കോഴിക്കോട്: രാഷ്ട്രീയ വൈരാഗ്യത്തിന് പേരുകേട്ട കടത്തനാടുനിന്ന് ഇതാ മറ്റൊരു വിചിത്രമായ രാഷ്ട്രീയക്കളികൂടി. അനാശാസ്യം ആരോപിച്ച് കോൺഗ്രസ് നേതാവിനെ ഡിവൈഎഫ്ഐക്കാർ മുറിയിലിട്ട പൂട്ടിയതിന്റെ പേരിൽ വടകരയിൽ ഇന്ന് ഹർത്താൽ നടക്കുകയാണ്.

കോൺഗ്രസ് നേതാവും തോടന്നൂർ ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂർ മുരളിയെയും പയ്യോളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ടി. സിന്ധുവിനുമെതിരെയുണ്ടായ സംഭവം സദാചാര ഗുണ്ടായിസമെന്ന് കോൺഗ്രസും യു.ഡി.എഫും ആരോപിച്ചു. ഇതിനുപിന്നിൽ ഡിവൈഎഫ്ഐയാണെന്ന് യൂത്ത് കോൺഗ്രസ് പറയുന്നത്.

വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ മുരളി പ്രസിഡന്റായ സ്വാൽക്കോസ് സൊസൈറ്റിയിൽ ജോലി ആവശ്യാർഥം എത്തിയ സിന്ധുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ പുറത്തുനിന്ന് പൂട്ടിയിട്ടതായാണ് ആക്ഷേപം. ഈ സൊസൈറ്റിയുടെ സഹോദരസ്ഥാപനത്തിൽ ഡയറക്ടർകൂടിയാണ് സിന്ധു. സൊസൈറ്റിയിലെ മറ്റൊരു ജീവനക്കാരി പുറത്തുപോയ ഉടനെയാണ് പത്തോളം ഡിവൈഎഫ്ഐ പ്രവർത്തകരത്തെി മുരളിയെയും സിന്ധുവിനെയും പൂട്ടിയിട്ടത്. ഉടൻ കൂടുതൽ ഡിവൈഎഫ്ഐ പ്രവർത്തകരെയും പൊലീസിനെയും വിളിച്ചുവരുത്തി. പൊലീസ് സ്ഥലത്തത്തെി മുരളിയെയും സിന്ധുവിനെയും സ്റ്റേഷനിലത്തെിച്ചു. ഇതിനിടെ വടകര ടൗണിലും പൊലീസ് സ്റ്റേഷന്റെ മുന്നിലും ഇരുവരുടെയും ഫോട്ടോ പതിച്ച പോസ്റ്ററുകൾ ഉയർന്നു. സാമൂഹികമാദ്ധ്യമങ്ങളിലും ഇത്തരത്തിലുള്ള പ്രചരണം നടന്നു.

അതേസമയം, ഇരുവർക്കുമെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് പൊലീസ് വ്യക്തമാക്കി. മുരളിക്കും സിന്ധുവിനും സ്റ്റേഷനിൽനിന്ന് പോകാമെന്ന് പൊലീസ് പറഞ്ഞെങ്കിലും പൊതുജനങ്ങളുടെ മുമ്പാകെ പരസ്യമായി അപമാനിച്ചതിനുശേഷം പോകാമെന്ന് പറയുന്നത് അംഗീകരിക്കില്ലെന്ന് ഇരുവരും പറഞ്ഞു. തങ്ങളെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യത്തിനോട് പൊലീസ് മുഖം തിരിച്ചു. ഇതോടെ കോൺഗ്രസ് പ്രവർത്തകർ പൊലീസിനെതിരെ തിരിഞ്ഞു.

ഒടുവിൽ, മെഡിക്കൽ പരിശോധനക്ക് അയക്കാൻ പൊലീസ് തയാറായി. അനാശാസ്യം നടന്നതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ലഭിച്ച വിവരങ്ങൾ പ്രകാരം മനസ്സിലാകുന്നതെന്ന് വടകര സി.ഐ വി.കെ. വിശ്വംഭരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സദാചാര പൊലീസ് സംബന്ധമായ പരാതിയിൽ അന്വേഷിക്കും. നവമാദ്ധ്യമങ്ങളിൽ അപമാനകരമായ രീതിയിൽ പോസ്റ്റിടുന്നവർക്കുനേരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സി.ഐ പറഞ്ഞു.

