ന്യൂഡൽഹി: ഇന്ത്യയിൽ 'ജിഹാദ്' നടത്തുന്നതു ബുദ്ധിമുട്ടാണെന്നും അതിനു പകരം ഖിലാഫത്ത് ശക്തിപ്പെടുത്തുന്നതിന് അഫ്ഗാനിസ്ഥാനിലേക്കു കടക്കാനും അനുയായികളെ ആഹ്വാനം ചെയ്ത് ഐഎസ് ബന്ധം സ്ഥിരീകരിക്കപ്പെട്ട കാസർകോട് സ്വദേശി അബ്ദുൽ റാഷിദ് അബ്ദുല്ല.

ദി ഇന്ത്യൻ എക്സ്‌പ്രസ് ദിനപത്രത്തിലെ പ്രതിനിധി പ്രവീൺ സ്വാമിക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയിൽ മുസ്‌ലിംകൾ നേരിടുന്ന 'വെല്ലുവിളികളെ'ക്കുറിച്ചും അഫ്ഗാനിസ്ഥാനിലെ വിശാലമായ 'സാധ്യത'കളെക്കുറിച്ചും അബ്ദുൽ റാഷിദ് പരാമർശിച്ചത്.

ഇന്ത്യയിൽ 'ജിഹാദ് നടത്തുന്നത് ഏതാണ്ട് അസാധ്യമായ കാര്യമാണ്. ആദ്യം ഖിലാഫത്തു ശക്തമാക്കുകയാണു ചെയ്യേണ്ടത്. അതിനുശേഷം ഖിലാഫത്തിന്റെ അതിരുകൾ വികസിപ്പിക്കണം അബ്ദുൽ റാഷിദ് പറഞ്ഞു. എല്ലാവരും കരുതുന്നതിനേക്കാൾ വേഗത്തിലാണു ഖിലാഫത്തിന്റെ വികസനമെന്നും അബ്ദുൽ റാഷിദ് അവകാശപ്പെട്ടു. ഈ ലോകം പൂർണമായും ഇസ്ലാമിക ഭരണത്തിൻകീഴിൽ കൊണ്ടുവരികയാണു ഖിലാഫത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അതോടെ വ്യാജ ദൈവങ്ങൾക്കു പകരം അല്ലാഹു മാത്രം ആരാധിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും റാഷിദ് അവകാശപ്പെട്ടു.

നേരത്തെ, ഇസ്ലാമിക് സ്റ്റേറ്റിലേക്കു കൂടുതൽ പേരെ ആകർഷിക്കാനായി ഉണ്ടാക്കിയ വാട്‌സാപ് ഗ്രൂപ്പിന്റെ ബുദ്ധികേന്ദ്രം തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദാണെന്നു ദേശീയ അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിരുന്നു. തീവ്രവാദ സംഘത്തിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നു റാഷിദാണെന്ന സംശയം ഇതോടെ കൂടുതൽ ബലപ്പെട്ടിട്ടുണ്ട്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ തൃക്കരിപ്പൂർ പടന്ന മേഖലയിൽനിന്നു കാണാതായ 15 പേരെ അഫ്ഗാനിസ്ഥാനിൽ എത്തിച്ചത് അബ്ദുൽ റാഷിദാണെന്നു നേരത്തേതന്നെ സൂചന ലഭിച്ചിരുന്നു.

ഐഎസിനെ സംബന്ധിച്ചിടത്തോളം 'അനുഗ്രഹത്തിന്റെ കപടമുഖ'മാണ് ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരെന്നും റാഷിദ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകൾ വലിയ രീതിയിലുള്ള അടിച്ചമർത്തൽ നേരിടുന്നതു ദൃശ്യമാണ്. മറ്റു ഭാഗങ്ങളിലും കടുത്ത അനീതി അരങ്ങേറുന്നുണ്ടെങ്കിലും അതു തിരിച്ചറിയപ്പെടുന്നില്ലെന്നേയുള്ളൂ. ഇന്ത്യൻ ഭരണഘടനയെ മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ് മോദി സർക്കാരെന്നും റാഷിദ് ആരോപിച്ചു. ഇത്തരം അനീതികൾക്കുള്ള യഥാർഥമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ മാത്രമെ ഇന്ത്യയിലെ മുസ്‌ലിംകൾ ഉണരുകയുള്ളൂവെന്നും റാഷിദ് അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ മത പണ്ഡിതന്മാർ അവിടുത്തെ മതസമൂഹത്തെ തെറ്റായ വഴിയിലാണ് നയിക്കുന്നതെന്നും റാഷിദ് ആരോപിച്ചു. പ്രാർത്ഥന, നോമ്പ്, ഹജ്ജ് നിർവഹിക്കൽ തുടങ്ങിയ മതപരമായ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യയിൽ അവസരമുണ്ടെങ്കിലും 'ജിഹാദ്' നടത്താൻ സാഹചര്യമില്ലാത്തതു വലിയ കുറവാണ്. തിന്മയ്‌ക്കെതിരായ പോരാട്ടമാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ഇന്ത്യയിലാകട്ടെ, മിക്കയിടങ്ങളും തിന്മയുടെ ശക്തികളുടെ സ്വാധീനത്തിലാണ്. ഇതിനെതിരായ പോരാട്ടമാണ് ഇന്ത്യയിലെ മുസ്‌ലിംകൾ നടത്തേണ്ടതെന്നും റാഷിദ് പറയുന്നു.