കൊല്ലം: കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ മൂന്ന് വിദ്യാർത്ഥികളെ ആരോഗ്യസർവകലാശാല ഡീബാർ ചെയ്തു. പരീക്ഷാഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുത്തു. ക്രമക്കേട് കണ്ടെത്തിയതോടെ വിശദമായ അന്വേഷണത്തിന് സർവകലാശാല ഉത്തരവിട്ടു.

2012ൽ എംബിബിഎസ് പ്രവേശനം നേടിയ മൂന്ന് വിദ്യാർത്ഥികൾക്കും കഴിഞ്ഞ ഒൻപത് വർഷമായിട്ടും വിജയിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇവർക്ക് പകരം മറ്റാരോ പരീക്ഷ എഴുതുകയായിരുന്നു. ഈ വർഷം ജനുവരിയിൽ നടന്ന മൂന്നാംവർഷ എംബിബിഎസ് പാർട്ട് ഒന്ന് പരീക്ഷയാണ് ആൾമാറാട്ടം നടത്തി എഴുതിയതായി കണ്ടെത്തിയത്. ഇവരെ സഹായിക്കാൻ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ ഒത്താശ ചെയ്തു എന്നും കണ്ടെത്തി.

അതേസമയം ക്രമക്കേട് നടത്തിയ വിദ്യാർത്ഥികളോ കൂട്ട് നിന്ന ഉദ്യോഗസ്ഥരോ തങ്ങളുമായി ബന്ധമുള്ളവരല്ലെന്ന് അസീസിയ കോളേജ് അധികൃതർ അറിയിച്ചു. പുറത്തുനിന്നുള്ള വിദ്യാർത്ഥികളാണിവർ. ഉദ്യോഗസ്ഥരും കോളേജിന് പുറത്തുള്ളവരാണ്. ആൾമാറാട്ടത്തിന് സഹായിച്ച പരീക്ഷാ ചീഫ് സൂപ്രണ്ടിനെയും ഇൻവിജിലേറ്റർമാരായ മൂന്നുപേരെയും പരീക്ഷാ ഡ്യൂട്ടിയിൽ നിന്ന് നീക്കി.

അസീസിയ മെഡിക്കൽ കോളേജിലെ പരീക്ഷാകേന്ദ്രം സർവകലാശാല റദ്ദാക്കുകയും ചെയ്തു. ഇവിടെ നിലവിലുള്ള വിദ്യാർത്ഥികളുടെ ഭാവി കാര്യത്തിൽ എന്നാൽ ആരോഗ്യസർവകലാശാല വ്യക്തത വരുത്തിയിട്ടില്ല.

എം.ബി.ബി.എസ്. പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതായുള്ള വാർത്തയിൽ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് റിപ്പോർട്ടും മന്ത്രി ആവശ്യപ്പെട്ടു.