന് അനുസൃതമായുണ്ടെന്നും അദ്ദേഹത്തിന് ഉപദേശം കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജോലി രാജിവച്ചായാലും നിയമപോരാട്ടത്തിനാണ് ജേക്കബ് തോമസ് ഒരുങ്ങുന്നത്.

ജേക്കബ് തോമസിനെ ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നും നീക്കിയ സമയത്തായിരുന്നു ഉമ്മൻ ചാണ്ടി അദ്ദേഹത്തിനെതിരെ പരാമർശം നടത്തിയത്. ജനദ്രോഹപരമായ നടപടികൾ സ്വീകരിച്ചതിനാലാണ് ജേക്കബ് തോമസിനെ മാറ്റിയത് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അനധികൃതമായി ഫ്‌ലാറ്റുകൾക്ക് അനുമതി നിഷേധിച്ച ജേക്കബ് തോമസിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു, എന്നാൽ അത്തരത്തിൽ രേഖാമൂലം ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ മറുപടി നൽകി. ഇതിനുപുറമെ 77 ഫ്‌ലാറ്റുകൾക്ക് അനുമതി നിഷേധിച്ച ജേക്കബ് തോമസിന്റെ നടപടി ശരിയാണെന്ന് റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. പുതിയ ഫയർഫോഴ്‌സ് മേധാവി അനിൽ കാന്ത് ആണ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെയാണ് മുഖ്യമന്ത്രിക്ക എതിരെ നീങ്ങാൻ ജേക്കബ് തോമസിനെ തീരുമാനിച്ചത്.

അതിനിടെ തനിക്കെതിരെ നിയമനടപടിക്ക് ജേക്കബ് തോമസ് അനുമതി ചോദിച്ചിട്ടുണ്ടെങ്കിൽ നിശ്ചയമായും നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചിട്ടുണ്ട്. നിയമനടപടിക്ക് ജേക്കബ് തോമസ് അനുമതി തേടിയതായി അറിയില്ല. ഇനി അങ്ങനെ തേടിയിട്ടുണ്ടെങ്കിൽ അനുമതി ആ സെക്കൻഡിൽ കൊടുക്കുംഅദ്ദേഹം പറഞ്ഞു. കേരളത്തിൽ മൂന്നുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾ പാടില്ല എന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ല. നിയമപരമായേ സർക്കാരിന് മുന്നോട്ട് പോകാനാകൂ. വളർച്ച മുരടിക്കാൻ നടത്തുന്ന ശ്രമങ്ങളോട് യോജിപ്പില്ല. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ അറിയാം എന്ന് താൻ പറഞ്ഞത് നല്ല അർഥത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

മുമ്പ് മുൻ വിജിലൻസ് മേധാവി ഉപേന്ദ്ര വർമ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ ഗവർണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ അന്ന് നടപടിയൊന്നും ഉണ്ടായിരുന്നില്ല. അതിനിടെ ഫേസ്‌ബുക്കിലും മുഖ്യമന്ത്രിക്കെതിരെ പരോക്ഷ മറുപടിയുമായി ജേക്കബ് തോമസ് രംഗത്തെത്തി. വിതക്കുകയും കൊയ്യുകയും ചെയ്യാത്ത ആകാശത്തെ പറവകൾക്ക് കൂടൊരുക്കുന്നവർക്കൊപ്പം, വിതക്കുന്നവരുടെയും കൊയ്യുന്നവരുടെയും സമൃദ്ധിയും നമ്മുടെ ലക്ഷ്യമാകേണ്ടെ എന്നാണ് ഡി.ജി.പിയുടെ ഫേസ്‌ബുക്കിലൂടെയുള്ള വിമർശം. താഴേക്കല്ല, മുകളിലേക്കാണ് വളരേണ്ടതെന്നായിരുന്നു മുഖ്യന്ത്രി പറഞ്ഞത്.