- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നിങ്ങൾ എന്താണ് കരുതിയത്? ഞങ്ങൾ അടിമകളാണെന്നോ? ഇന്ത്യയ്ക്ക് ഇത്തരമൊരു കത്തെഴുതാൻ തയ്യാറാകുമോ'; യുഎനിൽ റഷ്യയ്ക്കെതിരെ നിലപാടെടുക്കാൻ പാക്കിസ്ഥാനെ നിർബന്ധിച്ചതിൽ പ്രതികരിച്ച് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: യുക്രൈനിലെ സൈനിക നടപടിയിൽ റഷ്യയ്ക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ നിലപാടെടുക്കാൻ പാക്കിസ്ഥാനെ നിർബന്ധിച്ച വിദേശ നയതന്ത്ര പ്രതിനിധികളെ വിമർശിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക്കിസ്ഥാനെ അടിമയായാണ് പടിഞ്ഞാറൻ രാജ്യങ്ങൾ കണക്കാക്കുന്നതെന്ന് ഇമ്രാൻ കുറ്റപ്പെടുത്തി.
ഇമ്രാൻ ഖാന്റെ വാക്കുകൾ ഇങ്ങനെ ' നിങ്ങൾ ഞങ്ങളെ കുറിച്ച് എന്താണ് വിചാരിച്ചിരിക്കുന്നത്? പാക്കിസ്ഥാൻ നിങ്ങളുടെ അടിമയാണെന്നാണോ? നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ ചെയ്യണമെന്നുണ്ടോ? ഇത്തരമൊരു കത്ത് നിങ്ങൾ ഇന്ത്യയ്ക്ക് അയച്ചോ? ഇന്ത്യയും റഷ്യയ്ക്കെതിരായ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതാണല്ലോ. ഇതിന് മുൻപ് അഫ്ഗാനിലെ പാശ്ചാത്യ നാറ്റോ സഖ്യത്തെ പിന്തുണച്ചതിലൂടെ ഒരുപാട് ദുരിതം അനുഭവിച്ച ചരിത്രമുണ്ട്. അന്ന് നന്ദിക്ക് പകരം വിമർശനങ്ങളാണ് ലഭിച്ചത്' ഇമ്രാൻ ഖാൻ പറഞ്ഞു.
റഷ്യയുടെ ആക്രമണത്തെ അപലപിച്ച് യുഎൻ പൊതുസഭയിലെ പ്രമേയത്തെ പിന്തുണയ്ക്കാനാണ് പാക്കിസ്ഥാനോട് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് 22 നയതന്ത്ര തലവന്മാർ കത്തും അയച്ചു. പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.
യൂറോപ്യൻ യൂണിയൻ, ജപ്പാൻ, സ്വിറ്റ്സർലാൻഡ്, കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളാണ് റഷ്യയ്ക്കെതിരെ നിലപാടെടുക്കാൻ ആവശ്യപ്പെട്ട് പാക്കിസ്ഥാനു കത്തെഴുതിയത്. നിഷ്പക്ഷ നിലപാട് അവസാനിപ്പിച്ച് റഷ്യക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കാനായിരുന്നു ആവശ്യം. ഇന്ത്യയും നിഷ്പക്ഷ നിലപാടാണ് എടുത്തതെന്നും ഈ രാജ്യങ്ങളൊന്നും കത്തയിച്ചില്ലെന്നും ഇമ്രാൻ പറഞ്ഞു.
അഫ്ഗാനിൽ നാറ്റോയെ പിന്തുണച്ചതിന്റെ പേരിൽ പാക്കിസ്ഥാന് ഒരുപാടു നഷ്ടങ്ങളുണ്ടായെന്ന് ഇമ്രാൻ ചൂണ്ടിക്കാട്ടി. 'ഞങ്ങൾ റഷ്യയുമായി സൗഹൃദത്തിലാണ്, ഞങ്ങൾ അമേരിക്കയുമായും ചൈനയുമായും യൂറോപ്പുമായും സൗഹൃദത്തിലാണ്. ഞങ്ങൾ പ്രത്യേകിച്ച് ഒരു ക്യാംപിലുമില്ല''- ഇമ്രാൻ പറഞ്ഞു. യുഎൻ പൊതുസഭയിലെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെടെ 34 രാജ്യങ്ങളാണ് വിട്ടുനിന്നത്.
പാക്കിസ്ഥാൻ എല്ലാ രാജ്യങ്ങളുമായും സൗഹൃദത്തിലാണെന്നും ഒരു ചേരിയിലേക്കും ഇല്ലാതെ നിഷ്പക്ഷമായി തുടരുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. എല്ലാവരുമായും ഒരുമിച്ച് പ്രവർത്തിച്ച് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. യുക്രൈനിൽ പ്രത്യേക സൈനിക നടപടിക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അനുമതി നൽകിയപ്പോഴുള്ള ഇമ്രാൻ ഖാന്റെ മോസ്‌കോ സന്ദർശനം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിൽ നിന്നും പാക്കിസ്ഥാൻ വിട്ടുനിന്നത്.




