- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൈനയെ കൂട്ടു പിടിച്ചത് എന്തിനും ഏതിനും സഹായം പ്രതീക്ഷിച്ച്; യുക്രെയിനിൽ വെടി പൊട്ടിയപ്പോൾ റഷ്യയിലെത്തിയത് പുതിയ സഖ്യ സാധ്യത തേടി; ഇന്ത്യയെ ചതിക്കാനുള്ള നീക്കത്തിനായി അമേരിക്കയേയും ശത്രുവാക്കി; ഒടുവിൽ നാണം കെട്ട് പടിയിറക്കം; വിദേശ ഗൂഢാലോചന കത്ത് സുപ്രീംകോടതിയും അംഗീകരിച്ചില്ല; ഇമ്രാൻ ഖാൻ ക്ലീൻ ബൗൾഡാകുമ്പോൾ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാൻ ഖാൻ പുറത്താകുന്നത് നാടകീയതയ്‌ക്കൊടുവിൽ. പാക് ദേശീയ അസംബ്ലിയിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ഇമ്രാന് പ്രധാനമന്ത്രി പദം നഷ്ടമായത്. ഭരണ കക്ഷി അംഗങ്ങൾ ദേശീയ അസംബ്ലിയിൽ നിന്ന് വിട്ടുനിന്നു. ഇന്ത്യയും അമേരിക്കയും ചേർന്ന് തന്റെ സർക്കാരിനെ വീഴ്‌ത്താൻ ശ്രമിക്കുന്നുവെന്ന ആരോപണം ഇമ്രാൻ ഉയർത്തിയിരുന്നു. ഇന്ത്യാ വിരുദ്ധ വികാരം ഉയർത്തി ജനവികാരം അനുകൂലമാക്കാനായിരുന്നു ഇത്. എന്നാൽ സുപ്രീംകോടതിയുടെ ഇടപെടൽ കാരണം അതു നടന്നില്ല. അങ്ങനെ കാലാവധി പൂർത്തിയാക്കാതെ പാക്കിസ്ഥാനിൽ ഒരു പ്രധാനമന്ത്രി കൂടി രാജിവയ്ക്കുന്നു. ചരിത്രം വീണ്ടും ആവർത്തിക്കുകയാണ് ഇവിടെ.
പാക്കിസ്ഥാന് ക്രിക്കറ്റ് വികാരമാണ്. അതു തന്നെയാണ് പാക്കിസ്ഥാനിലെ ഇമ്രാന്റെ പ്രസക്തിയും. പാക്കിസ്ഥാന് ലോക കിരീടം നൽകിയ പാക് ടീമന്റെ നായകൻ. ബൗളു കൊണ്ടും ബാറ്റും കൊണ്ട് വിസ്മയ വിജയങ്ങൾ നൽകിയ ഓൾറൗണ്ടർ. ഇന്ത്യയിൽ നിറയെ ആരാധകരും സുഹൃത്തുക്കളുമുണ്ടായിരുന്ന ഇമ്രാൻ. എന്നാൽ അധികാരത്തിലെത്തിയ ഇമ്രാൻ കാട്ടിയത് മാന്യതയായിരുന്നില്ല. എങ്ങനേയും ഇന്ത്യയെ തകർക്കുകയെന്നതു മാത്രമായിരുന്നു ലക്ഷ്യം. ഇതിനുള്ള വിലയാണ് ഈ പുറത്താകൽ.
വോട്ടെടുപ്പിന് തൊട്ടുമുൻപ് അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജി വെച്ചിരുന്നു. നാടകീയമായ രംഗങ്ങൾക്കാണ് പാക്കിസ്ഥാൻ വേദിയായത്. ഇമ്രാൻ വീട്ടുതടങ്കലിലാണെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 11-ന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും. ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകുമെന്നാണ് സൂചന. ഇന്ത്യയുമായി ഏറെ അടുപ്പമുള്ള നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ്. ഷെരീഫിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോലും നേരത്തെ പാക്കിസ്ഥാനിൽ പറന്നിറങ്ങിയത്. ഇമ്രാൻ വന്നതോടെ ചൈനയെ കൂട്ടു പിടിച്ച് ഇന്ത്യയെ തകർക്കാൻ ശ്രമിച്ചു. എന്നാൽ നിർണ്ണായക ഘട്ടത്തിൽ ചൈനയുടെ പിന്തുണ ഇമ്രാന് കിട്ടിയതുമില്ല.
