- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂടാകരുത്; ചൂടായാൽ വോട്ട് വൈകും: ഇരട്ട വോട്ടർ പട്ടികയിൽ പെട്ടാലും പെടും; തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പൂർണമായും കോവിഡ് മാനദണ്ഡപ്രകാരമാകും നടക്കുക. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയാണ് വോട്ടെടുപ്പ്. ശരീരോഷ്മാവ് രേഖപ്പെടുത്തിയ ശേഷമാകും വോട്ട് ചെയ്യാൻ അനുവദിക്കുക.
ഉയർന്ന ചൂടു രേഖപ്പെടുത്തുന്നവരെ മാറ്റി നിർത്തിയ ശേഷം വീണ്ടും പരിശോധിക്കും. തുടർന്നും ചൂട് കൂടിയാൽ വൈകുന്നേരം ആറിനു ശേഷം മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളു. ഇവർക്കു വോട്ട് ചെയ്യാൻ വരേണ്ട സമയം രേഖപ്പെടുത്തി ടോക്കൺ നൽകും.
വോട്ടർമാർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ സെന്ററിൽ പ്രത്യേകം ജീവനക്കാരനെ നിയോഗിക്കും. കോവിഡ് രോഗികൾക്കും സംശയിക്കുന്നവർക്കും അവസാന മണിക്കൂറിലാണ് വോട്ട് രേഖപ്പെടുത്താൻ അവസരമുള്ളത്. അവസാന മണിക്കൂറിൽ പൊതു വോട്ടർമാർ തീർന്ന ശേഷമാകും ഇവർക്ക് അവസരം നൽകുക.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി 1000 വോട്ടർമാർക്ക് വീതമാണ് ഒരു പോളിങ് ബൂത്ത് ഒരുക്കിയിട്ടുള്ളത്. വോട്ട് ചെയ്യാൻ എത്തുന്പോൾ ഫെസിലിറ്റേറ്റർമാർ സാനിറ്റൈസർ നൽകും. തുടർന്നു ശരീരോഷ്മാവ് രേഖപ്പെടുത്തും.
തെരഞ്ഞെടുപ്പു കമ്മീഷന്റെ ഇരട്ട വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരാണെങ്കിൽ നടപടിക്രമങ്ങൾ കടുക്കും. വിരലിൽ തേച്ച മഷി ഉണങ്ങിയെന്നു ഉറപ്പു വരുത്തിയ ശേഷം മാത്രമേ ബൂത്ത് വിടാൻ അനുവദിക്കൂ. ഒപ്പും വിരലടയാളവും ശേഖരിക്കും. ഫോട്ടോയും എടുക്കും. ഒരിടത്തു മാത്രമേ വോട്ട് രേഖപ്പെടുത്തുകയുള്ളുവെന്നു വ്യക്തമാക്കുന്ന സത്യവാംങ്മൂലവും നൽകണം. 38,000ത്തോളം ഇരട്ട വോട്ടർമാരുടെ പട്ടികയാണ് കമ്മീഷൻ പ്രിസൈഡിങ് ഓഫിസർമാർക്കു കൈമാറിയിട്ടുള്ളത്.
വോട്ടർമാർ കൈയിൽ കരുതേണ്ട തിരിച്ചറിയൽ രേഖകൾ (ഏതെങ്കിലുമൊന്ന്)
- തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച വോട്ടർ തിരിച്ചറിയൽ കാർഡ്
- പാസ്പോർട്ട്
- ഡ്രൈവിങ് ലൈസൻസ്
- ആധാർ കാർഡ്
- സംസ്ഥാന/കേന്ദ്ര സർക്കാർ, പൊതുമേഖലാസ്ഥാപനങ്ങൾ/ പൊതുമേഖലാ കന്പനികൾ എന്നിവ ജീവനക്കാർക്കു നൽകുന്ന സർവീസ് തിരിച്ചറിയൽ കാർഡുകൾ
- ബാങ്ക്/ പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽനിന്നുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകൾ സ്വീകരിക്കില്ല)
- പാൻ കാർഡ്
- കേന്ദ്രതൊഴിൽ മന്ത്രാലയം വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ച സ്മാർട്ട് കാർഡ്
- തൊഴിൽപദ്ധതി ജോബ് കാർഡ്
- കേന്ദ്രസർക്കാർ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ച ആരോഗ്യ ഇൻഷ്വറൻസ് കാർഡ്
- ഫോട്ടോ പതിച്ച പെൻഷൻ കാർഡ്.
- എംപി/എംഎൽഎ/എംഎൽസി എന്നിവർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്
മറുനാടന് മലയാളി ബ്യൂറോ