ന്യൂഡൽഹി: ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് എളുപ്പം ഫണ്ട് കൈമാറാൻ സാധിക്കുന്ന ഐഎംപിഎസ് സംവിധാനത്തിന്റെ ഇടപാട് പരിധി ഉയർത്തി റിസർവ് ബാങ്ക്. നിലവിൽ രണ്ടുലക്ഷം രൂപ വരെ മാത്രമേ ഒറ്റ ഇടപാടിൽ കൈമാറാൻ സാധിക്കൂ. ഇത് അഞ്ചുലക്ഷം രൂപ വരെ ഉയർത്താനാണ് റിസർവ് ബാങ്കിന്റെ പണ വായ്പ നയസമിതി തീരുമാനിച്ചത്.

2010ലാണ് പണം വേഗത്തിൽ കൈമാറാൻ സാധിക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനമായ ഐഎംപിഎസ് സംവിധാനം ആരംഭിച്ചത്. മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ്്, എടിഎം, എസ്എംഎസ് തുടങ്ങി വിവിധ വഴികളിലൂടെ ഫണ്ട് കൈമാറ്റം നടത്താൻ സഹായിക്കുന്ന സംവിധാനമാണ് ഐഎംപിഎസ്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്.

ഐഎംപിഎസ് വഴിയുള്ള ഫണ്ട് കൈമാറ്റം സുരക്ഷിതമാണ്. സാമ്പത്തികമായി ഏറെ ലാഭകരവും ആണ്. അതിനാൽ ഫണ്ട് കൈമാറ്റത്തിന് മുഖ്യമായി ആശ്രയിക്കുന്ന സംവിധാനമാണിത്. അതിനിടെ പണപ്പെരുപ്പ നിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ മുഖ്യപലിശനിരക്കുകളിൽ മാറ്റം വരുത്തേണ്ട എന്ന് റിസർവ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പകൾക്കുള്ള പലിശനിരക്കായ റിപ്പോ നാലുശതമാനമായി തുടരും. റിസർവ് ബാങ്കിലുള്ള നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും പുതിയ വായ്പ നയ പ്രഖ്യാപനത്തിൽ പറയുന്നു.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂടുന്നതും സവാളയുടെ വില ഉയരുന്നതും റിസർവ് ബാങ്ക് നിരീക്ഷിച്ചുവരികയാണ്. രാജ്യത്തിന്റെ സാമ്പത്തികവളർച്ച ത്വരിതപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.