സംഭവത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമപരമായി ഏതറ്റംവരെയും പോകുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞമാസം വടകര പൊലീസ് മാഫിയാനിയന്ത്രണത്തിലാണെന്നാരോപിച്ച് തിരുവള്ളൂർ മുരളി സത്യഗ്രഹസമരവും മറ്റും നടത്തിയിരുന്നു. ഇതത്തേുടർന്ന്, പൊലീസിന്റെ കണ്ണിലെ കരടായി മുരളി മാറിയെന്നാണ് പറയുന്നത്.

മെഡിക്കൽ പരിശോധനാഫലം പുറത്തുവന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയശേഷം വടകര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഉപരോധം അരമണിക്കൂറോളം തുടർന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗും യു.ഡി.എഫും പ്രകടനം നടത്തി. രാത്രി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസുകാരും തമ്മിൽ കൈയാങ്കളി നടന്നു. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ നീക്കം ചെയ്തത്. ഇതിനിടെ, മുരളിയെയും സിന്ധുവിനെയും സ്വീകരിച്ചുകൊണ്ടുള്ള യു.ഡി.എഫ് പ്രകടനത്തിനുനേരെയും ലാത്തിച്ചാർജ് നടന്നു. ലാത്തിച്ചാർജിൽ മുരളി, പാറക്കൽ അമ്മത്, ബവിത്ത് മലോൽ ഉൾപ്പെടെ 12ഓളം പേർക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവങ്ങളിൽ പ്രതിഷേധിച്ച് ശനിയാഴ്ച വടകര, പയ്യോളി നഗരസഭകളിലും തോടന്നൂർ ബ്‌ളോക്കിനുകീഴിലെ തിരുവള്ളൂർ, ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂർ പഞ്ചായത്തുകളിൽ യു.ഡി.എഫ് ഹർത്താൽ ആചരിച്ചു.

സംഭവങ്ങൾ പൊലീസും ഡിവൈഎഫ്ഐയും ചേർന്നുനടത്തിയ ഗൂഢാലോചനയായിരുന്നുവെന്ന് തിരുവള്ളൂർ മുരളി പറഞ്ഞു. വടകരയിലെ പൊലീസ് മാഫിയക്കെതിരെ താൻ നടത്തിയ പ്രചാരണത്തിന്റെ പ്രതികാരമാണിത്. ഒരു പാവപ്പെട്ട സ്ത്രീയുടെ ജീവിതം തകർക്കാനുള്ള ശ്രമം ഹീനമാണ്. പൊതുപ്രവർത്തകർക്ക് മാത്രമല്ല, ആർക്കും ഒരു പെണ്ണിനോടൊപ്പം മുറിയിലിരുന്നു സംസാരിക്കാൻപോലും ആവില്ലെന്ന നില ഗൗരവമാണ്. നാളെ ആർക്കുനേരെയും ഇത്തരം അസത്യപ്രചാരണങ്ങളും അപമാനിക്കലും ഉണ്ടാകാമെന്നും മുരളി പറഞ്ഞു. അതേമസയം തിരുവള്ളൂർ മുരളി തോടന്നൂർ ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ഡി.വൈ.എഫ് വടകര ബ്‌ളോക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് യു.ഡി.എഫിൻേറത്.

ഡിവൈഎഫ്ഐക്കെതിരെ അസഭ്യപ്രകടനം നടത്തിയതുകൊണ്ടുമാത്രം മുരളിയെ രക്ഷിക്കാനാവില്ലെന്നും ബ്‌ളോക് കമ്മിറ്റി പ്രസ്താവിച്ചു.
നേരത്തെ തന്നെ പല ആരോപണങ്ങളും നേരിടുന്നയാളാണ് തിരുവള്ളൂർ മുരളി. കഴിഞ്ഞതിനുമുമ്പത്തെ ലോക്‌സഭാതെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രനായി എ.ഐ.സി.സി കൊടുത്ത ഫണ്ട് മുരളി ട്രെയിനിൽ കൊണ്ടുവരവെരെ 25ലക്ഷം കാണാതായത് വൻ വിവാദമായിരുന്നു.