റഷ്യയേയും ചൈനയേയും കൂടെ കൂട്ടി പാക്കിസ്ഥാനിലെ എല്ലാ പ്രതിസന്ധിയേയും മറികടക്കാനായിരുന്നു ഇമ്രാന്റെ ശ്രമം. യുക്രെയിൻ യുദ്ധം തുടങ്ങുമ്പോൾ ഇമ്രാൻ റഷ്യയിൽ എത്തിയതും അതിനായിരുന്നു. എന്നാൽ ഇന്ത്യയോടാണ് താൽപ്പര്യമെന്ന് റഷ്യ വ്യക്തമാക്കി. ചൈനീസ് മന്ത്രിയും ഇതേ സമയം ഇന്ത്യയിൽ പറന്നെത്തി. ഇതോടെ ചൈനയും റഷ്യയും തനിക്കൊപ്പമില്ലെന്ന് ഇമ്രാൻ തിരിച്ചറിഞ്ഞു. ഇതിന് ശേഷം ജനവികാരം അനുകൂലമാക്കിയും തന്ത്രങ്ങളിലൂടേയും അധികാരത്തിൽ തുടരാൻ ശ്രമിച്ചു. പാർലമെന്റ് പിരിച്ചു വിട്ട് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ തിരിച്ചെത്താനായിരുന്നു ശ്രമം. അത് സുപ്രീംകോടതി അംഗീകരിച്ചില്ല.
നേരത്തേ വിദേശ ഗൂഢാലോചന ആരോപിക്കുന്ന കത്ത് പാക്കിസ്ഥാൻ സർക്കാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുൻപാകെ സമർപ്പിച്ചിരുന്നു. അവിശ്വാസ വോട്ടെടുപ്പ് നടക്കാത്തതിനെത്തുടർന്ന് അർധരാത്രി സുപ്രീം കോടതി പ്രത്യേക സിറ്റിങ്ങിനായി തുറന്നിരുന്നു. ഇതിനുശേഷമാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. പാക്കിസ്ഥാനിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥനും അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് സർക്കാർ ഉത്തരവിട്ടതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈന്യവും ഇമ്രാനെ പിന്തുണച്ചില്ലെന്നതാണ് വസ്തുത.
അർധരാത്രി കഴിഞ്ഞും നീണ്ട രാഷ്ട്രീയനാടകത്തിനൊടുവിൽ നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിലാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധികാരത്തിൽ നിന്ന് പുറത്തായത്. ഭരണകക്ഷി അംഗങ്ങൾ വിട്ടുനിന്ന വോട്ടെടുപ്പിൽ 174 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനൽ അസംബ്ലിയിൽ 172 വോട്ടാണു വേണ്ടിയിരുന്നത്. അവിശ്വാസപ്രമേയം പാസായി മിനിറ്റുകൾക്കകം ഇമ്രാൻ ഔദ്യോഗികവസതി ഒഴിഞ്ഞു. വോട്ടെടുപ്പിനു തൊട്ടുമുൻപ് നാഷനൽ അസംബ്ലി സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും രാജിവച്ചതിനെത്തുടർന്ന് ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്.
അവിശ്വാസ പ്രമേയ നടപടികൾക്കായി ഇന്നലെ രാവിലെ പാർലമെന്റ് ചേർന്നെങ്കിലും വോട്ടെടുപ്പു നടത്താതെ സമ്മേളനം രാത്രി വരെ വലിച്ചുനീട്ടുകയായിരുന്നു. രാത്രി 9നു ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം ഇമ്രാൻ ഖാൻ രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു പിരിഞ്ഞു. അതിനിടെ, സേനാ മേധാവി ഖമർ ജാവേദ് ബജ്വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് പാർലമെന്റിനു പുറത്ത് സൈനികവ്യൂഹം നിരന്നു.
വോട്ടെടുപ്പിനു സഭാ സ്പീക്കർ അനുവദിക്കാത്തതിനെത്തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമർ ബന്ദ്യാൽ അർധരാത്രി പ്രത്യേക സിറ്റിങ്ങിനു കോടതി തുറക്കാൻ നിർദ്ദേശം നൽകി. സൈന്യത്തിന്റെയും സുപ്രീം കോടതിയുടെയും നിർണായക ഇടപെടലോടെ, അവിശ്വാസപ്രമേയ വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള ഇമ്രാന്റെ തന്ത്രം പാളി.
രാവിലെ പത്തരമുതൽ 14 മണിക്കൂർ നീണ്ട രാഷ്ട്രീയനാടകത്തിനാണ് ഇതോടെ വിരാമമായത്. രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷ എതിർപ്പുകളെ അവഗണിച്ച് ഇമ്രാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫിന്റെ (പിടിഐ) മന്ത്രിമാർ നീണ്ട പ്രസംഗങ്ങളുമായി നടപടികൾ നീട്ടിക്കൊണ്ടുപോയി. പകൽ പലപ്പോഴായി നാലു തവണ സഭ നിർത്തിവച്ചു. രാത്രി എട്ടിനു ദേശീയ അസംബ്ലി വീണ്ടും ചേരുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