കുവൈത്ത്: രാജ്യത്തെ വൈദ്യ പരിശോധന സംവിധാനം പരിഷ്‌കരിച്ചത് കുവൈത്തിലേക്ക് തൊഴിൽ വിസയിലും ആശ്രിത വിസയിലും വരുന്നവർക്ക് ദുരിതമാകുന്നു. പരിശോധനാ നുമതിയുള്ള സ്ഥാപനത്തിന് മുംബൈയിൽ മാത്രം ഒഫീസ് ഉള്ളതും മലയാളികളെ ദുരുതത്തിലാക്കുകയാണ്.

കുവൈത്തിലേക്ക് യാത്രക്കൊരുങ്ങിയ നിരവധി മലയാളികൾ മുംബൈയിൽ ദുരിതത്തിലായ തായാണ് വിവരം. പരിശോധനാ ഫലത്തിനായി അപേക്ഷകൾ തന്നെ നേരിട്ട് എത്തണം എന്ന നിബന്ധന കാരണം കുടുംബ വിസയിൽ വരുന്ന സ്ത്രീകളെയും കുട്ടികളേയും ആണ് ഏറ്റവും കൂടുതൽ പ്രയാസപ്പെടുത്തുന്നത്.

പരിശോധനയ്ക്കായി എത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനോ കൃത്യമായ വിവരങ്ങൾ കൈമാറാനോ യാതൊരു സംവിധാനവും ടെസ്റ്റ് നടത്തുന്ന ഏജൻസി ഒരുക്കിയിട്ടില്ല. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കഴിഞ്ഞ ഒരുമാസമായി കഴിയുന്നത്. സമയത്ത് ആരോഗ്യക്ഷമതാ സർട്ടിഫിക്കറ്റ് കിട്ടാതെയും മുംബൈയിൽ പോകാൻ പണമില്ലാതെയും നിരവധിപേരുടെ തൊഴിലവസരം ഇതിനകം തന്നെ നഷ്ടമായി.

നേരത്തെ കൊച്ചിയിൽ പരിശോധനാ കേന്ദ്രം ആരംഭിച്ചിരുന്നെങ്കിലും പരിശോധനക്കായി ഇരട്ടി ഫീസ് ഈടാക്കുന്നു എന്ന പ്രതിഷേധത്തെ തുടർന്ന് അടച്ചു പൂട്ടുകയായിരുന്നു. ഇതിനെ തുടർന്നാണ് മലയാളികൾക്ക് ബുദ്ധിമുട്ടിലായത്. കഴിഞ്ഞ മാസമാണ് ഇന്ത്യയിലെ കുവൈത്ത് എംബസ്സി വൈദ്യ പരിശോധന അനുമതി ഖിദാമത്ത് ഇന്റേഗ്രറ്റഡ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയിൽ പരിമിതപ്പെടുത്തിയത് .